ബൗളിംഗും ചെയ്യാതെ ജഡേജ, പിന്നെന്തിന് ടീമിലെന്ന് ക്രിക്കറ്റ് ലോകം, വിവാദം കത്തുന്നു

Image 3
CricketFeaturedWorldcup

ടി20 ലോകകപ്പിലെ അമേരിക്കയ്‌ക്കെതിരായ മത്സരത്തില്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയെ എന്തിന് ടീമിലെടുത്തു എന്ന ചോദ്യം ഉയര്‍ത്തുകയാണ് ഒരു വിഭാഗം ആരാധകര്‍. മത്സരത്തില്‍ ജഡേജയെ കൊണ്ട് ഒരോവര്‍ പോലും ചെയ്യിപ്പിക്കാന്‍ രോഹിത് ശര്‍മ തയ്യാറായില്ല. ബാറ്റിങിലാവട്ടെ ജഡേജയ്ക്ക് ഇറങ്ങേണ്ട സാഹചര്യം വരുകയും ചെയ്തില്ല. ഇതോടെയാണ് ഇക്കാര്യത്തില്‍ വലിയ ചര്‍ച്ച നടക്കുന്നത്.

ആറു ബൗളര്‍മാരെയാണ് അമേരിക്കയ്ക്കെതിരേ രോഹിത് പരീക്ഷിച്ചത്. ഇക്കൂട്ടത്തില്‍ സീം ബൗളിങ് ഓള്‍റൗണ്ടര്‍ ശിവം ദുബെയുമുണ്ടായിരുന്നു. ടൂര്‍ണമെന്റില്‍ ആദ്യമായാണ് ദുബെയ്ക്ക് പന്തെറിയാന്‍ അവസരം കിട്ടിയത്. എന്നാല്‍ ബാറ്റിംഗ് ദുഷ്‌ക്കരമായ ന്യൂയോര്‍ക്ക് പിച്ചിലും അമേരിക്കന്‍ താരങ്ങള്‍ 11 റണ്‍സ് ദുബെയ്‌ക്കെതിരെ അടിച്ചെടുക്കുകയും ചെയ്തു.

എന്നാല്‍ ദുബെ ഉള്‍പ്പെടെ ആറ് പേര്‍ വരെ ബൗള്‍ ചെയ്തിട്ടും എന്തുകൊണ്ടാണ് ജഡേജയ്ക്കു ഒരോവര്‍ പോലും നല്‍കാതിരുന്നതെന്നാണ് ഉയരുന്ന ചോദ്യം.

ഈ ലോകകപ്പില്‍ ഇന്ത്യന്‍ നിരയില്‍ ഇതുവരെ കാര്യമായി ഒന്നും ചെയ്യാന്‍ കഴിയാത്ത താരമാണ് ജഡേജ. ബാറ്റിങിലും ബൗളിങിലും യാതൊരു സംഭാവനയും നല്‍കാന്‍ അദ്ദേഹത്തിനായിട്ടില്ല. അയര്‍ലാന്‍ഡ്, പാകിസ്താന്‍ എന്നിവര്‍ക്കെതിരായ ആദ്യ രണ്ടു മല്‍സരങ്ങളില്‍ ജഡേജ ബൗള്‍ ചെയ്തിരുന്നെങ്കിലും ഒരു വിക്കറ്റ് പോലും ലഭിച്ചില്ല. ബാറ്റിങെടുത്താല്‍ പാകിസ്താനെതിരേ മാത്രമാണ് അദ്ദേഹത്തിനു അവസരം കിട്ടിയത്. ഗോള്‍ഡന്‍ ഡെക്കായി ക്രീസ് വിടുകയും ചെയ്യുകയായിരുന്നു.

ഈ സാഹചര്യത്തിലാണ് അമേരിക്കയ്‌ക്കെതിരേയും ജഡേജയ്്ക്ക് കളിക്കാന്‍ അവസരം ലഭിച്ചത്. എന്നാല്‍ വെറുതെ ടീമിലെ ഒരംഗം മാത്രമായി ജഡേജയെ ഒതുക്കുകയായിരുന്നു.

സ്പെഷ്യലിസ്റ്റ് ഫീല്‍ഡറായാണോ ജഡ്ഡു ഇലവനിലേക്കു വന്നതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ജഡേജയ്ക്കു പകരം സ്പെഷ്യലിസ്റ്റ് ബാറ്ററായി സഞ്ജു സാംസണിനെയോ, സ്പെഷ്യലിസ്റ്റ് സ്പിന്നറായ കുല്‍ദീപ് യാദവിനെയോ ഇന്ത്യക്കു കളിപ്പിക്കാമായിരുന്നുവെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, അമേരിക്കയ്ക്കെതിരേ ഏഴു വിക്കറ്റിന്റെ വിജയമാണ് ഇന്ത്യന്‍ ടീം നേടിയത്. തുടര്‍ച്ചയായി മൂന്നാമത്തെ ജയത്തോടെ സൂപ്പര്‍ എട്ടിലേക്കു ഇന്ത്യ മുന്നേറുകയും ചെയ്തു.