ലോക ക്രിക്കറ്റില്‍ ‘കൊലപാതകത്തിന്’ നിയോഗിക്കപ്പെട്ട ആദ്യ വ്യക്തി

ധനേഷ് ദാമോദരന്‍
ആദ്യ രണ്ട് കളികള്‍ ജയിച്ചിട്ടും മാര്‍ട്ടിന്‍ ക്രോ അന്ന് ആശങ്കാകുലനായിരുന്നു. അയാളുടെ തലയിലൂടെ ചിന്തകള്‍ ഓടുകയായിരുന്നു .മാസങ്ങള്‍ക്ക് മുമ്പ് താനുണ്ടാക്കിയ ബ്ലൂ പ്രിന്റില്‍ അവിചാരിതമായ ഒരു മാറ്റം ഉണ്ടാക്കേണ്ട അവസ്ഥ അയാളെ ചിന്താകുലനാക്കി .അടുത്ത മത്സരം അലന്‍ ഡൊണാള്‍ഡ് ഉള്‍പ്പെടുന്ന കരുത്തരായ ദക്ഷിണഫ്രിക്കയോടാണ്. ഒരു തോല്‍വി തന്റെയും ടീമിന്റേയും ആത്മവിശ്വാസത്തിന് പരിക്കേല്‍പ്പിക്കുമെന്ന് അയാള്‍ക്ക് നല്ല ബോധ്യമുണ്ടായിരുന്നു .
തന്റെ ടീമിലെ ഏറ്റവും പരിചയ സമ്പന്നനും കഴിഞ്ഞ മത്സരത്തില്‍ 76 പന്തില്‍ 57 റണ്‍സ് നേടി നിര്‍ണായകമായ സംഭാവനകള്‍ നല്‍കിയതുമായ ഓപ്പണര്‍ ജോണ്‍ റൈറ്റിന്റെ പരിക്കിന് പകരം ഒരു മറുമരുന്ന് അയാളുടെ കൈയ്യില്‍ ഇല്ലാത്ത അവസ്ഥ . പല മുഖങ്ങളിലൂടെ അയാളുടെ മനസ്സ് സഞ്ചരിച്ചു. തിരച്ചിലുകള്‍ക്കൊടുവില്‍ അയാളുടെ മനസ്സ് ഒരാളിലുടക്കി.
ലോകകപ്പിന് തൊട്ടുമുമ്പ് നടന്ന ഇംഗ്ലണ്ടിനെതിരായ സീരീസില്‍ 0 ,12, 4 ,10 ,5 എന്നിങ്ങനെ 5 മാച്ചില്‍ 31 റണ്‍സ് മാത്രം നേടി ദയനീയ പ്രകടനം നടത്തിയ ഒരു മധ്യനിരക്കാരന്റേതായിരുന്നു ആ മുഖം. SS ടര്‍ബോ ബാറ്റേന്തി നില്‍ക്കുന്ന മീശക്കാരനില്‍ ക്രോ വിശ്വാസമര്‍പ്പിച്ചതോടെ പിന്നീട് സംഭവിച്ചത് ചരിത്രമായിരുന്നു .
ആ ഒരൊറ്റ തീരുമാനം കളിക്കത്തിന്അപ്പുറത്തേക്ക് കാര്യങ്ങളെ കൊണ്ടെത്തിച്ചു .ആ ലോകകപ്പ് അവസാനിക്കുമ്പോഴേക്കും എസ് എസ് ടര്‍ബോ ബാറ്റുകളുടെ വില്പനയില്‍ ഗംഭീര കുതിച്ചുചാട്ടം ആണ് ഉണ്ടാക്കിയത്.
കളര്‍ ഡ്രസ്സുകള്‍ ,ഡേ നൈറ്റ് മാച്ചുകള്‍ ,വെള്ള പന്തുകള്‍, 15 ഓവറിലെ ഫീല്‍ഡിംഗ് നിയന്ത്രണങ്ങള്‍, സച്ചിന്‍ ലാറ ഇന്‍സമാം തുടങ്ങിയ പുത്തന്‍ താരോദയങ്ങളുടെ ആദ്യ ലോകകപ്പ് .ഓസ്‌ട്രേലിയയും ന്യൂസിലാന്‍ഡും സംയുക്തമായി ആതിഥേയത്വം വഹിച്ച അഞ്ചാമത്തെ ലോകകപ്പ് എഡിഷന്‍ എല്ലാംകൊണ്ടും വ്യത്യസ്തമായിരുന്നു .
തന്റെ നാട്ടില്‍ നടക്കുന്ന ലോകകപ്പ് ലക്ഷ്യംവെച്ച് കൗശലക്കാരനായ ക്രോ മാസങ്ങള്‍ക്കു മുമ്പേ തന്നെ തന്ത്രങ്ങള്‍ മെനഞിരുന്നു. ആതിഥേയരായ ന്യൂസിലന്‍ഡിന് ചാമ്പ്യന്‍ഷിപ്പില്‍ വലിയ സാധ്യതകള്‍ ആരും കല്‍പ്പിച്ചിരുന്നില്ല . എല്ലാ ടീമുകളും പരസ്പരം ഏറ്റുമുട്ടി ഏറ്റവും കൂടുതല്‍ പോയിന്റ് വരുന്നവര്‍ സെമിയിലെത്തുന്ന രീതി ആയതുകൊണ്ടുതന്നെ നാട്ടിലെ പിച്ച് കണ്ടീഷനും മറ്റു മുഴുവന്‍ ആനുകൂല്യങ്ങളും മുതലാക്കി 70% കളികളും ജയിച്ചാല്‍ സെമിയിലെത്താന്നും പിന്നീടുള്ള രണ്ടേ രണ്ടു മാച്ചുകള്‍ വിജയിച്ചാല്‍ തങ്ങള്‍ ലോക ചാമ്പ്യന്മാര്‍ ആകുമെന്ന ബോധം മാര്‍ട്ടിന്‍ ക്രോയെ ഇരുത്തി ചിന്തിപ്പിച്ചു.
പക്ഷെ അതു സംഭവിക്കണമെങ്കില്‍ മറ്റു ടീമുകളില്‍ നിന്നും വ്യത്യസ്തമായി എന്തെങ്കിലും ചെയ്താലേ പറ്റു എന്ന് മനസ്സിലാക്കിയ ക്രോ യുടെ തലച്ചോറ് ഒരു ബ്‌ളൂ പ്രിന്റിലേക്ക് തിരിഞ്ഞു .ബാറ്റിംഗില്‍ ആന്‍ഡ്രൂ ജോണ്‍സ് ,ജോണ്‍ റൈറ്റ്, കെന്‍ റുതര്‍ഫോര്‍ഡുമാരുടെ ദൗര്‍ബല്യങ്ങള്‍ മറികടക്കാന്‍ ടീമിന്റെ നട്ടെല്ലാകാന്‍ ക്രോ സ്വയം തീരുമാനിച്ചപ്പോള്‍ റോഡ് ലാഥം,വില്ലി വാട്‌സണ്‍ , ക്രിസ് ഹാരിസ് ,ഗവിന്‍ ലാര്‍സണ്‍ തുടങ്ങിയ സ്ലോ ബൗളര്‍മാരെ വെച്ച് പിച്ചിന് അനുയോജ്യമായ തന്ത്രം മെനഞ്ഞ് ക്രോ എതിരാളികളെ പൂട്ടാന്‍ തയ്യാറാക്കി .ഡിബ്‌ളി – ഡോബ്‌ളി വിബ്ലി- വോബ്‌ളി ബൗളിങ്ങിനെ നേരിടാന്‍ ബാറ്റ്‌സ്മാന്‍മാര്‍ വല്ലാതെ ബുദ്ധിമുട്ടി.
തന്റെ സ്പിന്നര്‍ ആയ കെനിയന്‍ വംശജന്‍ ദീപക് പട്ടേലിനെ ഉപയോഗിച്ച രീതിയായിരുന്നു ലോകത്തെ ഏറ്റവും ഞെട്ടിച്ചത്. ടൂര്‍ണമെന്റിന്റെ ഉദ്ഘാടന മത്സരത്തില്‍ തന്നെ ക്രോ സസ്‌പെന്‍സ് പുറത്തെടുത്തു . ലോകചാമ്പ്യന്മാരായ ആസ്‌ട്രേലിയ ന്യൂസിലാന്‍ഡിനെതിരെ ചേസിങ്ങിന് എത്തിയപ്പോള്‍ ലോകത്തെ ഞെട്ടിച്ചു ഏകദിന ക്രിക്കറ്റിലെ ചരിത്രത്തിലാദ്യമായി ഒരു സ്പിന്‍ ബൗളര്‍ ന്യൂ ബോള്‍ എടുക്കുന്നത് കണ്ട നിമിഷങ്ങള്‍ .
10 ഓവറില്‍ വെറും 36 റണ്‍സ് വഴങ്ങി അലന്‍ ബോര്‍ഡറുടെ വിക്കറ്റെടുത്ത ദീപക് പട്ടേല്‍ മാച്ചില്‍ തുടക്കംമുതലേ ആസ്‌ട്രേലിയയുടെ സമനില തെറ്റിച്ചു. ക്രോയുടെ അപ്രതീക്ഷിത നീക്കത്തില്‍ പകച്ച ആസ്‌ട്രേലിയ ന്യൂസിലാന്‍ഡിന് 37 റണ്‍സ് വിജയം സമ്മാനിച്ചപ്പോള്‍ ആ മത്സരത്തില്‍ സെഞ്ച്വറി നേടിയ ക്രോയുടെ എല്ലാ നീക്കങ്ങളും അയാള്‍ വിചാരിച്ചത് പോലെ തന്നെയായിരുന്നു സംഭവിച്ചത്.
ആ ഒരൊറ്റ മത്സരത്തോടെ ന്യൂസിലന്‍ഡിന് സംഭവിച്ച മാറ്റം അതിശയകരമായിരുന്നു. രണ്ടാം മാച്ചില്‍ ലങ്കക്കെതിരെ അനായാസ വിജയം നേടിയ മത്സരത്തില്‍ പക്ഷേ ഓപ്പണര്‍ ജോണ്‍ റൈറ്റിന് പരിക്ക് പറ്റിയത് കിവീസിനെ തിരിച്ചടിയായി .ഇരുത്തി ചിന്തിച്ച് ക്രോ യ്ക്ക് മുന്നിലെ ഓപ്ഷന്‍ മധ്യനിരയില്‍ ബാറ്റ് ചെയ്യുന്ന തീരെ ഫോമിലല്ലാത്ത ഗ്രേറ്റ് ബാച്ച് മാത്രമായിരുന്നു. ഗ്രേറ്റ് ബാച്ചിനെ ഓപ്പണര്‍ ആക്കുന്നതിനൊപ്പം തന്നെ ക്രോ ഒരു നിഗൂഢത തന്ത്രവും മെനഞ്ഞു .
ക്രോ യും കോച്ച് വാറന്‍ ലീസും ഗ്രേറ്റ് ബാച്ചിനോട് പറഞ്ഞു.
‘ Let there be Sixes’ .
പിന്നെ ആ ടൂര്‍ണ്ണമെന്റില്‍ കണ്ടത് ഗ്രേറ്റ് ബാച്ചിന്റെ സിക്‌സര്‍ മഴയായിരുന്നു.
ക്രോ എന്ന ബുദ്ധി രാക്ഷസന്റ ആശയം ലോക ക്രിക്കറ്റില്‍ ഒരു സ്‌ഫോടനാത്മകമായ വിപ്ലവത്തിനാണ് വഴിതെളിച്ചത്. പിന്നീടുള്ള കാലങ്ങളില്‍ ക്രിക്കറ്റ് ലോകം കണ്ടത് പിഞ്ച് ഹിറ്റര്‍മാരുടെ ഒരു നീണ്ടനിര തന്നെയായിരുന്നു.
ന്യൂസീലന്‍ഡിലെ ചെറിയ ഗ്രൗണ്ടുകളുടെ സവിശേഷത മുതലെടുക്കാനുള്ള ആലോചനകള്‍ ആണ് പൊതുവേ പ്രതിരോധിച്ചു കളിക്കുന്ന മദ്ധ്യ നിരക്കാരനായ ഗ്രേറ്റ് ബാച്ചിനെ പിഞ്ച് ഹിറ്റര്‍ എന്ന വിശേഷണത്തിലേക്ക് വകഭേദം ചെയ്യിപ്പിച്ചത്. ആദ്യ 15 ഓവറിലെ ഫീല്‍ഡിങ് നിയന്ത്രണത്തെ പരിഹസിച്ച് ആഞ്ഞടിക്കാന്‍ ഉള്ള സര്‍വ്വ സ്വാതന്ത്ര്യം ക്രോ നല്‍കിയപ്പോള്‍ അത് രണ്ട് കൈയും നീട്ടി സ്വീകരിച്ച ഗ്രേറ്റ് ബാച്ച് എതിരാളികളെയും ജനക്കൂട്ടത്തെയും കമന്റേറ്റര്‍മാരെയും ഒരു പോലെ അമ്പരപ്പിച്ചു.
ഏകദിന ക്രിക്കറ്റില്‍ ആദ്യ 15 ഓവര്‍ മുതലെടുക്കാന്‍ മാത്രമായി ഇറങ്ങിത്തിരിച്ച ആദ്യ മനുഷ്യന്റെ ലോകകപ്പിലെ ആദ്യ മത്സരം കരുത്തരായ ദക്ഷിണാഫ്രിക്കക്കെതിരെ ആയിരുന്നു. അലന്‍ ഡൊണാള്‍ഡ് ഉള്‍പ്പെടുന്ന പേസ് ആക്രമണത്തെ തികച്ചും ഒരു സാധാരണ ക്ലബ്ബ് ടീമിനെതിരെ എന്നപോലെയാണ് ഗ്രേറ്റ് ബാച്ച് തോന്നിപ്പിച്ചത്. 60 പന്തില്‍ 9 ഫോറുകളും 2 സിക്‌സറുകളും അടക്കം 113.33 ശരാശരിയില്‍ 68 റണ്‍സ് എടുത്തു മിന്നും പ്രകടനം കാഴ്ചവെച്ച ഗ്രേറ്റ് ബാച്ച് തുടക്കംമുതല്‍ ടീമിന് മേധാവിത്വം നല്‍കി. സൗത്താഫ്രിക്കയുടെ 190 എന്ന സ്‌കോര്‍ 34 ഓവറില്‍ കിവീസ് മറികടന്നു .
ഏറ്റവും ശ്രദ്ധേയമായത് ഗ്രേറ്റ് ബാച്ച് തന്റെ ഓപ്പണിങ് പങ്കാളിയായ റോഡ് ലാതത്തില്‍ ചെലുത്തിയ സ്വാധീനം ആയിരുന്നു. 69 പന്തില്‍ 60 റണ്‍സ് നേടിയ ലാതമിനോപ്പം ആദ്യ 15 ഓവറില്‍ തന്നെ ഗ്രേറ്റ് ബാച്ച് ടീമിനെ 100 കടത്തിയിരുന്നു. ഡൊണാള്‍ഡ്, മാക്മില്ലന്‍, സ്‌നെല്‍ എന്നിവരെ നേരിട്ട ഗ്രേറ്റ് ബാച്ച് 2 സിക്‌സറുകള്‍ പറത്തിയതിന് പുറമെ മറ്റൊരു സിക്‌സര്‍ പോലും ആ കളിയില്‍ സംഭവിച്ചില്ല . കളിയിലെ കേമനും ക്രിക്കറ്റ് ലോകത്തിന് പുതുമ സമ്മാനിച്ച ഗ്രേറ്റ് ബാച്ച് തന്നെയായിരുന്നു. ഡിബ്‌ളി – വിബ്‌ളി സഖ്യം വീണ്ടും ബാറ്റ്‌സ്മാന്‍മാരെ ബുദ്ധിമുട്ടിച്ചപ്പോള്‍ ഓപ്പണിങ് പന്തെറിഞ്ഞ പട്ടേല്‍ 28 റണ്‍സ് മാത്രം വഴങ്ങി ഓപ്പണര്‍ ഹഡ്‌സന്റെ വിക്കറ്റെടുത്തു .ക്രോ യുടെ തന്ത്രങ്ങള്‍ ടീമിന് സമ്മാനിച്ചത് തുടര്‍ച്ചയായ മൂന്നാം വിജയമായിരുന്നു .
ഗ്രേറ്റ് ബാച്ചിന്റേത് ഒരു തുടക്കം മാത്രമായിരുന്നു .അടുത്ത മത്സരത്തില്‍ സിംബാബ് വെക്കെതിരെ 16 പന്തില്‍ 15 റണ്‍സെടുത്ത് പുറത്തായെങ്കിലും തൊട്ടടുത്ത മത്സരത്തില്‍ കരുത്തരായ വെസ്റ്റിന്‍ഡീസിനെതിരേ 203 റണ്‍സ് ചേസ് ചെയ്തപ്പോള്‍ ഗ്രേറ്റ് ബാച്ചിന്റെ വെടിക്കെട്ട് വീണ്ടും കണ്ടു .മാല്‍ക്കം മാര്‍ഷല്‍ , ആംബ്രോസ് അടങ്ങുന്ന ബൗളിങ് നിരക്കെതിരെ ആയിരുന്നു ഇത്തവണത്തെ പോരാട്ട വീര്യം .9 ഫോറും 3 സിക്‌സറുമടക്കം 77 പന്തില്‍ 63 റണ്‍സ് .ആ മത്സരത്തില്‍ ഗ്രേറ്റ് ബാച്ചിനെ കൂടാതെ ഒരു സിക്‌സര്‍ നേടിയത് വിന്‍ഡീസ് ഓപ്പണര്‍ ഹെയിന്‍സ് മാത്രമായിരുന്നു.
വേഗത്തിന്റെ പര്യായമായ മാല്‍ക്കം മാര്‍ഷലിനെതിരെ എക്‌സ്ട്രാ കവറിനു മുകളിലൂടെ പറത്തിയ സിക്‌സര്‍ വേള്‍ഡ് കപ്പിലെ തന്നെ സുവര്‍ണ നിമിഷമായിരുന്നു. ആംബ്രോസിന്റെ പന്തില്‍ മിസ്സ് ഹിറ്റ് ഗാലറിയിലേക്ക് പറന്നപ്പോള്‍ അംബ്രോസ് ചിരിക്കുകയായിരുന്നു.
‘Fortune favours the brave’ ഒരു കമന്റേറ്റര്‍ പറയുന്നുണ്ടായിരുന്നു.
81 പന്തില്‍ 81 റണ്‍സ് അടിച്ച് മാര്‍ട്ടിന്‍ ക്രോ മുന്നില്‍ നിന്ന് നയിച്ച നായകനായപ്പോള്‍ ന്യൂസിലണ്ട് വിജയങ്ങളുടെ തുടര്‍ച്ചയാണ് അവിടെയും കണ്ടത് .ദീപക് പട്ടേല്‍ ഓപ്പണിങ് പന്തെറിഞ്ഞ് 10 ഓവറില്‍ രണ്ട് മെയ്ഡന്‍ അടക്കം നല്‍കിയത് 19 റണ്‍സ് മാത്രമായിരുന്നു കൂടാതെ ഹൂപ്പറിന്റെ നിര്‍ണായക വിക്കറ്റും. ഡിബ്ലി- വിബ്ലിയു സഖ്യം വീണ്ടും ഫലപ്രദമായി റണ്ണൊഴുക്ക് തടയുകയും ചെയ്തു.
ഗ്രേറ്റ് ബാച്ചിന്റെ അടുത്ത വിസ്‌ഫോടനം ഇന്ത്യയ്‌ക്കെതിരായ മത്സരത്തിലായിരുന്നു .സച്ചിന്‍ ടെണ്ടുല്‍ക്കര്‍ 84 റണ്‍സ് നേടി ഇന്ത്യയെ 230 ലെത്തിച്ചപ്പോള്‍ സ്പിന്നിനെതിരെ നന്നായി കളിക്കുന്ന ഇന്ത്യക്കെതിരെ പോലും ക്രോ പട്ടേലിനെ കൊണ്ട് ബൗളിംഗ് ഓപ്പണ്‍ ചെയ്യുകയുണ്ടായി. പട്ടേല്‍ വഴങ്ങിയത് വെറും 29 റണ്‍സ് നേടിയതാകട്ടെ ശ്രീകാന്തിന്റെയും അസ്ഹറുദ്ദീന്റേയും വിലയേറിയ വിക്കറ്റുകളും .തുടക്കം മുതല്‍ തച്ചു തകര്‍ത്ത ഗ്രേറ്റ് 73 പന്തില്‍ 77 റണ്‍സും നേടി രണ്ടാം വിക്കറ്റായി മടങ്ങുമ്പോഴും സ്‌കോര്‍ 118 ലെത്തിയിരുന്നു .5 ഫോറുകള്‍ നേടിയ ഗ്രേറ്റ് ബാച്ച് ഇക്കുറി പന്തിനെ ഗ്യാലറിയില്‍ എത്തിച്ചത് 4 തവണ ആയിരുന്നു .ഇത്തവണ ന്യൂസിലന്‍ഡ് നാല് വിക്കറ്റിന് ജയിച്ചപ്പോള്‍ വീണ്ടും കളിയിലെ കേമന്‍ ഗ്രേറ്റ് ബച്ച് തന്നെയായി.
ടൂര്‍ണമെന്റിലെ ഫേവറേറ്റുകളായ ഇംഗ്ലണ്ടിനെതിരെയും ഗ്രേറ്റ് ബാച്ച് തിളങ്ങി . 200 റണ്‍സെടുത്ത ഇംഗ്ലണ്ടിനെതിരെ കിവീസ് 40 ഓവറില്‍ ജയിച്ചപ്പോള്‍ 37 പന്തില്‍ ഗ്രേറ്റ് ബാച്ച് 35 റണ്‍സ് നേടി തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത് .ഒരു സിക്‌സര്‍ പറപ്പിച്ച ഗ്രേറ്റ് ബാച്ച് മുന്നില്‍ നിന്ന് നയിക്കുകയും വീണ്ടും ഡിബ്ലി- വിബ്ലി ബൗളിംഗ് പ്രകടനവും പട്ടേലിന്റെ സ്പിന്‍ ആക്രമണവും കിവീസിനെ വീണ്ടും വിജയവഴിയില്‍ തന്നെ എത്തിച്ചു. പത്ത് ഓവറില്‍ 26 റണ്‍ മാത്രം വഴങ്ങി ഓപ്പണര്‍മാരായ അലക് സ്റ്റുവര്‍ട്ടിനെയും ബോതമിനെയും മടക്കി ദീപക് പട്ടേല്‍ മികവ് തുടര്‍ന്നു .
പാകിസ്താനെതിരായ ഗ്രൂപ്പ് മത്സരത്തില്‍ ഏഴുവിക്കറ്റിന് തോറ്റപ്പോള്‍ ന്യൂസിലാന്‍ഡിന് 166 റണ്‍സ് മാത്രമാണ് നേടാനായത് .പക്ഷേ ടോപ് സ്‌കോറര്‍ 67 പന്തില്‍ 42 റണ്‍സ് നേടിയ ഗ്രേറ്റ് ബാച്ച് തന്നെയായിരുന്നു. 5 ഫോര്‍ നേടിയ ഗ്രേറ്റ് ബാച്ച് ഒരു സിക്‌സറും പറത്തി . 10 ഓവര്‍ എറിഞ്ഞ് രണ്ടു മെയ്ഡനടക്കം 25 റണ്‍സ് മാത്രം വഴങ്ങിയ ദീപക് പട്ടേല്‍ ഇക്കുറിയും ബാറ്റ്‌സ്മാന്‍മാരെ പരീക്ഷിച്ചു . മത്സരത്തില്‍ ഒമ്പത് പേരെ പന്തെറിയിപ്പിച്ച് ക്രോ പുതിയ പരീക്ഷണം നടത്തിയെങ്കിലും പാക്ക് വിജയം തടയാനായില്ല. ക്രോയും വിക്കറ്റ് കീപ്പര്‍ ഇയാന്‍ സ്മിത്തും ഒഴികെ ന്യുസിലണ്ടിന്റെ എല്ലാവരും പന്തെറിഞ്ഞു .ഒരു ഓവര്‍ പന്തെറിയാന്‍ അവസരം കിട്ടിയ ഗ്രേറ്റ് ബാച്ച് 5 റണ്‍സ് വഴങ്ങി .ആ മത്സരത്തില്‍ പാകിസ്ഥാന്‍ 167 റണ്‍സ് വിജയിച്ചപ്പോള്‍ 119 റണ്‍സും നേടിയത് ഓപ്പണ്‍ റമീസ് രാജ ആയിരുന്നു .44 ഓവര്‍ പിന്നിടുമ്പോഴേക്കും 155 പന്തുകള്‍ ആണ് റമീസ് രാജ ഫേസ് ചെയ്തത് എന്നത് കൗതുകകരമായ കാര്യം ആയിരുന്നു. Dhanam Cric
സെമിയില്‍ 50 ഓവറില്‍ ടൂര്‍ണമെന്റ്‌ലെ മികച്ച സ്‌കോറായ 262 റണ്‍സ് നേടിയിട്ടും ക്രോയ്ക്കും കിവീസിനും വേദനയോടെ മടങ്ങേണ്ടി വന്നു .അന്ന് വസിം അക്രമിന്റെ പന്ത് ബാക്ക് ഫൂട്ടില്‍ സ്‌ക്വയര്‍ കട്ട് ചെയ്ത് പോയന്റിനു മുകളിലൂടെ നേടിയ സിക്‌സര്‍ കണ്ട് ക്രിക്കറ്റ് ലോകം അന്ധാളിച്ചു. 22 പന്തില്‍ 17 റണ്‍സെടുത്ത ഗ്രേറ്റ് ബാച്ച് മറ്റൊരു ദുരന്തത്തിലും പങ്കാളിയായി. 83 പന്തില്‍ 7 ഫോറും 3 സിക്‌സറുമടക്കം 91 റണ്‍സ് അടിച്ച് പടനയിച്ച ക്രോ സലിം മാലിക്കിന്റെ ത്രോയി റണ്ണൗട്ടാകുമ്പോള്‍ പരിക്കേറ്റ ക്രോയുടെ റണ്ണര്‍ ഗ്രേറ്റ് ബാച്ച് ആയിരുന്നു .
ചേസിങ്ങില്‍ ക്യാപ്റ്റന്‍ ക്രോ മൈതാനത്തില്ലാത്തതിന്റെ ഏറ്റവും വലിയ ഉദാഹരണമായിരുന്നു ദീപക് പട്ടേലിന്റെ ടൂര്‍ണമെന്റിലെ ഒരേ ഒരു മോശം പോലും പ്രകടനം . അമീര്‍ സുഹൈലിന്റെ വിക്കറ്റെടുത്തുവെങ്കിലും10 ഓവറില്‍ 50 റണ്‍സ് പട്ടേല്‍ വഴങ്ങി .മറ്റൊരു മികച്ച ബൗളര്‍ ക്രിസ് ഹാരിസ് 10 ഓവറില്‍ 72 റണ്‍സ് ആണ് വഴങ്ങിയത് .ആറാമനായി ഇറങ്ങി 37 പന്തില്‍ 60 റണ്‍സടിച്ച് ഇന്‍സമാം പട നയിച്ചപ്പോള്‍ ഓക്ലന്‍ഡില്‍ ക്രോയും കൂട്ടരും കണ്ണീരൊഴുക്കി .
നഷ്ടം ക്രോയുടേത് മാത്രമല്ല ഗ്രേറ്റ് ബച്ചിന്റേത് കൂടിയായിരുന്നു . ടൂര്‍ണമെന്റിലെ 9 മാച്ചില്‍ 44.83 ശരാശരിയില്‍ റണ്‍സടിച്ച ഗ്രേറ്റ് ബാച്ചിന്റെ പ്രഹരശേഷി 87.5 ആയിരുന്നു. 360 പന്തില്‍ 313 റണ്‍സ് നേടിയ ഗ്രേറ്റ് ബാച്ച് ടൂര്‍ണമെന്റ്‌ലെ റണ്‍ വേട്ടക്കാരില്‍ പത്താമന്‍ ആയിരുന്നുവെങ്കിലും ഏറ്റവുമധികം ശ്രദ്ധേയരായ കളിക്കാരില്‍ ഏറ്റവും മുന്നിലായിരുന്നു . പ്രഹര ശേഷിയില്‍ ഗ്രേറ്റ് ബാച്ച് നായകന്‍ ക്രോയ്ക്ക് മാത്രമായിരുന്നു പിറകില്‍ .
റണ്‍വേട്ടയില്‍ ആദ്യ 25 പേരില്‍ 75 ന് മുകളില്‍ പ്രഹരശേഷി പുലര്‍ത്തിയത് ഇവര്‍ ഒഴികെ 5 പേര്‍ മാത്രമായിരുന്നു .32 ഫോറുകള്‍ നേടിയ ഗ്രേറ്റ് ബാച്ച് ഗ്യാലറിയില്‍ എത്തിച്ചത് 13 എണ്ണം പറഞ്ഞ സിക്‌സറുകള്‍ ആയിരുന്നു .രണ്ടാമനായ മാര്‍ട്ടിന്‍ ക്രോയ്ക്ക് 6 സിക്‌സറുകള്‍ മാത്രമാണ് നേടാനായത് .ടൂര്‍ണ്ണമെന്റില്‍ കളിച്ച മറ്റൊരു താരത്തിന് പോലും അഞ്ചില്‍ കൂടുതല്‍ സിക്‌സറുകള്‍ നേടാനായില്ല എന്നത് തന്നെ ഗ്രേറ്റ് ബാച്ച് ടൂര്‍ണമെന്റിലുണ്ടാക്കിയ പ്രഭാവത്തിന്റെ ഉത്തമ ഉദാഹരണമായിരുന്നു.
ഇതൊക്കെ ആണെങ്കിലും യഥാര്‍ത്ഥത്തില്‍ ,സ്വാഭാവികമായ ഒരു ആക്രമണ മുഖത്തിന് ഉടമയാണോ ഗ്രേറ്റ് ബാച്ച് എന്ന് ചോദിച്ചാല്‍ അല്ല എന്നു പറയേണ്ടിവരും .ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച സ്ലോ ഇന്നിംഗ്‌സുകളില്‍ ഒന്നിന്റെ പേരിലാണ് ഗേറ്റ് വെച്ച് ആദ്യമായി വാര്‍ത്തകളില്‍ നിറയുന്നത്. 1989 ല്‍ ആസ്‌ട്രേലിയക്കെതിരെ വാക്കയില്‍ നടന്ന ടെസ്റ്റില്‍ അസാമാന്യ പ്രകടനമാണ് ഗ്രേറ്റ് ബാച്ച് കാഴ്ചവച്ചത്. 1986- 87 ല്‍ ആഭ്യന്തരക്രിക്കറ്റില്‍ 45 ലധികം ശരാശരിയില്‍ 681 റണ്‍സ് നേടി കിവീസ് ടീമിലെത്തിയ അയാള്‍ ടെസ്റ്റ് ക്രിക്കറ്റിന് പറ്റി ഒരു താരമായാണ് വളര്‍ന്നത് .
7 ടെസ്റ്റുകള്‍ കഴിഞ്ഞപ്പോള്‍ അയാളുടെ ആവറേജ് 77 ആയിരുന്നു. 1988ല്‍ ഈഡന്‍ പാര്‍ക്കില്‍ ഇംഗ്ലണ്ടിനെതിരെ അരങ്ങേറിയ ഗ്രേറ്റ് ബാച്ച് ആദ്യ ഇന്നിംഗ്‌സില്‍ അഞ്ചാമനായി ഇറങ്ങി 11 റണ്‍സിന് പുറത്തായെങ്കിലും രണ്ടാമിന്നിംഗ്‌സില്‍ ആ ടെസ്റ്റ് തന്റെത് മാത്രമാക്കി. 325 പന്തില്‍ 12 ബൗണ്ടറികള്‍ സഹിതം പുറത്താകാതെ നേടിയ 107 റണ്‍സ് അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ സെഞ്ചുറി എന്ന അപൂര്‍വ നേട്ടം കൈവരിക്കുന്നതിന് ഇടയാക്കി . വളരെ അപൂര്‍വ്വം താരങ്ങള്‍ ന്യുസിലണ്ട് താരങ്ങള്‍ക്ക് മാത്രമാണ് അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ച്വറി എന്ന നേട്ടമുള്ളത് . രണ്ടാം ടെസ്റ്റില്‍ നേടിയ 68 റണ്‍സ് അയാളെ തുടര്‍ന്ന് നടക്കുന്ന ഇന്ത്യന്‍ പര്യത്തില്‍ ടീമിന്റെ ഭാഗമാക്കുകയുണ്ടായി .
ആദ്യ ടെസ്റ്റില്‍ 14 റണ്‍സിന് പുറത്താക്കുകയും രണ്ടാമിന്നിംഗ്‌സില്‍ അയ്യൂബിനെ പന്തിനെ ജഡ്ജ് ചെയ്യാനാകാതെ മടങ്ങുകയും ചെയ്തതോടെ സ്പിന്നര്‍മാരെ സര്‍വൈവ് ചെയ്യാനുള്ള പുതിയ തന്ത്രം മെനഞ്ഞു അദ്ദേഹം .അവര്‍ക്കെതിരെ ആക്രമണം അഴിച്ചുവിട്ട അയാളുടെ ശൈലി വാങ്കഡെയില്‍ ഏതാണ്ട് വിജയിച്ചുവെങ്കിലും ശാസ്ത്രിക്കും ഹിര്‍വാനിക്കും മുന്‍പില്‍ വീണു .പക്ഷെ അയാള്‍ നേടിയ 46 ,31 റണ്‍സുകള്‍ നിര്‍ണായകം തന്നെയായിരുന്നു .
പഠിച്ച പാഠങ്ങള്‍ മുഴുവന്‍ അയാള്‍ ഹൈദരാബാദിലെ മൂന്നാം ടെസ്റ്റില്‍ പയറ്റി . പല്ലും നഖവും കൊണ്ടാണ് ഗ്രേറ്റ് ബാച് പോരാടിയത്. ആദ്യദിവസം ന്യൂസിലാന്‍ഡ് 6 വിക്കറ്റിന് 220 ലെത്തിയപ്പോള്‍ ഗ്രേറ്റ് ബാച്ച് 70 റണ്‍സിനടുത്തായിരുന്നു. രണ്ടാം ദിവസം 30 റണ്‍സ് എടുക്കുന്നതിടെ 4 വിക്കറ്റ് നഷ്ടപ്പെട്ടതോടെ നാലാമനായി ഇറങ്ങിയ ഗ്രേറ്റ് ബാച്ചിന് അര്‍ഹിച്ച സെഞ്ചുറി നഷ്ടമായി .244 പന്തുകള്‍ അതിജീവിച്ച അയാള്‍ 90 റണ്‍സുമായി പുറത്താകാതെ നിന്നു. ഇന്ത്യ 10 വിക്കറ്റിന് ജയിച്ചു കളിയില്‍ പക്ഷെ കീവീസ് ടെസ്റ്റ് ക്രിക്കറ്റിന് പ്രതീക്ഷയായി മാറാന്‍ ഗ്രേറ്റ് ബാച്ചിന് പറ്റി .ടെസ്റ്റിന്റെ അതിജീവന പാഠങ്ങള്‍ പഠിച്ച് കട്ട് ഷോട്ടുകള്‍ക്ക് മുതിരാതെ സ്‌ട്രെയിറ്റ് ബാറ്റ് മാത്രം ഉപയോഗിച്ച് ബാറ്റ് ചെയ്യുകയായിരുന്നു ഗ്രേറ്റ് ബാച്ചിന്റെ തന്ത്രം .
പാക്കിസ്ഥാനെതിരായ അടുത്ത ടെസ്റ്റിലും തകര്‍പ്പന്‍ പ്രകടനം ആയിരുന്നു .ആറാമനായി ഇറങ്ങി അബ്ദുള്‍ കാതറിന്റെ പന്തില്‍ പുറത്താകുമ്പോഴേക്കും 379 പന്തുകള്‍ അതിജീവിച്ചു കഴിഞ്ഞിരുന്നു .76 റണ്‍സ് നേടിയ ഗ്രേറ്റ് ബാച്ചിന്റെ പ്രകടനം പ്രകടനം 616 എന്ന കൂറ്റന്‍ സ്‌കോര്‍ നേടിയിട്ടും പാകിസ്ഥാനെതിരെ സമനില നേടാന്‍ ന്യൂസിലണ്ടിനെ സഹായിച്ചു. 130 റണ്‍സിനിടെ 4 വിക്കറ്റ് നഷ്ടപ്പെട്ട ന്യൂസിലാന്‍ഡിനെ കരകയറ്റിയ ആ ഇന്നിങ്‌സിന് 194 പന്തില്‍ 78 റണ്‍ നേടിയ മാര്‍ട്ടിന്‍ ക്രോവിന്റെ ഇന്നിങ്‌സിനോളം തന്നെ മൂല്യമുണ്ടായിരുന്നു .
1989 ആസ്‌ട്രേലിയക്കെതിരെ പെര്‍ത്ത് വാക്ക ഗ്രൗണ്ടില്‍ നടന്ന അടുത്ത ടെസ്റ്റ് ഗ്രേറ്റ് ബാച്ചിനെ ശരിക്കും’ Great ‘ ആക്കി മാറ്റി . ബാച്ചിന്റെ കളിമികവ് തിരിച്ചറിഞ്ഞ ക്യാപ്റ്റന്‍ അദ്ദേഹത്തെ വണ്‍ ഡൗണ്‍ പൊസിഷനില്‍ ആണ് ഇറക്കിയത്. ഒരു പുതിയ പ്രതിഭയുടെ ഉദയം തോന്നിച്ച പ്രകടനമായിരുന്നു മാര്‍ക്ക് ഗ്രേറ്റ് ബാച്ച്‌ന്റേത്. ഓപ്പണര്‍ ഡേവിഡ് ബൂണിന്റെ 200ന്റേയും ഡീന്‍ ജോണ്‍സിന്റെയും 99ന്റേയും ബലത്തില്‍ ആസ്‌ട്രേലിയ 521 റണ്‍സ് അടിച്ചതോടെ ന്യൂസിലാന്‍ഡ് തോല്‍വി ഏതാണ്ട് ഉറപ്പിച്ചതായിരുന്നു. ഹാഡ്‌ലി ഇല്ലാത്ത ന്യൂസിലണ്ട് 231 റണ്‍സിന് പുറത്തായതോടെ വിധി ഉറപ്പിച്ചതായിരുന്നു. ന്യൂസിലണ്ടിന്റെ ടോപ്‌സ്‌കോറര്‍ 139 പന്ത് നേരിട്ട് 76 റണ്‍സ് എടുത്ത ഗ്രേറ്റ് ബാച്ച് തന്നെയായിരുന്നു .169 പന്തുകള്‍ തന്നെ നേരിട്ട ക്യാപ്റ്റന്‍ ക്രോ 62 റണ്‍സ് നേടിയതൊഴിച്ചാല്‍ മറ്റാരും തന്നെ കാര്യമായ സംഭാവനകള്‍ നല്‍കിയില്ല.
290 റണ്‍ കുടിശ്ശികയുമായി ഫോളോ ഓണ്‍ ഇറങ്ങിയ ന്യൂസിലാന്‍ഡ് തോല്‍വി ഉറപ്പിച്ച പോലെയായിരുന്നു കാര്യങ്ങള്‍ നീങ്ങിയത് .11 റണ്‍സെടുക്കുന്നതിനിടെ ഇരു ഓപ്പണര്‍മാര്‍മാരും പവലിയനിലേക്ക് മടങ്ങിയതിനു പിന്നാലെ 30 റണ്‍സ് നേടിയ ക്രോ 79 ല്‍ നില്‍ക്കെ പുറത്തായതോടെ കൂടി ടെസ്റ്റിന് ഏതാണ്ട് തീരുമാനമായി . 107ലെത്തിയപ്പോഴേക്കും നാലാമനും പോയെങ്കിലും പിന്നെ കണ്ടത് സമാനതകളില്ലാത്ത ഒരു ചെറുത്തുനില്‍പ്പായിരുന്നു. ഗ്രേറ്റ് ബാച്ച് പാറയെ പോലെ ഉറച്ചു നിന്നു .115 പന്തില്‍ 49 റണ്‍ നേടിയ ജെഫ് ക്രോ 189 വെച്ച് പുറത്തായി തൊട്ടടുത്ത അതേ സ്‌കോറില്‍ തൊട്ടടുത്ത പന്തില്‍ പട്ടേലും പുറത്തായതോടെ കൂടി വീണ്ടും തോല്‍വി മണത്തു .
ക്രിസ് കെയിന്‍സിനൊപ്പം ഗ്രേറ്റ് ബാച്ച് വീണ്ടും പട നയിച്ചു . 67 പന്തില്‍ 28 റണ്‍സ് നേടികെയിന്‍സ് മടങ്ങിയെങ്കിലും പിന്നാലെ വന്ന മാര്‍ട്ടിന്‍ സ്‌നീഡന്റത് അത്ഭുതകരമായ ഒരു ചെറുത്തുനില്‍പ്പായിരുന്നു .സ്‌നീഡന്‍ 142 പന്തുകള്‍ നേരിട്ട് 33 റണ്‍സുമായി നിന്നപ്പോള്‍ 234 റണ്‍സിന് 7 വിക്കറ്റ് നഷ്ടപ്പെട്ട ന്യൂസിലന്‍ഡ് ഒടുവില്‍ കളി തീരുമ്പോഴേക്കും പിന്നീടൊരു വിക്കറ്റും നഷ്ടപ്പെടാതെ 322 ല്‍ എത്തിയിരുന്നു. ടെസ്റ്റ് ക്രിക്കറ്റിലെ അത്ഭുതകരമായ ഒരു അതിജീവനത്തിന്റെ പോരാട്ടത്തില്‍ ഹീറോ ആയത് 2 ദിവസവും പതിനാലര മണിക്കൂറും 485 പന്തുകളും അതിജീവിച്ച മീശക്കാരന്‍ ഗ്രേറ്റ് ബാച്ച് ആയിരുന്നു . മെര്‍വ് ഹ്യൂസിനോ ,,ടെറി ആള്‍ഡര്‍മാനോ, ലോസണോ ,റാക്ക്മാനോ ഗ്രേറ്റ് ബാച്ചിനെ അലോസരപ്പെടുത്താന്‍ പറ്റിയില്ല .Dhanam Cric
ഗ്രേറ്റ് ബാച്ചിന്റെ പ്രകടനം ചരിത്രത്തിലെ ഏറ്റവും മികച്ച മാച്ച് സേവിങ് ഇന്നിങ്‌സ് ആയി വാഴ്ത്തപ്പെടുന്നു. ബാറ്റ്‌സ്മാന്‍മാരുടെ ശവപ്പറമ്പ് ആയ പെര്‍ത്തില്‍ ആണ് ആ പ്രകടനം നടന്നതെന്നത് ആ ഇന്നിങ്ങ്‌സിന്റെ മാറ്റ് കൂട്ടുന്നു .
അന്ന് ഹോട്ടല്‍ മുറിയില്‍ വച്ച് തന്റെ അധികമുള്ള പാന്റ്‌സ് മറന്നുവച്ച ഗ്രേറ്റ് ബാച്ചിന് മുഷിഞ്ഞ പാന്റ്‌സിന് പകരം അണിയാന്‍ കിട്ടാതെ ഒടുവില്‍ സഹതാരം ബ്രേസ് വെല്ലിന്റ പാകമാകാത്ത പാന്റ്‌സ് ആണ് ഉപയോഗിച്ചത് .കൂട്ടത്തില്‍ ശരീരവലിപ്പം കൂടിയത് കൊണ്ടുതന്നെ മറ്റുള്ളവരുടെ ഡ്രസ്സ് പാകമാകാത്ത അവസ്ഥയായിരുന്നു . ബൗളര്‍മാരെക്കാളും തന്നെ അലോസരപ്പെടുത്തിയത് അയഞ്ഞ പാന്റ്‌സ് ആണെന്ന് ബാച്ച് പിന്നീട് പറയുകയുണ്ടായി. ആസ്‌ട്രേലിയന്‍ താരങ്ങളുടെ സ്‌ളെഡ്ജിങ്ങ്,കടുത്ത ക്ഷീണം എല്ലാത്തിനെയും അതിജീവിച്ചായിരുന്നു ഗ്രേറ്റ് ബാച്ചിന്റെ പോരാട്ടം.
വന്‍ പ്രതീക്ഷകള്‍ സമ്മാനിച്ച ഗ്രേറ്റ് ബാച്ചിന് പക്ഷെ പ്രതീക്ഷകള്‍ നിലനിര്‍ത്താനായില്ല. തുടരെത്തുടരെയുള്ള മോശം പ്രകടനങ്ങള്‍ 77 എന്ന ശരാശരിയെ 35ലെത്തിച്ചു .92 ലോകകപ്പിനു ശേഷം വീണ്ടും ആത്മവിശ്വാസം നല്‍കിയപ്പോള്‍ ഓപ്പണിങ് റോളിലെത്തി സിംബാബ്വേ ക്കെതിരെ 1992 നടന്ന ടെസ്റ്റിലെ ആദ്യ ഇന്നിംഗ്‌സില്‍ 87 ഉം രണ്ടാമിന്നിങ്‌സില്‍ 88 നേടി തിരിച്ചുവരവ് പ്രഖ്യാപിച്ച ഗ്രേറ്റ് ബാച്ച് തൊട്ടടുത്ത ടെസ്റ്റില്‍ 55 റണ്‍സും നേടി .തൊട്ടടുത്ത ടെസ്റ്റില്‍ പാകിസ്ഥാനെതിരെ 317 പന്തില്‍ 133 റണ്‍സുമായി തകര്‍ത്താടിയപ്പോള്‍ എതിര്‍പക്ഷത്തെ ബൗളര്‍മാര്‍ വസിം അക്രമും ,വഖാര്‍ യൂനിസും ,മുഷ്താഖ് അഹമ്മദും അക്വിബ് ജാവേദും ആയിരുന്നു .അന്ന് കിവീസ് 264 റണ്‍സിന് പുറത്തായപ്പോള്‍ മറ്റൊരാള്‍ക്ക് പോലും 43 റണ്‍സിലധികം നേടാന്‍ കഴിഞ്ഞില്ല .
ഇന്നിങ്‌സിന്റെ പകുതിയിലധികം റണ്‍സും പിറന്നത് ഗ്രേറ്റ് ബാച്ചിന്റെ ബാറ്റില്‍ നിന്നായിരുന്നു പിറന്നത് . പാകിസ്താന്‍ 33 റണ്‍സിന് ജയിച്ച മാച്ചില്‍ മാരകമായി പന്തെറിഞ്ഞ ആക്രമായിരുന്നു മാന്‍ ഓഫ് ദ മാച്ച് . 127 റണ്‍സ് ചേസ് ചെയ്യാന്‍ പറ്റാതെ 93 റണ്‍സിന് കിവീസ് പുറത്തായപ്പോള്‍ അക്രമും വഖാറും രണ്ടാം ഇന്നിങ്‌സില്‍ 5 വിക്കറ്റ് വീതം പിഴുതു . പിന്നീടുള്ള 33 ഇന്നിംഗ്‌സുകളില്‍ ബാച്ചിന് നേടാന്‍ പറ്റിയത് രണ്ട് അര്‍ദ്ധസെഞ്ചുറികള്‍ മാത്രമായിരുന്നു . ഒടുവില്‍ 1996 ല്‍ പാകിസ്ഥാനെതിരെ റാവല്‍പിണ്ടിയില്‍ ബാച്ച് ടെസ്റ്റ്‌നോട് വിട പറഞ്ഞു. 41 ടെസ്റ്റുകളിലെ 2021 റണ്‍സ് എന്ന കണക്ക് നോക്കിയാല്‍ ഗ്രേറ്റ് ബാച്ച് തന്റെ കഴിവുകളോട് തീരെ നീതി കാണിച്ചില്ലെന്ന് തന്നെ പറയേണ്ടിവരും. പ്രത്യേകിച്ചും കരിയറില്‍ ഒരു മികച്ച തുടക്കം കിട്ടിയിട്ടും.
1988ല്‍ തന്നെ ഏകദിന ക്രിക്കറ്റിലും ഇംഗ്‌ളണ്ടിനെതിരെ അരങ്ങേറ്റം കുറിച്ച ന്യൂസിലാന്‍ഡ് തോറ്റ കളിയില്‍ 48 പന്തില്‍ 28 റണ്‍സ് നേടിയാണ്
തുടങ്ങിയ ഗ്രേറ്റ് ബാച്ച് മൂന്നാമത്തെ മേച്ചില്‍ 74 പന്തില്‍ പുറത്താകാതെ 64 റണ്‍സ് നേടി ന്യൂസിലാന്‍ഡിന് 7 വിക്കറ്റ് വിജയം നല്‍കിയ കളിയില്‍ 101 റണ്‍ നേടിയ ജോണ്‍ റൈറ്റിനൊപ്പം 110 റണ്‍സ് കൂട്ടുകെട്ട് സൃഷ്ടിക്കുകയും ചെയ്തു.1988 ല്‍ ഇന്ത്യക്കെതിരായ ഏകദിന പരമ്പരയില്‍ തുടര്‍ച്ചയായ മത്സരങ്ങളില്‍ 64 ,പുറത്താകാതെ 84, പുറത്താകാതെ 35 എന്നിങ്ങനെ നേടിയതോടെ ടീമിലെ സ്ഥിരം സാന്നിധ്യമായി .
ഇതില്‍ 84 റണ്‍സടിച്ച മാച്ചില്‍ 67 പന്ത് നേരിട്ട 8 ഫോറും 2 സിക്‌സറും പറത്തി വെടിക്കെട്ട് പ്രകടനം നടത്തിയിട്ടും ആ ഇന്നിങ്‌സ് ശ്രദ്ധിക്കപ്പെടാതെ പോയി .കിവിസ് ഉയര്‍ത്തിയ 278 റണ്‍സ് ചെയ്ത ഇന്ത്യ 130 റണ്‍സിന് 5 വിക്കറ്റ് നഷ്ടപെട്ട് പരാജയം തുറിച്ചു നോക്കിയ സമയമായത്ത് വെറും 65 പന്തില്‍ 108 റണ്‍സ് നേടി അതിവേഗ സെഞ്ച്വറിയില്‍ ലോക റെക്കോര്‍ഡ് കുറിച്ച മുഹമ്മദ് അസ്ഹറുദ്ദീന്‍ അത്ഭുതകരമായ വിജയം സമ്മാനിച്ചതോടെ ഗ്രേറ്റ് ബാച്ചിന്റെ ഇന്നിങ്‌സ് എല്ലാവരും മറന്നു .
ഏകദിന ക്രിക്കറ്റിലെ ഗ്രേറ്റ് ബാച്ചിന്റെ ഏറ്റവും മികച്ച പ്രകടനം കണ്ടത് 1990 ല്‍ ആയിരുന്നു. ഇംഗ്ലണ്ടിനെതിരെ തുടര്‍ച്ചയായ മത്സരങ്ങളില്‍ നേടിയ സെഞ്ച്വറികള്‍ ഗ്രേറ്റ് ബാച്ചിന്റെ മികവ് തെളിയിക്കുന്നതായിരുന്നു .ഹെഡിങ്ങ്‌ലിയില്‍ 104 പന്തില്‍ പുറത്താകാതെ നേടിയ 102 റണ്‍സും കെന്‍സിങ് ടണ്‍ ഓവലില്‍ 130 പന്തില്‍ 111 റണ്‍സും . ആദ്യമാച്ചില്‍ 55 ഓവറില്‍ 295 എന്ന കൂറ്റന്‍ ലക്ഷ്യത്തെ നാലാമനായി ഇറങ്ങിയ മാന്‍ ഓഫ് ദ മാച്ച് ആയ ഗ്രേറ്റ് ബാച്ചിന്റെ മികവില്‍ കിവീസ് 4 വിക്കറ്റിന് വിജയിക്കുമ്പോള്‍ ഒരു പന്ത് മാത്രമായിരുന്നു ബാക്കിയുണ്ടായിരുന്നത്.
ഓവലില്‍ പക്ഷേ ഗ്രേറ്റ് ബാച്ച് 111 റണ്‍സ് അടിച്ചിട്ടും ന്യൂസിലാന്‍ഡിന്റെ മറ്റൊരു ബാറ്റ്‌സ്മാന്‍ പോലും 25 റണ്‍സ് മറികടക്കാതിരുന്നപ്പോള്‍ ഓപ്പണര്‍ ഗ്രഹാം ഗൂച്ച് നേടിയ 112 റണ്‍സ് ഇംഗ്‌ളണ്ടിന് അനായാസ വിജയം നല്‍കി.പക്ഷെ തൊട്ടടുത്ത ഇംഗ്‌ളണ്ടിന്റെ ന്യൂസിലണ്ട് പര്യടനത്തില്‍ പക്ഷേ 5 മച്ചില്‍ 31 റണ്‍സ് മാത്രം നേടി ദയനീയ പ്രകടനം കാഴ്ചവെച്ച ഗ്രേറ്റ് ബാച്ചിന് ലോകകപ്പ് സ്‌ക്വാഡില്‍ ഇടം കിട്ടിയെങ്കിലും ആദ്യ രണ്ട് കളികളില്‍ അവസരം ലഭിച്ചില്ല .സ്ഥിരം ഓപ്പണര്‍ ജോണ്‍ റൈറ്റിന് പറ്റിയ പരിക്ക് കൊണ്ട് മാത്രം അവസരം കിട്ടിയ ഗ്രേറ്റ് ബാ ച്ചിന് ലോകക്രിക്കറ്റില്‍ സവിശേഷ സ്ഥാനം കൂടിയാണ് ലഭിച്ചത് .
92 ലെ മാസ്മരിക പ്രകടനത്തിനുശേഷം തൊട്ടടുത്ത മത്സരത്തില്‍ സിംബാബ് വെക്കെതിരെ 11 പന്തില്‍ 22 റണ്‍സ് അടിച്ച് നയം വ്യക്തമാക്കിയ ഗ്രേറ്റ് ബാച്ച് അടുത്ത മാച്ചില്‍ 55 റണ്‍സടിച്ചു . ഒരു പ്രതിഭാസമായി ഉയര്‍ന്നുവെങ്കിലും പിന്നീട് പരാജയം ആകാന്‍ തുടങ്ങിയ ഗ്രേറ്റ് ബാച്ചിന്റെ പ്രഹരശേഷിയിലും ഇടിവ് വരാന്‍ തുടങ്ങി. ഒടുവില്‍ 1996 ല്‍ പാകിസ്ഥാനെതിരെ കളിച്ചു കരിയറിനോട് വിട പറയുമ്പോള്‍ ഏകദിന ക്രിക്കറ്റില്‍ 2206 റണ്‍സായിരുന്നു സമ്പാദ്യം .പിന്നീട് കോച്ചിംഗ് റോളിലും സെലക്ടര്‍ റോളിലും അദ്ദേഹം പ്രത്യക്ഷപ്പെടുകയുണ്ടായി .
മറ്റുള്ളവര്‍ 70 സ്‌ട്രൈക്ക് റേറ്റ് പുലര്‍ത്താന്‍ പാടുപെടുമ്പോള്‍ 90നടുത്ത് പ്രഹരശേഷി കണ്ടെത്തി എന്നത് തന്നെയായിരുന്നു ആ ലോകകപ്പില്‍ ഗ്രേറ്റ് ബാച്ചിനെ വേറിട്ട് നിര്‍ത്തിയത്. ഇന്നത്തെ T20 യുഗവുമായി താരതമ്യം ചെയ്യുമ്പോള്‍ ഗ്രേറ്റ് ബാച്ച് നടത്തിയത് വലിയൊരു കാര്യമായി തോന്നില്ലെങ്കിലും പുതിയ പന്തിന്റെ തിളക്കം ഇല്ലാതാക്കാന്‍ പരമാവധി പിടിച്ചു നില്‍ക്കുക എന്ന ഓപ്പണിങ് റോളിന് വേറിട്ട മുഖം നല്‍കിയത് ഗ്രേറ്റ് ബാച്ച് ”ഷോ” തന്നെയായിരുന്നു .അതിനുമുമ്പ് ഗോര്‍ഡന്‍ ഗ്രീനിഡ്ജും ശ്രീകാന്തും സമാന ശൈലിയില്‍ ബാറ്റ് ചെയ്തിരുന്നുവെങ്കിലും അതൊക്കെ സ്വാഭാവിക ശൈലി മാത്രം ആയിരുന്നു. തന്ത്രം ആയിരുന്നില്ല .
ഒന്നാംതരം ഒരു ഫീല്‍ഡ് കൂടിയായിരുന്ന ഗ്രേറ്റ് ബാച്ച് ഒരു മച്ചില്‍ മാര്‍ക് വോയെ പുറത്താക്കാന്‍ എടുത്ത ക്യാച്ച് ലോക ക്രിക്കറ്റിലെ സംസാര വിഷയമായിരുന്നു . ഓരോ പന്തിലും റണ്‍ നേടുക എന്ന ഇന്നത്തെ അവസ്ഥ വരുന്നതിനു മുമ്പ് 1960 മുതല്‍ തുടങ്ങിയ ഏകദിന ക്രിക്കറ്റില്‍ പിടിച്ചുനിന്നു വിക്കറ്റ് കയ്യില്‍ വച്ച് അവസാനം ആഞ്ഞടിക്കുക എന്ന സ്ഥിരം നയം മാറ്റിമറിച്ചതിന്റെ വക്താവായ ഗ്രേറ്റ് ബാച്ചിന്റെ പാത പിന്തുടര്‍ന്ന് അതേ ലോകകപ്പില്‍ ഇംഗ്ലണ്ട് ബോതമിനെ വെച്ച് ചൂതാട്ടം നടത്തിയെങ്കിലും അത് വിജയിക്കുകയുണ്ടായില്ല. അന്ന് ബൗളര്‍മാരും ക്യാപ്റ്റന്‍മാരും ഫീല്‍ഡര്‍മാരും മറുതന്ത്രമില്ലാതെ വിഷമിക്കുന്ന കാഴ്ചയായിരുന്നു ലോകകപ്പില്‍ ഉടനീളം കണ്ടത്. ആ ലോകകപ്പില്‍ ഒരു കളി പോലും ആ കളിക്കില്ലെന്ന് കരുതിയ ഗ്രേറ്റ് ബാച്ച് ഒടുവില്‍ ടൂര്‍ണമെന്റിലെ തന്നെ ഏറ്റവും ശ്രദ്ധാകേന്ദ്രമായി മാറിയത് യക്ഷിക്കഥകളെ വെല്ലുന്ന രീതിയിലുള്ള സംഭവവികാസങ്ങളിലൂടെ ആയിരുന്നു.
അടിസ്ഥാനപരമായി പ്രതിരോധ ബാറ്റിംഗിന്റെ വക്താവായ ഒരാള്‍ പക്ഷേ അറിയപ്പെടുന്നത് ആക്രമണക്രിക്കറ്റിന്റെ വക്താവായിട്ടാണ് എന്നത് ഒരു വൈരുദ്ധ്യമായി തോന്നിയേക്കാം .ഒരു പക്ഷേ ന്യുസിലണ്ട് ആ ലോകകപ്പ് ഉയര്‍ത്തിയിരുന്നുവെങ്കില്‍ ജയസൂര്യ ,കലുവിതരണെ തുടങ്ങി മറ്റു പലരിലൂടെ സഞ്ചരിച്ച് നില്‍ക്കുന്ന എല്ലാ വിപ്ലവകാരികളും ഗ്രേറ്റ് ബാച്ച് എന്ന മഹാനായ വിപ്ലവകാരിയുടെ താഴെ മാത്രമേ നിലകൊള്ളമായിരുന്നുള്ളൂ. ഒപ്പം പ്രതിസന്ധികളില്‍ എന്നും അവസരങ്ങള്‍ കണ്ടെത്തുന്ന മാര്‍ട്ടിന്‍ ക്രോ എന്ന വീരനായകന്റെ തൊപ്പിയിലെ ഒരു പൊന്‍തൂവല്‍ കൂടി ആയേനെ അന്ന് ന്യൂസിലാന്‍ഡ് കിരീടം ഉയര്‍ത്തിയിരുന്നെങ്കില്‍ .
കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍