ഇംഗ്ലണ്ടിന്റെ കുതന്ത്രമായിരുന്നു ഐപിഎല്ലിലേക്ക് അവന്റെ വരവ്

Image 3
CricketIPL

ഐപിഎല്ലിലെ 14ാം സീസണില്‍ ഇംഗ്ലീഷ് താരം ജാസണ്‍ റോയ് കളിക്കാന്‍ തയ്യാറായത് ഏറ്റവും അവസാനമായിരുന്നു. ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ മിച്ചല്‍ മാര്‍ഷ് ഐപിഎലില്‍ കളിക്കാനില്ലെന്നു പറഞ്ഞതോടെയാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പകരക്കാരനായി ജാസണ്‍ റോയെ ടീമിലെത്തിച്ചത്.

എന്നാല്‍ ഡേവിഡ് വാര്‍ണര്‍, ജോണി ബെയര്‍‌സ്റ്റോ എന്ന സെറ്റായ, ഫോമിലെത്തിയാല്‍ അതീവ അപകടകാരികളായ കോംബോ ഓപ്പണിങ്ങില്‍ ഉള്ളപ്പോള്‍ മറ്റൊരു വെടിക്കെട്ട് ഓപ്പണറെ ടീമിലെത്തിച്ചത് ആരാധകരില്‍ പലരെയും അദ്ഭുതപ്പെടുത്തുന്നതായിരുന്നു. ഇതോടെ പല വ്യാഖ്യാനങ്ങലും ഇക്കാര്യത്തെ കുറിച്ച് പ്രചരിച്ചു.

സണ്‍റൈസേഴ്‌സ് കോച്ച് ട്രെവര്‍ ബെയ്ലിസിന് പഴയ ശിഷ്യനോടുള്ള വാത്സല്യമാണോ സിലക്ഷനു പിന്നിലെന്നാണ് ആരാധകരില്‍ ഒരു വിഭാഗത്തിന്റെ സംശയം പ്രകടിപ്പിച്ചത്. 2015 മുതല്‍ 19 വരെ ഇംഗ്ലണ്ട് ടീമിന്റെ കോച്ചായിരുന്നു ബെയ്ലിസ്.

എന്നാല്‍ റോയ് ടീമിലെത്തിയതിന് പിന്നിലെ യഥാര്‍ത്ഥ കാരണം ഇതൊന്നുമല്ല. ഐപിഎല്ലിന് ശേഷം നടക്കുന്ന ടി20 ലോകകപ്പ് ലക്ഷ്യമിട്ടാണ് റോയ് കടുത്ത ബബിള്‍ നിയന്ത്രണങ്ങള്‍ സഹിച്ച് ഇന്ത്യയിലേക്ക് വരാന്‍ തയ്യാറായത്.

ഇംഗ്ലണ്ടിന്റെ ട്വന്റി20 ക്യാപ്റ്റന്‍ ഒയിന്‍ മോര്‍ഗന്‍, പ്രധാനതാരങ്ങളായ ബെന്‍ സ്റ്റോക്‌സ്, ജോസ് ബട്ലര്‍, ജോണി ബെയര്‍‌സ്റ്റോ, ഡേവിഡ് മലാന്‍, ജോഫ്ര ആര്‍ച്ചര്‍, ക്രിസ് ജോര്‍ദാന്‍, മോയിന്‍ അലി, സാം കറന്‍, ലിയാം ലിവിങ്സ്റ്റണ്‍ എന്നിവരെല്ലാം ഐപിഎല്‍ ടീമുകളിലുണ്ട്. സാഹചര്യങ്ങളുമായി പരമാവധി ഇണങ്ങി കളി കൂടുതല്‍ മെച്ചപ്പെടുത്തുക തന്നെയാണ് ഇവരുടെ ലക്ഷ്യം.