എന്തുകൊണ്ട് ഇന്ത്യയ്ക്കായി കളിക്കുന്നില്ല, നിലപാട് വ്യക്തമാക്കി സൂപ്പര്‍ താരം

Image 3
CricketTeam India

ഏറെ നാളായി ഇന്ത്യന്‍ ടീമില്‍ നിന്നും വിട്ടുനില്‍ക്കുന്ന താരമാണ് ഇന്ത്യന്‍ താരം കെഎല്‍ രാഹുല്‍. കഴിഞ്ഞ ദിവസം ഇന്ത്യയുടെ സിംബാബ് വെ പര്യടനത്തിനുളള ഏകദിന ടീമിനെ പ്രഖ്യാപിച്ചപ്പോഴും രാഹുല്‍ ഇന്ത്യന്‍ ടീമില്‍ ഇടംപിടിച്ചിരുന്നില്ല. കഴിഞ്ഞ ഫെബ്രുവരിയിലാണ് രാഹുല്‍ ഇന്ത്യയ്ക്കായി അവസാനം ഒരു മത്സരം കളിച്ചത്. അതിനിടെ വന്ന ഐപിഎല്ലില്‍ രാഹുല്‍ കളിച്ചിരുന്നു.

ഇപ്പോള്‍ താന്‍ എന്തുകൊണ്ടാണ് സിംബാബ്‌വെക്കെതിരായ ഏകദിന പരമ്പരയില്‍ നിന്നും വിട്ടുനില്‍ക്കുന്നതെന്ന് വ്യക്തമാക്കി രംഗത്ത് വന്നിരിക്കുകയാണ് കെ എല്‍ രാഹുല്‍. ട്വിറ്ററിലൂടെയാണ് രാഹുലിന്റെ വിശദീകരണം.

‘എന്റെ ആരോഗ്യത്തെ കുറിച്ച് കുറച്ച് കാര്യങ്ങള്‍ അറിയിക്കാനുണ്ട്. ജൂണിലെ ശസ്ത്രക്രിയ വിജയകരമായിരുന്നു. വെസ്റ്റിന്‍ഡീസ് പര്യടനത്തില്‍ ഇന്ത്യക്കായിറങ്ങാം എന്ന പ്രതീക്ഷയോടെ പരിശീലനം ആരംഭിച്ചിരുന്നു. എന്നാല്‍ പരിക്ക് ഭേദമായി തിരിച്ചുവരാനുള്ള ശ്രമങ്ങള്‍ക്കിടെ കൊവിഡ് പിടിപെട്ടു. സ്വാഭാവികമായും തിരിച്ചുവരവ് കുറച്ച് ആഴ്ചകള്‍ വൈകി. കഴിയുന്നത്ര വേഗത്തില്‍ തിരിച്ചുവരാനുള്ള ശ്രമങ്ങളിലാണ്. കഴിയുന്നത്ര വേഗം സെലക്ഷനായി ലഭ്യമായിരിക്കും. രാജ്യത്തിനായി കളിക്കുന്നത് ഏറ്റവും അഭിമാനകരമായ കാര്യമാണ്. ഇന്ത്യന്‍ ജേഴ്‌സിയിലേക്ക് തിരിച്ചുവരാന്‍ കാത്തിരിക്കുകയാണ്’ എന്നും രാഹുല്‍ കുറിച്ചു.

ഇതോടെ ഏഷ്യ കപ്പിലാകും രാഹുലിന്റെ തിരിച്ചുവരവെന്ന് ഉറപ്പായി. വിരാട് കോഹ്ലി അടക്കമുളളവര്‍ ഏഷ്യ കപ്പില്‍ ഇന്ത്യന്‍ ടീമിലുണ്ടാകും

സിംബാബ്വെക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ശനിയാഴ്ചയാണ് സെലക്ടര്‍മാര്‍ പ്രഖ്യാപിച്ചത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ, ജസ്പ്രീത് ഭുംറ, മുഹമ്മദ് ഷമി തുടങ്ങിയവര്‍ക്ക് വിശ്രമം നല്‍കി. ശിഖര്‍ ധവാനാണ് സിംബാബ്വെയിലും ഇന്ത്യന്‍ നായകന്‍. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരായി മലയാളി താരം സഞ്ജു സാംസണും ഇഷാന്‍ കിഷനും ടീമിലുണ്ട്. പരിക്കില്‍ നിന്ന് മുക്തരായ പേസര്‍ ദീപക് ചാഹറും സ്പിന്നര്‍ വാഷിംഗ്ടണ്‍ സുന്ദറും തിരിച്ചെത്തിയത് ശ്രദ്ധേയം