റയൽ മാഡ്രിഡ് സൂപ്പർതാരത്തെ റാഞ്ചാൻ പ്രീമിയർ ലീഗിലെ കുറുക്കന്മാർ, ജനുവരിയിൽ സ്വന്തമാക്കിയേക്കും

കഴിഞ്ഞ സീസണുകളെ അപേക്ഷിച്ചു പ്രീമിയർലീഗിൽ ഇത്തവണ മോശം ഫോമിൽ തുടരുന്ന ഒരു ക്ലബ്ബാണ് വോൾവ്സ്. സൂപ്പർ സ്‌ട്രൈക്കറായിരുന്ന റൗൾ ജിമിനെസിനു പരിക്കേറ്റു അനിശ്ചിത കാലത്തേക്ക് പുറത്തായതോടെ ഗോളുകൾ കണ്ടെത്തുന്നതിൽ വോൾവ്സ് പിറകിലേക്ക് പോവുകയായിരുന്നു. നിലവിൽ ലീഗിൽ പന്ത്രണ്ടാം സ്ഥാനത്തു തുടരുകയാണ് വോൾവ്സ്.
കഴിഞ്ഞ നവംബറിൽ ആഴ്സണലിനെതിരായ മത്സരത്തിൽ ഡേവിഡ് ലൂയിസുമായുള്ള കൂട്ടിയിടിയിൽ തലയോട്ടിക്ക് സാരമായ പരിക്കേറ്റതിനാൽ അനിശ്ചിതകാലത്തേക്ക് ജിമിനെസിനു പുറത്തിരിക്കേണ്ടി വരികയായിരുന്നു. വോൾവ്സിനായി നാലു ഗോളുകളുമായി ജിമിനെസും പെഡ്രോ നെറ്റോയുമാണ് ടോപ് സ്കോറർമാരായി തുടരുന്നത്. എന്നാൽ ആക്രമണത്തിൽ കൂടുതൽ മൂർച്ച വരുത്താനാണ് ജനുവരി ട്രാൻസ്ഫറിൽ പരിശീലകൻ നുനോ എസ്പിരിറ്റോ സാന്റോ പദ്ധതിയിടുന്നത്.
Wolves 'make enquiry for Luka Jovic' as they desperately eye Raul Jimenez replacement https://t.co/T2sJsBU4h7
— The Sun Football ⚽ (@TheSunFootball) December 27, 2020
അതിനായി റയൽ മാഡ്രിഡിൽ അവസരങ്ങളില്ലാതെ ബുദ്ധിമുട്ടുന്ന സെർബിയൻ സൂപ്പർസ്‌ട്രൈക്കർ ലൂക്ക ജോവിച്ചിനെ സ്വന്തമാക്കാനുള്ള ശ്രമങ്ങളാരംഭിച്ചിരിക്കുകയാണ് വോൾവ്സ്. ഇംഗ്ലീഷ് മാധ്യമമായ ദി അത്ലറ്റിക്കാണ് ഈ വാർത്ത പുറത്തു വിട്ടിരിക്കുന്നത്. സിദാന്റെ ആദ്യ ഇലവനിൽ കയറിപ്പറ്റാൻ വിഷമിക്കുന്ന ജോവിച്ചിനും ഒപ്പം വോൾവ്സിനും ഈ നീക്കം കൂടുതൽ ഗുണകരമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ജോവിച്ചിന് പകരമായി സ്കോറിങ്ങിനായി സിദാൻ സൂപ്പർതാരം കരിം ബെൻസിമയെയാണ് കൂടുതൽ ആശ്രയിക്കുന്നത്. റയൽ മാഡ്രിഡിനായി 27 മത്സരങ്ങൾ കളിച്ച ജോവിച്ചിന് ആകെ വിരലിലെണ്ണാവുന്ന രണ്ടു ഗോളുകൾ മാത്രമാണ് നേടാനായതെന്നത് കണക്കിലെടുക്കുമ്പോൾ വളരെ മോശം പ്രകടനമാണ് റയൽ മാഡ്രിഡിനായി ഗോൾമുഖത്ത് താരം നടത്തിയിട്ടുള്ളത്. കൂടുതൽ മിനുട്ടുകൾ ലഭിക്കുമെന്നതിനാൽ വോൾവ്സിലേക്ക് ലോൺ ഡീലിൽ ചേക്കേറാനുള്ള സാധ്യതയാണ് കാണുന്നത്.