അൻസു ഫാറ്റിക്ക് പകരം ആൽബക്ക് മാൻ ഓഫ് ദി മാച്ച്, കാരണം കേട്ടാൽ നിങ്ങൾ ചിരിക്കും

വിയ്യാറയലിനെതിരായ രണ്ടാം ലാലിഗ മത്സരത്തിൽ ബാഴ്സക്കു വേണ്ടി ഇരട്ടഗോളുകളോടെ മിന്നും പ്രകടനം കാഴ്ചവെച്ചെങ്കിലും കളിയിലെ മികച്ച താരത്തിനുള്ള പുരസ്കാരം അൻസു ഫാറ്റിക്ക് നൽകിയില്ല. ബാഴ്‌സയുടെ ലെഫ്റ്റ് ബാക്കായ ജോർദി ആൽബയെയാണ് മാൻ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടത്. വലിയവിഭാഗം ബാഴ്‌സ ആരാധകരും ഇതിനെ ചോദ്യം ചെയ്തിരുന്നു.

എന്നാൽ അൻസു ഫാറ്റിയുടെ പ്രായമാണ് ഫാറ്റിയെ അവാർഡ് നേട്ടത്തിൽ നിന്നും മാറ്റി നിർത്തിയതെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. പ്രമുഖ ബിയർ നിർമാണ കമ്പനിയായ ബഡ്വൈസറാണ് മാൻ ഓഫ് ദി മാച്ച് പുരസ്കാരം നൽകുന്നതെന്നതാണ് അതിനുള്ള കാരണമായി പറയുന്നത്. അതിനാൽ പതിനെട്ടു വയസു തികയാത്ത ഫാറ്റിക്ക് പുരസ്കാരം നൽകുന്നത് ഉചിതമാകില്ലെന്ന് നേതൃത്വം തീരുമാനിക്കുകയായിരുന്നത്രെ.

ഇന്നലത്തെ മത്സരത്തിൽ ഇരുപതു മിനുട്ടിനുള്ളിൽ രണ്ടു ഗോളുകളാണ് ഫാറ്റി നേടിയത്. അധികം വൈകാതെ തന്നെ മറ്റൊരു മുന്നേറ്റത്തിലൂടെ ഒരു പെനാൽട്ടിയും താരം നേടിയെടുക്കുകയും മെസിയത് ഗോളിലെത്തിക്കുകയും ചെയ്‌തു. വളരെ മികച്ച പ്രകടനം നടത്തിയിട്ടും മാൻ ഓഫ് ദി മാച്ച് നഷ്ടമായെങ്കിലും സ്പാനിഷ് വിസ്മയതാരത്തിനു ഇനിയുമേറെ നേട്ടങ്ങൾ ഭാവിയിൽ നേടാനാവുമെന്ന് ഇന്നലത്തെ മത്സരം തെളിയിച്ചിരിക്കുകയാണ്.

You Might Also Like