ഇന്ത്യ-ഇംഗ്ലണ്ട് സെമി മാറ്റേണ്ടി വരുമോ? കാര്യങ്ങള്‍ അത്ര ശുഭകരമല്ല

ഇന്ത്യ-ഇംഗ്ലണ്ട് സെമി പോരാട്ടം തുടങ്ങാനിരിക്കെ മത്സരം നടക്കുന്ന അഡ്‌ലൈഡില്‍ നിന്നുളള വാര്‍ത്തകള്‍ അത്ര ശുഭകരമല്ല. മത്സരം നടക്കുന്ന അഡ്ലൈഡില്‍ രാത്രി മുഴുവന്‍ കനത്ത മഴയായിരുന്നുവെന്നാണ് അവിടെനിന്നുളള റിപ്പോര്‍ട്ട്. എന്നാല്‍ നിലവില്‍ മഴമാറി നില്‍ക്കുന്നുണ്ടെങ്കിലും ആകാശം മേഘാവൃതമായി തുടരുകയാണ്.

ഏറ്റവും പുതിയ കാലാവസ്ഥ പ്രവചനം അനുസരിച്ച് പകല്‍ മഴ പെയ്യാനുള്ള സാധ്യത 24 ശതമാനമാണെന്നാണ് വ്യക്തമാക്കുന്നത്.

രാത്രിയില്‍ എട്ടു ശതമാനവും മഴയ്ക്ക് സാധ്യതയുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ഉച്ചയ്ക്ക് ശേഷം 43 മുതല്‍ 55 ശതമാനം വരെ മഴയ്ക്ക് സാധ്യതയാണ് പ്രവചിച്ചിരുന്നത്.

നിലവില്‍ മഴ ഭീഷണി ഒഴിഞ്ഞു നില്‍ക്കുന്നതായി സൂചിപ്പിക്കുന്നുണ്ടെങ്കിലും, മഴ രസംകൊല്ലിയായി പെയ്യാനുള്ള സാധ്യത പൂര്‍ണമായും തള്ളിക്കളയാനാകില്ലെന്നും കാലാവസ്ഥ അധികൃതര്‍ സൂചിപ്പിക്കുന്നു.

ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30 മുതലാണ് സെമി മത്സരം ആരംഭിക്കുന്നത്. ഉച്ചയ്ക്ക് ഒരു മണിയ്ക്കാണ് മത്സരത്തിന് ടോസ് ഇടുക. മഴമേഘങ്ങള്‍ മാറുമെന്നും, 20 ഓവര്‍ വീതമുള്ള ആവേശ മത്സരം നടക്കുമെന്നുമാണ് ഏല്ലാവരുടേയും പ്രതീക്ഷ.

You Might Also Like