എന്തുകൊണ്ട് ഐപിഎല്ലില്‍ നിന്ന് പിന്മാറി, യഥാര്‍ത്ഥ കാരണം വെളിപ്പെടുത്തി റെയ്‌ന

ഐപിഎല്‍ 13ാം സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സൂപ്പര്‍ താരമായിരുന്ന സുരേഷ് റെയ്‌നയുടെ പിന്മാറ്റം ഏറെ നാടകീയമായിട്ടായിരുന്നു. ഐപിഎല്ലിനായി യുഎഇയില്‍ എത്തിയതിന് ശേഷമായിരുന്നു റെയ്‌നയുടെ അപ്രതീക്ഷിത പിന്‍മാറ്റം.. വ്യക്തിപരമായ കാരണങ്ങള്‍ മൂലമാണ് ടീമില്‍ നിന്നും താന്‍ പിന്മാറിയതെന്നാണ് അന്ന് റെയ്‌ന പറഞ്ഞത്. എന്നാല്‍ ടീം മാനേജുമെന്റുമായി ഉടക്കിയാണ് റെയ്‌ന ടീം വിട്ടതെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വന്നിരുന്നു.

എന്നാല്‍ ഐപിഎല്‍ പിന്‍മാറ്റത്തെക്കുറിച്ച് ഇപ്പോള്‍ മനസ്സുതുറക്കുകയാണ് റെയ്ന. അന്നു അങ്ങനെ ചെയ്തതില്‍ തനിക്കു പശ്ചാത്താപമില്ലെന്നും അദ്ദേഹം പറഞ്ഞു.

എനിക്കു എന്തിനു പശ്ചാത്താപം തോന്നണം? മക്കള്‍ക്കൊപ്പമാണ് ഞാന്‍ സമയം ചെലവഴിച്ചത്, കുടുംബത്തിനു വേണ്ടിയായിരുന്നു അന്ന് അങ്ങനെ ചെയ്യേണ്ടി വന്നത്. കുടുംബത്തിനൊപ്പമുണ്ടാവണമെന്ന് ഞാന്‍ അതിയായി ആഗ്രഹിച്ചിരുന്നു. പഞ്ചാബില്‍ വച്ച് അമ്മാവനും കുടുംബാംഗങ്ങള്‍ക്കുമെതിരേ മോഷ്ടാക്കളുടെ ആക്രമണമുണ്ടായിരുന്നു. ആ സമത്തു കുടുംബത്തിന് എന്റെ സാന്നിധ്യം ആവശ്യമായിരുന്നു.

മഹാമാരിയുടെ സമയത്ത് ഞാന്‍ ഒപ്പം വേണമെന്നു ഭാര്യയും ആഗ്രഹിച്ചിരുന്നു. 20 വര്‍ഷമായി ഞാന്‍ കളിച്ചുകൊണ്ടിരിക്കുകയാണ്. ഇനിയും ഇതു തുടരാനാവുമെന്ന് എനിക്കറിയാം. എന്നാല്‍ കുടുംബത്തിന് ആവശ്യമുള്ളപ്പോള്‍ നിങ്ങള്‍ അവിടെ ഉണ്ടാവണം. ആ സമയത്ത് ഞാനെടുത്ത ഏറ്റവും ഉചിതമായ തീരുമാനം അതാണെന്നു വിശ്വസിക്കുന്നതായും റെയ്ന കൂട്ടിച്ചേര്‍ത്തു.

റെയ്നയുടെ പിന്‍മാറ്റത്തില്‍ നേരത്തേ സിഎസ്‌കെ ഉടമയും മുന്‍ ബിസിസിഐ പ്രസിഡന്റായ എന്‍ ശ്രീനിവാസന്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

റെയ്നയുടെ അഭാവം കഴിഞ്ഞ സീസണില്‍ സിഎസ്‌കെയ്ക്കു വന്‍ തിരിച്ചടിയായി മാറിയിരുന്നു. റെയ്‌നയില്ലാതെ ഇറങ്ങിയ അവര്‍ ആദ്യമയി പ്ലേഓഫില്‍ പോലുമെത്താതെയാണ് സിഎസ്‌കെ പുറത്താകുകയും ചെയ്തിരുന്നു.

You Might Also Like