ജഴ്‌സി തരാമെന്ന് സിദാന്‍, സഹോദരിയെ മതിയെന്ന് മറ്റരാസി, അന്ന് സംഭവിച്ചത് ഇതാണ്
2006ലെ ഫുട്‌ബോള്‍ ലോകപ്പ് ഫൈനല്‍ ഇന്നും ലോകത്തിന് മറക്കാന്‍ കഴിയാത്തതൊരു നോവാണ്. ഫ്രാന്‍സും ഇറ്റലിയും തമ്മില്‍ ഏറ്റുമുട്ടുന്നതിനിടെയായിരുന്നു അത് സംഭവിച്ചത്. കളിക്കിടെ ഫ്രഞ്ച് സൂപ്പര്‍ താരം സിനദീന്‍ സിദാനോട് ഇറ്റാലിയന്‍ താരം മാര്‍ക്കോ മറ്റരാസി എന്തോ പിറുപിറുത്തു. കുപിതനായ സിദാന്‍ മറ്റരാസിയെ തലകൊണ്ടിടിച്ച് നിലത്തിട്ടു.
പിന്നാലെ റഫറി സിദാനെ ചുവപ്പുകാര്‍ഡ് കാട്ടി പുറത്താക്കി. സിദാന്റെ അഭാവത്തില്‍ ഫ്രാന്‍സ് പരാജയം ഏറ്റുവാങ്ങി. ഗോള്‍ഡന്‍ ബൂട്ട് ലഭിക്കാനുള്ള സാധ്യതപോലും സിദാന്‍ കൈവിട്ടു. കുപ്രസിദ്ധമായ ആ ഇടിക്കു പിന്നിലെ സംഭവം വിവരിച്ചിരിക്കുകയാണ് മറ്റരാസി ഇപ്പോള്‍.
സിദാന്റെ സഹോദരിയെക്കുറിച്ച് താന്‍ നടത്തിയ തീര്‍ത്തും മോശമായ ഒരു പരാമര്‍ശമാണ് അദ്ദേഹത്തെ പ്രകോപിപ്പിച്ചതെന്നാണ് മാറ്റരാസിയുടെ വെളിപ്പെടുത്തല്‍.
‘അദ്ദേഹത്തില്‍ നിന്ന് അങ്ങനെയൊരു നീക്കം ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. മത്സരത്തില്‍ ഞങ്ങള്‍ക്കിടയില്‍ കശപിശയുണ്ടാകുമെന്ന് എനിക്കുറപ്പായിരുന്നു. ഞാന്‍ എന്തിനും തയാറുമായിരുന്നു. പക്ഷേ, സംഭവിച്ച കാര്യങ്ങള്‍ എന്നെത്തന്നെ ആശ്ചര്യപ്പെടുത്തി. കാരണം, ഞങ്ങള്‍ രണ്ടുപേര്‍ക്കും ചുവപ്പുകാര്‍ഡ് ലഭിക്കേണ്ട ഒരു സംഭവമാണ് എന്റെ ഭാഗ്യം കൊണ്ട് സിദാന്റെ മാത്രം ചുവപ്പുകാര്‍ഡില്‍ ഒതുങ്ങിയത്’.
പ്രതിരോധ ശ്രമത്തിനിടയില്‍ മറ്റരാസി സിദാന്റെ ജഴ്‌സിയില്‍ പിടിച്ചു വലിച്ചിരുന്നു. ഇതു പലതവണ ആവര്‍ത്തിച്ചതോടെ സിദാന്‍ പ്രകോപിതനായി. മത്സരശേഷം ആ ജഴ്‌സി തന്നെ നല്‍കിയേക്കാമെന്ന് മറ്റരാസിയോടു പറഞ്ഞു. എന്നാല്‍ ‘ജഴ്‌സി വേണ്ട, സഹോദരിയെ മതി’യെന്ന മറ്റരാസിയുടെ പരാമര്‍ശമാണ് സൂപ്പര്‍താരത്തിന്റെ നിയന്ത്രണം നഷ്ടമാക്കിയതെന്നാണ് പുതിയ വെളിപ്പെടുത്തല്‍.
ലോകകപ്പ് ഫൈനലിനുശേഷം ഫുട്‌ബോളില്‍നിന്ന് വിരമിച്ച സിദാന്‍ നിലവില്‍ സ്പാനിഷ് വമ്പന്‍മാരായ റയല്‍ മഡ്രിഡിന്റെ പരിശീലകനാണ്.