നൂറുതവണ ഇനി ആ മത്സരം കളിച്ചാലും ആ സിംഗിളിന് ഞാനോടില്ല, തുറന്നടിച്ച് സഞ്ജു
ഐപിഎല്ലില്‍ ആദ്യ ജയം സ്വന്തമാക്കാനായതിന്റെ ആഹ്ലാദത്തിലാണ് രാജസ്ഥാന്‍ റോയല്‍സ് താരവും നായകനുമായ സഞ്ജു സാംസണ്‍. തോറ്റെന്നുറപ്പിച്ച മത്സരത്തിലാണ് വിജയിച്ച് കയറാനായതെന്നാണ് സഞ്ജു മത്സരശേഷം പറഞ്ഞത്. സ്റ്റാര്‍ സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തില്‍ സഞ്ജു ഇക്കാര്യം പറഞ്ഞത്.
രാജസ്ഥാന്‍ തുടക്കത്തില്‍ തകര്‍ന്നടിഞ്ഞപ്പോള്‍ തനിക്കും വിജയപ്രതീക്ഷ ഇല്ലായിരുന്നു. മില്ലര്‍ നന്നായി ബാറ്റ് ചെയ്യുകയും ബാറ്റിംഗ് നിരയില്‍ ക്രിസ് മോറിസ് വരാനുണ്ടെന്നതും ചെറിയൊരു പ്രതീക്ഷ നല്‍കിയിരുന്നു. എന്നാല്‍ സത്യസന്ധമായി പറഞ്ഞാല്‍ രാജസ്ഥാന്‍ 42-5 എന്ന സ്‌കോറില്‍ തകര്‍ന്നടിഞ്ഞപ്പോള്‍ ഞാന്‍ വിജയപ്രതീക്ഷ കൈവിട്ടിരുന്നു. പക്ഷെ ഞങ്ങളുടെ താരങ്ങള്‍ ശക്തമായി തിരിച്ചടിച്ച് വിജയം പിടിച്ചെടുത്തു’ സഞ്ജു പറഞ്ഞു.
അതെസമയം പഞ്ചാബ് കിംഗ്‌സിനെതിരായ ആദ്യ മത്സരത്തിലുണ്ടായ സിംഗിള്‍ വിവാദത്തെ കുറിച്ചും സ്ഞ്ജു നിലപാട് വ്യക്തമാക്കി.
ഓരോ മത്സരത്തിനുശേഷവും എന്റെ പ്രകടനങ്ങളെ ഞാന്‍ വിശദമായി വിലയിരുത്താറുണ്ട്. അതുകൊണ്ടുതന്നെ ഇനിയൊരു നൂറു തവണ ആ മത്സരം കളിച്ചാലും ആ സിംഗിള്‍ ഞാനോടില്ലായിരുന്നു-സഞ്ജു തുറന്ന് പറഞ്ഞു.
ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ മൂന്ന് വിക്കറ്റിനാണ് രാജസ്ഥാന്‍ റോയല്‍സ് കീഴടക്കിയത്. ഡല്‍ഹിയെ 147 റണ്‍സിലൊതുക്കിയെങ്കിലും രാജസ്ഥാന്റെ വിജയം അത്ര അനായാസമായിരുന്നില്ല. കഴിഞ്ഞ കളിയില്‍ സെഞ്ച്വറിയടിച്ച സഞ്ജുവടക്കം മുന്‍നിര 42 റണ്‍സെടുക്കുന്നതിനിടെ കൂടാരം കയറി.
42-5 എന്ന സ്‌കോറില്‍ പരാജയം മുന്നില്‍ കണ്ട രാജസ്ഥാന് ആദ്യം ഡേവിഡ് മില്ലറും(62) അവസാനം ക്രിസ് മോറിസും(18 പന്തില്‍ 36*) നടത്തിയ വെടിക്കെട്ട് ഇന്നിംഗ്‌സുകളാണ് അവിശ്വസനീയ വിജയം സമ്മാനിച്ചത്.