ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഇലവന്‍ പ്രഖ്യാപിച്ചു, കോഹ്ലി പുറത്ത്, വന്‍ സര്‍പ്രൈസ്
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഇലവന്‍ പ്രഖ്യാപിച്ച് വിസ്ഡന്‍ ക്രിക്കറ്റ് മാഗസിന്‍. ഇന്ത്യന്‍ ക്യാപ്റ്റന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയെ ഒഴിവാക്കിയാണ് ഈ ഇലവന്‍ പുറത്ത് വന്നിരിക്കുന്നത് എന്നതാണ് ഏറെ ശ്രദ്ധേയം.
അതെസമയം കോഹ്ലി ഇല്ലെങ്കിലും ഓപ്പണര്‍ രോഹിത് ശര്‍മ്മയടക്കം മൂന്ന് ഇന്ത്യന്‍ താരങ്ങള്‍ ഇലവനില്‍ സ്ഥാനം പിടിച്ചു. ന്യൂസിലാന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസനാണ് ടീമിന്റെ ക്യാപ്റ്റന്‍. രോഹിത്ത് ശര്‍മ്മയെ കൂടാതെ റിഷഭ് പന്ത്, രവിചന്ദ്ര അശ്വിന്‍ എന്നിവരാണ് ടീമില്‍ സ്ഥാനം പിടിച്ച മറ്റ് ഇന്ത്യയ്ക്കാര്‍.
ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ 11 മത്സരങ്ങളില്‍ നിന്നും 64.37 ശരാശരിയില്‍ 4 സെഞ്ചുറിയും 2 ഫിഫ്റ്റിയുമടക്കം 1030 റണ്‍സ് നേടിയ ഇന്ത്യന്‍ ബാറ്റ്സ്മാന്‍ രോഹിത് ശര്‍മ്മയും 10 മത്സരങ്ങളില്‍ നിന്നും. 55.5 ശരാശരിയില്‍ 4 സെഞ്ചുറിയും 4 ഫിഫ്റ്റിയുമടക്കം 999 റണ്‍സ് നേടിയ ദിമുത് കരുണരത്‌നെയുമാണ് ടീമിലെ ഓപ്പണര്‍മാര്‍.
13 മത്സരങ്ങളില്‍ നിന്നും 72.8 ശരാശരിയില്‍ 5 സെഞ്ചുറിയും 9 ഫിഫ്റ്റിയുമടക്കം 1675 റണ്‍സ് നേടി ടൂര്‍ണമെന്റിലെ ടോപ്പ് സ്‌കോറര്‍ കൂടിയായ ഓസ്ട്രേലിയന്‍ യുവതാരം മാര്‍നസ് ലാബുഷെയ്‌നാണ് ഇലവനില്‍ മൂന്നാം നമ്പര്‍ ബാറ്റ്സ്മാന്‍. 13 മത്സരങ്ങളില്‍ നിന്നും 63.7 ശരാശരിയില്‍ നാല് സെഞ്ചുറിയും 7 ഫിഫ്റ്റിയുമടക്കം 1341 റണ്‍സ് നേടിയ ഓസ്ട്രേലിയന്‍ ബാറ്റ്‌സ്മാന്‍ സ്റ്റീവ് സ്മിത്താണ് ടീമിലെ നാലാം നമ്പര്‍ ബാറ്റ്സ്മാന്‍. 9 മത്സരങ്ങളില്‍ നിന്നും 58.5 ശരാശരിയില്‍ 817 റണ്‍സ് നേടിയ കെയ്ന്‍ വില്യംസനാണ് ടീമിന്റെ ക്യാപ്റ്റന്‍.
17 മത്സരങ്ങളില്‍ നിന്നും 1334 റണ്‍സും 34 വിക്കറ്റും നേടിയ ബെന്‍ സ്റ്റോക്‌സാണ് ടീമിലെ ഒരേയൊരു ഓള്‍ റൗണ്ടര്‍. 11 മത്സരങ്ങളില്‍ നിന്നും 662 റണ്‍സും 35 ക്യാച്ചും 5 സ്റ്റമ്പിങും നേടിയ ഇന്ത്യന്‍ യുവതാരം റിഷഭ് പന്താണ് ടീമിലെ വിക്കറ്റ് കീപ്പര്‍.
6 മത്സരങ്ങളില്‍ നിന്നും 67 വിക്കറ്റ് നേടിയ ന്യൂസിലാന്‍ഡ് പേസര്‍ കെയ്ല്‍ ജാമിസണ്‍, 13 മത്സരങ്ങളില്‍ നിന്നും 67 വിക്കറ്റ് നേടിയ ഇന്ത്യന്‍ സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍, 14 മത്സരങ്ങളില്‍ നിന്നും 70 വിക്കറ്റ് നേടിയ ഓസ്ട്രേലിയന്‍ പേസര്‍ പാറ്റ് കമ്മിന്‍സ്, 17 മത്സരങ്ങളില്‍ നിന്നും 69 വിക്കറ്റ് നേടിയ ഇംഗ്ലണ്ട് പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡ് എന്നിവരാണ് ടീമിലെ ബൗളര്‍മാര്‍.
വിസ്ഡന്‍ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഇലവന്‍ ; രോഹിത് ശര്‍മ്മ, ദിമുത് കരുണരത്‌നെ, മാര്‍നസ് ലാബുഷെയ്ന്‍, സ്റ്റീവ് സ്മിത്ത്, കെയ്ന്‍ വില്യംസണ്‍, ബെന്‍ സ്റ്റോക്‌സ്, റിഷഭ് പന്ത്, കെയ്ല്‍ ജാമിസണ്‍, രവിചന്ദ്രന്‍ അശ്വിന്‍, പാറ്റ് കമ്മിന്‍സ്, സ്റ്റുവര്‍ട്ട് ബ്രോഡ്.