ടീമിന്ത്യയിലെത്തിയ പ്രസിദ്ധ് ആരാണ്? ഇതാ പുതിയ കൊടുങ്കാറ്റ്

ഇംഗ്ലണ്ടിനെതിരെയുളള ഏകദിന പരമ്പരയ്ക്കുളള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ സര്‍പ്രൈസായി ടീമിലെത്തിയ താരമാണ് മുരളി കൃഷ്ണ പ്രസിദ്ധ് കൃഷ്ണ. കര്‍ണാടക സ്വദേശിയായ പ്രസിദ്ധ് കൃഷ്ണ ഐപിഎല്ലിലൂടെ ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ ആദ്യം പിടിച്ചുപറ്റിയത്.

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിനായി മികച്ച രീതിയില്‍ പന്തെറിഞ്ഞ ഈ പേസര്‍ ഇക്കഴിഞ്ഞ വിജയ് ഹസാരെ ട്രോഫി ടൂര്‍ണമെന്റിലും തകര്‍പ്പന്‍ ഫോമിലാണ് കളിച്ചത്. വിജയ് ഹസാരെ ട്രോഫിയില്‍ കര്‍ണാടകയ്ക്കായി ഏഴ് മത്സരങ്ങളില്‍ നിന്ന് 14 വിക്കറ്റുകളാണ് പ്രസിദ്ധ് വീഴ്ത്തിയത്. ഒരു നാല് വിക്കറ്റ് നേട്ടവും ഇതിലുണ്ട്.

2019-20 വിജയ് ഹസാരെ ട്രോഫി പോരാട്ടത്തിലും ഉജ്ജ്വലമായി താരം പന്തെറിഞ്ഞു. എട്ട് മത്സരങ്ങളില്‍ നിന്ന് 17 വിക്കറ്റുകളാണ് ആ സീസണില്‍ താരം സ്വന്തമാക്കിയത്. അഞ്ച് വിക്കറ്റ് നേട്ടവും ഇതിലുണ്ട്.

ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യന്‍ പേസ് നിരയില്‍ ഏതെങ്കിലും ഒരു മത്സരത്തില്‍ പ്രസിദ്ധ് ഉണ്ടാകുമെന്ന് ഏതാണ്ട് ഉറപ്പായി കഴിഞ്ഞു. ഭുവനേശ്വര്‍ കുമാര്‍, ശാര്‍ദ്ദുല്‍ ഠാക്കൂര്‍ എന്നിവര്‍ക്കൊപ്പം മൂന്നാം പേസറായാണ് താരം അന്താരാഷ്ട്ര പോരാട്ടത്തില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുന്നത്.

ഇന്ത്യന്‍ ടീമിലേക്കുള്ള കന്നി വിളിയില്‍ സന്തോഷം പ്രകടിപ്പിച്ച താരം ടീമിനൊപ്പം ചേര്‍ന്നതിന്റെ ആകാംക്ഷയിലാണെന്നും പറഞ്ഞു. ഡൊമസ്റ്റിക്ക് സര്‍ക്കിളിലെ മികവാണ് തനിക്ക് ടീമിലേക്കുള്ള വഴി തുറന്നതെന്ന് പ്രസിദ്ധ് പറയുന്നു. തന്നില്‍ വിശ്വാസമര്‍പ്പിച്ച് ടീമില്‍ ഉള്‍പ്പെടുത്തിയ സെലക്ടര്‍മാരോട് നന്ദി പറയുന്നതായും പ്രസിദ്ധ് പറഞ്ഞു.

‘കോഹ്ലിയുടെ നായകത്വത്തിന് കീഴില്‍ കളിക്കുന്നതിന്റെ ആകാംക്ഷയിലാണ് ഞാന്‍. ലോകത്തിലെ ഏറ്റവും മികച്ച താരമാണ് അദ്ദേഹം. ലോകത്തിലെ മികച്ച ക്യാപ്റ്റനും അദ്ദേഹം തന്നെയാണ്. അദ്ദേഹം എന്നെ കുറിച്ച് പറഞ്ഞ വാക്കുകള്‍ അങ്ങേയറ്റം പ്രചോദനമേകുന്നതാണ്. അദ്ദേഹത്തിന്റെ വാക്കുകള്‍ നല്‍കുന്ന ആത്മവിശ്വാസവും ചെറുതല്ല. ഇപ്പോള്‍ ഇംഗ്ലണ്ടിനെതിരായ പരമ്പരയിലാണ് എന്റെ എല്ലാ ശ്രദ്ധയും’- പ്രസിദ്ധ് വ്യക്തമാക്കി.

You Might Also Like