എന്തിനാണ് സഞ്ജുവിനേയും പന്തിനേയും നായകന്മാരാക്കിയത്, പൊട്ടിത്തെറിച്ച് ഇന്ത്യന്‍ താരം

ഐപിഎല്ലില്‍ യുവ ഇന്ത്യന്‍ താരങ്ങളായ സഞ്ജു സാംസണിനേയും റിഷഭ് പന്തിനേയും എല്ലാം നായകനാക്കിയ ഫ്രാഞ്ചസികളുടെ നടപടികള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍. ടി20യില്‍ സ്‌പെഷ്യലിസ്റ്റ് ക്യാപ്റ്റന്‍മാരെ പരിഗണിക്കേണ്ട സമയം അതിക്രമിച്ച് കഴിഞ്ഞെന്നും മഞ്രേക്കര്‍ പറഞ്ഞു.

ഐപിഎല്‍ 14ാം സീസണിന്റെ ഫൈനലില്‍ എത്തിയ രണ്ട് ടീമുകളുടേയും ക്യാപ്റ്റന്മാരെ ചൂണ്ടിയാണ് മഞ്ജരേക്കറുടെ നിരീക്ഷണം.

‘പരിചയസമ്പന്നരായ ക്യാപ്റ്റന്മാര്‍ നയിച്ച രണ്ട് ടീമുകളാണ് ഫൈനലില്‍ എത്തിയത്, മോര്‍ഗനും എംഎസ് ധോനിയും. ട്വന്റി20 സ്പെഷ്യലിസ്റ്റ് ബൗളറേയും ബാറ്റ്സ്മാനേയും നോക്കുന്നത് പോലെ ട്വന്റി20 സ്പെഷ്യലിസ്റ്റ് ക്യാപ്റ്റന്‍മാരിലേക്കും നോക്കേണ്ട സമയമായി.ഋഷഭ് പന്തിനും സഞ്ജുവിനും ശ്രേയസിനുമെല്ലാം നായകത്വം നല്‍കിയത് എങ്ങനെയെന്ന് എനിക്ക് മനസിലാവുന്നില്ല’ മഞ്ജരേക്കര്‍ പറഞ്ഞു.

‘ചെന്നൈ സൂപ്പര്‍ കിങ്സിനെ നോക്കു. അവര്‍ക്ക് പോരായ്മകളുണ്ട്. എന്നാല്‍ പ്ലേയിങ് ഇലവനില്‍ നിന്ന് അവരുടെ ഏറ്റവും മികവ് കണ്ടെത്താന്‍ ധോണിക്ക് കഴിയുന്നു. സഞ്ജുവും പന്തുമാവട്ടെ അവരുടെ കളി തന്നെ മിനുക്കി എടുക്കേണ്ട ഘട്ടത്തിലാണ് ഈ അതികഭാരം ചുമക്കുന്നത്’ മഞ്ജരേക്കര്‍ ചൂണ്ടിക്കാണിക്കുന്നു.

24 വയസിലാണ് ഋഷഭ് പന്ത് ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ക്യാപ്റ്റനായത്. ഐപിഎല്ലില്‍ ഇപ്പോഴുള്ളതില്‍ ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റനാണ് പന്ത്. ശ്രേയസ് അയ്യറിന് പരിക്കേറ്റതോടെയാണ് പതിനാലാം സീസണില്‍ റിഷഭ് പന്ത് നായകനായത്. സഞ്ജുവാകട്ടെ ഈ സീസണില്‍ മുഴുവന്‍ രാജസ്ഥാനെ നയിച്ചിരുന്നു.

You Might Also Like