ഏകദിന പരമ്പരയില്‍ തോറ്റമ്പാന്‍ കാരണം ആ രണ്ട് ഇന്ത്യന്‍ താരങ്ങളെന്ന് വിന്‍ഡീസ് പരിശീലകന്‍
ഏകദിന പരമ്പരയില്‍ ഇന്ത്യയോട് 3-0ന് അടിയറവ് പറയാന്‍ കാരണം രണ്ട് ഇന്ത്യന്‍ താരങ്ങളുടെ നിര്‍ണായക പ്രകടനമാണെന്ന് വിന്‍ഡീസ് പരിശീലകന്‍ ഫില്‍ സിമണ്‍സ്. ബാറ്റിംഗില്‍ ശുഭ്മാന്‍ ഗില്ലിന്റെയും ബൗളിംഗില്‍ മുഹമ്മദ് സിറാജിന്റെയും പ്രകടനങ്ങളാണ് ഇന്ത്യയ്ക്ക് നിര്‍ണ്ണായമായതെന്നും ഇതാണ് വിന്‍ഡീസിനെ സമ്പൂര്‍ണ്ണ തോല്‍വിയിലേക്ക് എത്തിച്ചതെന്നും സിമണ്‍സ് പറഞ്ഞു.
‘ഒരു കാര്യം, രണ്ടുപേരുടെ പ്രകടനങ്ങളാണ് പരമ്പരയുടെ ഗതി നിര്‍ണയിച്ചത്. ഒന്ന് ഇന്ത്യന്‍ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിന്റേത്, രണ്ട് മുഹമ്മദ് സിറാജിന്റെ ബൗളിംഗ്. ആദ്യ മത്സരത്തിന്റെ അവസാന ഓവറില്‍ സിറാജിന്റെ ബൗളിംഗ് ഗംഭീരമായിരുന്നു. വെസ്റ്റ് ഇന്‍ഡീസിനെക്കാള്‍ ഇന്ത്യ മുന്‍തൂക്കം നേടിയതും ബൗളിംഗിലായിരുന്നു’ സിമ്മന്‍സ് പറഞ്ഞു.
‘അവസാന ഏകദിനത്തിലെ തോല്‍വിക്ക് കാരണം മഴയാണെന്ന് പറയാനാവില്ലെന്നും സിമണ്‍സ് പറഞ്ഞു. മഴ രണ്ട് ടീമുകളെയും ഒരുപോലെ ബാധിച്ചു. അതുകൊണ്ടുതന്നെ അതൊരു ഒഴിവുകഴിവായി പറയാനാവില്ല. റണ്‍ ചേസില്‍ ഞങ്ങള്‍ക്ക് ഒരുപാട് വിക്കറ്റുകള്‍ നഷ്ടമായി. പത്തോവറുകള്‍ ബാക്കിയുള്ളപ്പോഴും ലക്ഷ്യത്തിലേക്കുള്ള റണ്‍റേറ്റില്‍ ഞങ്ങള്‍ മികച്ച നിലയിലായിരുന്നു. പക്ഷെ, കൂടുതല്‍ വിക്കറ്റുകള്‍ നഷ്ടമായത് തിരിച്ചടിയായി’ സിമണ്‍സ് പറഞ്ഞു.
ഏകദിന പരമ്പര കൈവിട്ടെങ്കിലും ടി20 പരമ്പരയില്‍ തിരിച്ചുവരാന്‍ ശ്രമിക്കുമെന്ന് വിന്‍ഡീസ് നായകന്‍ നിക്കോളാസ് പുരാന്‍ പറഞ്ഞു. ആദ്യ രണ്ട് കളികളിലും വിജയത്തിന് അടുത്തുവരെ എത്താനായെങ്കിലും അവസാനം കളി കൈവിട്ടു. കഴിവിന്റെ പരമാവധി കളിക്കാരെല്ലാം മികച്ച പ്രകടനം നടത്തിയെന്നും അവസാന ഏകദിനത്തില്‍ തുടക്കത്തിലെ ഒരുപാട് വിക്കറ്റുകള്‍ നഷ്ടമാതാണ് തിരിച്ചടിയായതെന്നും പുരാന്‍ പറഞ്ഞു.