ഫാറൂഖി മിന്നും ഫോമിലാണ്; രോഹിതും കോഹ്‌ലിയും പേടിക്കണം, കാരണങ്ങൾ ഇതാ

Image 3
CricketWorldcup

ഒരു ബില്യൺ ഇന്ത്യക്കാരുടെ പ്രതീക്ഷകൾ വഹിച്ചുകൊണ്ടാണ് വിരാട് കോഹ്ലിയും രോഹിത് ശർമ്മയും  ബാർബഡോസിലെ കെൻസിംഗ്ടൺ ഓവലിൽ അഫ്ഗാനിസ്ഥാനെതിരെ കളത്തിലിറങ്ങുന്നത്.  2024 ടി20 ലോകകപ്പിൽ ഇന്ത്യൻ സൂപ്പർതാരങ്ങൾ ഓപ്പണിങ്ങിൽ ഇതുവരെ ഒരു മികച്ച കൂട്ടുകെട്ട് പടുത്തുയർത്തിയിട്ടില്ല. ന്യൂയോർക്കിലെ ട്രിക്കി പിച്ചിൽ അയർലണ്ടിനെതിരെ രോഹിത് ശർമ്മ ഒരു അർധ സെഞ്ച്വറി നേടിയപ്പോൾ, കോഹ്ലി ഇപ്പോഴും ടൂർണമെന്റിൽ ഒരു വലിയ സ്കോറിനായി കാത്തിരിക്കുകയാണ്.

‘കാബൂൾ എക്‌സ്‌പ്രസ്’ എന്നറിയപ്പെടുന്ന ഫസൽഹഖ് ഫാറൂഖി, തന്റെ മാരക സ്വിങ് ബൗളിംഗ് പ്രകടനത്തിലൂടെ 2024 ടി20 ലോകകപ്പിൽ ഇതിനോടകം തന്നെ തരംഗം സൃഷ്ടിച്ചു കഴിഞ്ഞതാണ്. ഉഗാണ്ടയ്‌ക്കെതിരായ അഫ്‌ഗാനിസ്ഥാന്റെ മത്സരത്തിൽ ചരിത്രപരമായ അഞ്ച് വിക്കറ്റ് നേട്ടവും താരം കൈവരിച്ചു. തുടർന്ന് ന്യൂസിലൻഡിനെതിരെ നാല് വിക്കറ്റുകളും നേടിയ അദ്ദേഹം ഇതുവരെ ടൂർണമെന്റിലെ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരമാണ്. മൂന്ന് മത്സരങ്ങളിലായി 11.2 ഓവറിൽ 42 റൺസ് വഴങ്ങി 12 വിക്കറ്റാണ് ഫാറൂഖിയുടെ നേട്ടം. പുതിയ പന്ത് രണ്ട് വശത്തേക്കും സ്വിംഗ് ചെയ്യാനും സീമിൽ നിന്ന് ബ്രേക്ക് ചെയ്യാനും കഴിയുന്ന ഫാറൂഖിയുടെ ഇടംകൈ ആംഗിൾ മാരകമാണെന്ന് ഇതിനോടകം തെളിയിക്കപ്പെട്ടതാണ്. ഈ ലോകകപ്പിൽ പിഎൻജിക്കെതിരെ തുടർച്ചയായി രണ്ട് പന്തിൽ രണ്ട് വിക്കറ്റ് ഉൾപ്പെടെ, 12 വിക്കറ്റുകളിൽ ഏഴും പവർപ്ലേയിലാണ് താരം നേടിയത് – ആദ്യ ആറ് ഓവറുകളിൽ ഏതൊരു ബൗളറും നേടിയതിൽ കൂടുതൽ.

ഇന്ത്യയ്‌ക്കെതിരായ മത്സരത്തിൽ വിരാട് കോഹ്ലിയെയും രോഹിത് ശർമ്മയെയും വിറപ്പിക്കാൻ ഫസൽഹഖ് ഫാറൂഖിക്ക് കഴിയുമെന്ന് ഇതിഹാസ പേസർ ഡെയ്ൽ സ്റ്റെയ്‌ന്റെ വാദം.

 

“ഇന്ത്യ ബാർബഡോസിൽ അഫ്ഗാനിസ്ഥാനെതിരെ കളിക്കുമ്പോൾ ഞാൻ ഉറ്റുനോക്കുന്നത് , എനിക്ക് നിർണ്ണായക ഘടകങ്ങളിലൊന്ന് ഓപ്പണിംഗ് ബൗളർ ഫസൽഹഖ് ഫാറൂഖിയുടെ ഇടംകൈ സ്വിംഗ് ബൗളിംഗ്ആണ്. ഇന്ത്യയുടെ വലംകൈയ്യൻ ഓപ്പണിംഗ് ബാറ്റർമാരായ രോഹിത് ശർമ്മ, വിരാട് കോഹ്ലി, എന്നിവർക്കെതിരെ സ്വിങ് ചെയ്യാനും, ഇടംകൈയ്യനായ ഋഷഭ് പന്തിനെപ്പോലുള്ള ബാറ്റർക്കെതിരെ  സീം ചെയ്യാനും അദ്ദേഹത്തിന് കഴിയും.”

“ഒരു ഇടംകൈയ്യൻ ബൗളർ എന്ന നിലയിൽ, രോഹിത്തിനെയും കോഹ്ലിയെയും പുറത്താക്കാനുള്ള കഴിവ് ഫാറൂഖിക്കുണ്ട്. ഷഹീൻ ഷാ അഫ്രീദി മുമ്പ് ചെയ്തതുപോലെ രോഹിത്തിനെ എൽബിഡബ്ല്യു ആക്കാനും ഋഷഭ് പന്ത് വരുമ്പോൾ പന്ത് അവനിൽ നിന്ന് അകറ്റാനുമുള്ള കഴിവുകൾ അവനുണ്ട്. ബാർബഡോസിൽ വാശിയേറിയ ഒരു മത്സരം തന്നെ കാണാൻ സാധിക്കും.”

സ്റ്റെയ്ൻ കൂട്ടിച്ചേർത്തു.

ഇടംകൈയ്യൻ പേസിനെതിരെ രോഹിത്-കോഹ്‌ലിയുടെ പോരാട്ടങ്ങൾ

രോഹിത്തും കോഹ്ലിയും തങ്ങളുടെ കരിയറിൽ മികച്ച റെക്കോർഡുകൾ സ്വന്തമാക്കിയിട്ടുണ്ടെങ്കിലും, ഇടംകൈയ്യൻ പേസർമാർക്കെതിരെ അവർക്ക് കാര്യമായ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നിട്ടുണ്ട്. മിച്ചൽ സ്റ്റാർക്ക്, ട്രെന്റ് ബോൾട്ട്, മുഹമ്മദ് ആമിർ, ഷഹീൻ അഫ്രീദി എന്നിവരൊക്കെ ഐസിസി ടൂർണമെന്റുകളിലെ നിർണായക മത്സരങ്ങളിൽ ഇന്ത്യയുടെ ടോപ് ഓർഡറിനെ ഇളക്കിമറിച്ചിട്ടുണ്ട്. ഈ ടൂർണമെന്റിലും ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ഹൈ-ഒക്ടേൻ മത്സരത്തിൽ ഷഹീന്റെ പന്തിൽ ഹാരിസ് റൗഫിന് ക്യാച്ച് നൽകിയാണ് രോഹിത് പുറത്തായത്. ഇടംകൈയ്യൻ പേസറായ സൗരഭ് നേത്രവൽക്കറിന്റെ പന്തിലാണ് രോഹിതും കോഹ്‌ലിയും എഡ്ജ് നൽകി മടങ്ങിയതെന്നും മറക്കരുത്.

ടി20യിൽ ഇടംകൈയ്യൻ പേസിനെ നേരിടുമ്പോൾ കോഹ്ലിക്കും രോഹിത്തിനും മികച്ച റെക്കോർഡല്ല പറയാനുള്ളത്. കോഹ്ലി 14 തവണ ഇടംകൈയൻ പേസിനെതിരെ പുറത്തായി. ടി20യിൽ ഇടംകൈയ്യൻ പേസർമാർക്കെതിരെ 30.42 ശരാശരിയുണ്ട് കോഹ്‌ലിക്ക്. രോഹിത് 23 തവണ ഇടംകൈയൻ പേസിനെതിരെ പുറത്തായി. ഇടംകൈയ്യൻ സ്പീഡ്‌സ്റ്ററുകൾക്കെതിരെ 16.69 ആണ് ഹിറ്റ്മാന്റെ ശരാശരി. 2024 ജനുവരിയിൽ നടന്ന 3 മത്സരങ്ങളുടെ ടി20 പരമ്പരയിൽ ഫാറൂഖിക്കെതിരായ രോഹിത്തിന്റെ  പ്രകടനം മറ്റൊരു ആശങ്കാജനകമായ ഘടകമാണ്. ആദ്യ ടി20യിൽ അഫ്ഗാൻ പേസർ 3 പന്തിൽ ഡക്കിന് രോഹിത്തിനെ പുറത്താക്കി. എന്നിരുന്നാലും, മൂന്നാം ടി20 മത്സരത്തിൽ രോഹിത് ഒരു സെഞ്ച്വറി നേടിയിരുന്നു, അത് അദ്ദേഹത്തിന് ആത്മവിശ്വാസം നൽകും.