കഴുത്തറുക്കുമെന്ന് ഫിളിന്റോഫിന്റെ ഭീഷണി, നിയന്ത്രണം വിട്ട് യുവി ചെയ്തത് ചരിത്രം

2007ലെ ടി20 ലോകകപ്പ് കണ്ടവരാരും ഇംഗ്ലണ്ടിനെതിരെ യുവരാജ് സിംഗ് നേടിയ ആറ് സിക്‌സ് മറക്കില്ല. അസാധ്യമെന്ന തോന്നിയ്ക്കുന്ന ആ പ്രകടനം പിന്നീടൊരിക്കലും അന്താരാഷ്ട്ര ക്രിക്കറ്റില്‍ ആര്‍ക്കും ആവര്‍ത്തിക്കാനായിട്ടില്ല. ഒരോവറിലെ ആറ് സിക്‌സ് പിറക്കാനുളള കാരണം കഴിഞ്ഞദിവസം യുവരാജ് വെളിപ്പെടുത്തി.

ഇംഗ്ലീഷ് താരം ഫ്‌ളിന്റോഫുമായുളള വാക്ക് പോരാണ് യുവരാജിനെ ഒരോവറില്‍ ആറ് സിക്‌സ് അടിക്കുന്നതിലേക്ക് നയിച്ചത്. ക്രിക്കറ്റ് ടെക്ക് എന്ന വെബ് പോര്‍ട്ടറിനോട് സംസാരിക്കുമ്പോഴായിരുന്നു യുവരാജ് ഇക്കാര്യത്തെ കുറിച്ച് മനസ്സ് തുറന്നത്.

ലോകകപ്പിനു മുന്‍പുള്ള ഏകദിന പരമ്പരയില്‍ യുവരാജിന്റെ ഒരു ഓവറില്‍ ഇംഗ്ലിഷ് താരം ദിമിത്രി മസ്‌കരനാസ് അഞ്ച് സിക്‌സറടിച്ചിരുന്നു. ഇതിനുള്ള പ്രതികാരമെന്ന നിലയ്ക്കാണ് യുവി ബ്രോഡിനെതിരെ ആറു സിക്‌സറടിച്ചതെന്നായിരുന്നു വിലയിരുത്തല്‍. എന്നാല്‍, അതു പൂര്‍ണമായും ശരിയല്ലെന്നാണ് യുവിയുടെ വെളിപ്പെടുത്തല്‍.

‘സത്യത്തില്‍ അഞ്ച് സിക്‌സടിക്കുക എന്നത് എന്റെ ചിന്തയില്‍ പോലുമുണ്ടായിരുന്നില്ല. പക്ഷേ, ആ മത്സരത്തില്‍ ഫ്‌ലിന്റോഫുമായുണ്ടായ വാക്‌പോരാണ് എന്നെ അരിശം കൊള്ളിച്ചത്’ യുവരാജ് പറഞ്ഞു. ഫ്‌ളിന്റോഫിന്റെ ഓവറില്‍ രണ്ട് ബൗണ്ടറികള്‍ യുവരാജ് അടിച്ചിരുന്നു. ഇതില്‍ കലിപൂണ്ട ഫ്‌ളിന്റോഫ് യുവിയെ എന്തൊക്കെയോ ചീത്ത പറഞ്ഞു. ഇതോടെ പ്രകോപിതനായ യുവിയോട് ‘പുറത്തേക്കു വാ, ഞാന്‍ നിന്റെ കഴുത്തറുക്കും’ എന്നാണ് ഫ്‌ളിന്റോഫ് ആക്രോശിച്ചത്.

ഇതോടെ യുവരാജും തിരിച്ചടിച്ചു. എന്റെ കയ്യിലിരിക്കുന്ന ബാറ്റു കണ്ടോ? ഈ ബാറ്റുകൊണ്ട് നിന്റെ ഏതു ഭാഗത്താണ് ഞാന്‍ തല്ലുകയെന്ന് പറയാനാവില്ല. എന്നായിരുന്നു യുവിയുടെ മറുപടി.

‘ഇത്രയുമായപ്പോഴേക്കും അംപയര്‍ ഇടപെട്ടു. പക്ഷേ, ആ വഴക്കോടെ എനിക്ക് കടുത്ത ദേഷ്യമായി. എല്ലാ പന്തും അടിച്ചുപറത്താനാണ് തോന്നിയത്. അത് എന്റെ ദിനമായിരുന്നതിനാല്‍ എല്ലാം കിറുകൃത്യമായി’ യുവരാജ് പറഞ്ഞു.

അന്ന് ബ്രോഡിനെതിരെ നടത്തിയ പ്രകടനം സഹിതം 12 പന്തില്‍നിന്ന് യുവരാജ് നേടിയ അര്‍ധസെഞ്ചുറി ഇന്നും രാജ്യാന്തര ക്രിക്കറ്റിലെ അതിവേഗ അര്‍ധസെഞ്ചുറിയാണ്. മത്സരത്തിലാകെ 16 പന്തുകള്‍ നേരിട്ട യുവരാജ് നാലു ഫോറും ഏഴു സിക്‌സും സഹിതം 58 റണ്‍സാണ് നേടിയത്. ഇന്ത്യ ആകെ നേടിയത് 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 218 റണ്‍സ്. മറുപടി ഇംഗ്ലണ്ടിന് നേടാനായത് ആറു വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സ്. 18 റണ്‍സ് വിജയവുമായി ഇന്ത്യ ഇംഗ്ലണ്ടിനെ മറികടക്കുകയും ചെയ്തു.

You Might Also Like