സഹതാരങ്ങള്‍ക്കെതിരെ പൊട്ടിത്തെറിച്ച് ധോണി, കാരണക്കാര്‍ ഇവര്‍
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ തോല്‍വിയ്ക്ക് പിന്നാലെ സഹതാരങ്ങളെ പരോക്ഷമായി വിമര്‍ശിച്ച് നായകന്‍ എംഎസ് ധോണി. മത്സരത്തില്‍ ഫീല്‍ഡിംഗിലും ബൗളിംഗിലും സംഭവിച്ച ചില പാളിച്ചകളാണ് തിരിച്ചടിയായതെന്ന് ധോണി തുറന്ന പറയുന്നു. മത്സരശേഷം ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ധോണി.
‘ഇനിയും ചില കാര്യങ്ങളില്‍ മെച്ചപ്പെടാനുണ്ട്. ക്യാച്ചുകള്‍ പാഴാക്കുന്നു. നോബോളുകള്‍ എറിയുന്നു. തെറ്റുകള്‍ നാം വീണ്ടും ആവര്‍ത്തിച്ചു. 16-ാം ഓവറിന് ശേഷം രണ്ട് മോശം ഓവറുകള്‍ എറിഞ്ഞു. വരും മത്സരങ്ങളില്‍ ചെന്നൈ ശക്തമായി തിരിച്ചെത്തുമെന്നും’ മത്സരശേഷം ധോണി പറഞ്ഞു.
അതെസമയം ഒരു വിഭാഗം ആരാധകര്‍ ധോണിയ്‌ക്കെതിരെ ശക്തമായ ആരോപണം ഉന്നയിക്കുന്നുണ്ട്. ധോണിയുടെ മെല്ലപ്പോക്കാണ് തിരിച്ചടിയായതെന്നാണ് ഇവരുടെ ഭാവം.
സണ്‍റൈസേഴ്സ് ഇന്നിംഗ്സിലെ അവസാന ഓവറിലെ ആദ്യ പന്തില്‍ പ്രിയം ഗാര്‍ഗിനെ പുറത്താക്കിയെങ്കിലും ഷാര്‍ദുല്‍ ഠാക്കൂറിന്റെ പന്ത് അംപയര്‍ നോബോള്‍ വിളിച്ചിരുന്നു. ദീപക് ചഹാര്‍ എറിഞ്ഞ 18-ാം ഓവറിലെ ആദ്യ രണ്ട് പന്തുകളിലും അഭിഷേക് ശര്‍മ്മയെ ചെന്നൈ ഫീല്‍ഡര്‍മാര്‍ നിലത്തിട്ടു. ഇതിലൊന്ന് സൂപ്പര്‍ ഫീല്‍ഡര്‍ രവീന്ദ്ര ജഡേജയ്ക്ക് അനായാസമായി എടുക്കാമായിരുന്ന ക്യാച്ചായിരുന്നു. സാം കറന്‍ എറിഞ്ഞ 17-ാം ഓവറില്‍ 22 ഉം ചഹാറിന്റെ 18-ാം ഓവറില്‍ 13 ഉം റണ്‍സ് നേടിയതാണ് സണ്‍റൈസേഴ്സിനെ മെച്ചപ്പെട്ട സ്‌കോറിലെത്തിച്ചത്.
ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ സണ്‍റൈസേഴ്സ് ഹൈദരാബാദ് ഏഴ് റണ്‍സിനാണ് തോല്‍പ്പിച്ചത്. 165 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈക്ക് 20 ഓവറില്‍ അഞ്ച് വിക്കറ്റിന് 157 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. 36 പന്തില്‍ 47 റണ്‍സുമായി പുറത്താകാതെ നിന്ന നായകന്‍ എം എസ് ധോണിക്ക് ചെന്നൈയെ ജയത്തിലെത്തിക്കാനായില്ല. ആഞ്ഞടിക്കാന്‍ അവസാന ഓവറുകള്‍ വരെ കാത്തുനിന്ന സൂപ്പര്‍ കിംഗ്‌സ് ഒരിക്കല്‍ കൂടി ജയം കൈവിടുകയായിരുന്നു. ഇതില്‍ ധോണിക്കെതിരെ വിമര്‍ശനം ശക്തമാണ്.
ചന്ദ്രിക ന്യൂസ് എഡിറ്ററും പ്രമുഖ മാധ്യമ പ്രവര്‍ത്തകനുമായ കമാല്‍ വരദൂര്‍ ഐപിഎല്ലിലെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്-സണ്‍റൈസസ് ഹൈദരാബാദ് മത്സരം വിലയിരുത്തുന്നു