പ്രതിരോധത്തിൽ മാനെക്വിൻ ചലഞ്ചുമായി വൈനാൽഡം, സമൂഹമാധ്യമങ്ങളിൽ പരിഹാസശരങ്ങളുമായി ആരാധകർ

Image 3
Champions LeagueFeaturedFootball

റയൽ മാഡ്രിഡിനെതിരെ ഒന്നിനെതിരെ മൂന്നു ഗോളിന്റെ ദയനീയ തോൽവിയാണു ക്ളോപ്പിന്റെ ലിവർപൂളിന് എറ്റു വാങ്ങേണ്ടി വന്നിരിക്കുന്നത്. ലിവർപൂൾ താരം ട്രെൻഡ് അലക്സാണ്ടർ അർനോൾഡിന്റെ അബദ്ധത്തിൽ നിന്നും ലഭിച്ച പന്ത് അസെൻസിയോ ലക്ഷ്യത്തിലെത്തിച്ചതിനോടൊപ്പം വിനിഷ്യസ് ജൂനിയറിന്റെ ഇരട്ടഗോൾ പ്രകടനമാണ് റയൽ മാഡ്രിഡിനു മികച്ച വിജയം സമ്മാനിച്ചത്. ലിവർപൂളിന്റെ ദുർബലമായ പ്രതിരോധം മുതലെടുത്തു റയൽ മാഡ്രിഡ്‌ നടത്തിയ മുന്നേറ്റങ്ങളാണ് ഗോളിൽ കലാശിച്ചത്.

താരങ്ങളുടെ പ്രകടനത്തെ വിലയിരുത്തിക്കൊണ്ട് സോഷ്യൽ മീഡിയയിലൂടെ വൻ വിമർശനങ്ങളാണ് ഉയർന്നിരിക്കുന്നത്. അതിൽ ഏറ്റവും പ്രധാപ്പെട്ടത് ക്യാപ്റ്റനായ ജോർജിഞ്ഞോ വൈനാൽഡത്തിൻ്റെ പ്രകടനത്തെക്കുറിച്ചുള്ളതായിരുന്നു. വിനിഷ്യസ് ജൂനിയർ രണ്ടാം ഗോൾ നേടുമ്പോൾ വൈനാൽഡം ലൂക്കാ മോഡ്രിച്ച് അസിസ്റ്റു ചെയ്യുന്നതു വരെ നോക്കി നിൽക്കുന്ന വീഡിയോ ശകലം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

ഇതിനെ ഉദ്ദരിച്ചു കൊണ്ട് ക്യാപ്റ്റനെതിരെ വൻ വിമർശനങ്ങളാണ് ലിവർപൂൾ ആരാധകർ അഴിച്ചു വിട്ടിരിക്കുന്നത്. പ്രതിരോധത്തിനെ സഹായിക്കാതെ നോക്കി മോഡ്രിച്ച് പന്തു കൊണ്ട് പെനാൽറ്റി ബോക്സിലേക്ക് കടന്നു വിനിഷ്യസിനു പന്തു നൽകുന്നത് വൈനാൽഡം നോക്കി നിൽക്കുകയായിരുന്നു. ഗോൾകീപ്പർ അലിസണെ മറികടക്കാൻ വളരെ ലളിതമായി വഴിതിരിച്ചുവിടുക മാത്രമേ വിനിഷ്യസിനു അവശ്യമായി വന്നുള്ളുവെന്നതാണ് വസ്തുത.

ചാമ്പ്യൻസ്‌ലീഗ് മത്സരത്തിനിടെ മാനെക്വിൻ ചലഞ്ച് കാണിച്ച ഏക ക്യാപ്റ്റൻ ആയിരിക്കും വൈനാൽഡം എന്നാ രീതിയിലുള്ള പരിഹാസങ്ങളാണ് ലിവർപൂൾ ആരാധകർ സമൂഹമാധ്യമങ്ങളിലൂടെ പങ്കു വെക്കുന്നത്. കമ്പ്യൂട്ടർ ഗെയിമിൽ കൺട്രോളർ കണക്ഷൻ പോയ കളിക്കാരനെപ്പോലെയെന്നു മറ്റൊരു ആരാധകൻ ട്വിറ്ററിൽ കുറിക്കുന്നു. എന്തായാലും മത്സരശേഷം താരത്തിന്റെ ഈ ഉത്തരവാദിത്തരഹിതമായ സമീപനത്തിനെതിരെ വലിയ വിമർശനമാണ് ഉയർന്നിരിക്കുന്നത്.