അടുത്ത ടി20 ലോകകപ്പ് വേദി പ്രഖ്യാപിച്ചു, യോഗ്യതയ്ക്കായി ഇഞ്ചോടിഞ്ച് പോരാട്ടം

Image 3
CricketFeaturedWorldcup

യുഎസ്എയിലും വെസ്റ്റിന്‍ഡീസിലും നടന്ന ആവേശകരമായ ടി20 ലോകകപ്പ് അവസാനിച്ചിരിക്കുകയാണല്ലോ. നീണ്ട 17 വര്‍ഷത്തിന് ശേഷം ടി20 കിരീടം സ്വന്തമാക്കിയ ലഹരിയിലാണ് ടീം ഇന്ത്യ. ഇനി രണ്ട് വര്‍ഷത്തിനിപ്പുറം 2026 ല്‍ ആണ് അടുത്ത ടി20 ലോകകപ്പ് നടക്കുന്നത്. ഇന്ത്യയും ശ്രീലങ്കയും സംയുക്തമായാകും അടുത്ത ടി20 ലോകകപ്പ് പതിപ്പ് നടത്തുക.

എന്താണ് പ്രതീക്ഷിക്കേണ്ടത്?

ഇപ്പോള്‍ നടന്ന ടി20 ലോകകപപ്പ് പോലെ തന്നെയാണ്, 2026 ലോകകപ്പ് ടൂര്‍ണമെന്റും ഐസിസി ആസൂത്രണം ചെയ്തിരിക്കുന്നത്. ലോകകപ്പില്‍ 55 മത്സരങ്ങള്‍ തന്നെയുണ്ടാകും. അഞ്ച് ടീമുകള്‍ വീതമുള്ള നാല് ഗ്രൂപ്പുകളിലായാണ് മത്സരങ്ങള്‍ നടക്കുക. ഓരോ ഗ്രൂപ്പില്‍ നിന്നും ടോപ്പ് രണ്ട് ടീമുകള്‍ സൂപ്പര്‍ എട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടും. തുടര്‍ന്ന് സെമി ഫൈനലും ഫൈനലും നടന്ന് അടുത്ത ടി20 ലോകകപ്പ് ചാമ്പ്യനെ നിര്‍ണയിക്കും.

ആരാണ് ഇതിനകം യോഗ്യത നേടിയത്?

ആതിഥേയ രാജ്യങ്ങളായ ശ്രീലങ്കയും ഇന്ത്യയും ഇതിനോടകം തന്നെ 2026 ലോകകപ്പിലേക്ക് നേരിട്ട് യോഗ്യത നേടിയിട്ടുണ്ട്. ഇവരെ കൂടാതെ 2024 ലോകകപ്പിലെ പ്രകടനം, ഐസിസി റാങ്കിംഗ് എന്നിവ അടിസ്ഥാനമാക്കി മറ്റൊരു പത്ത് ടീമുകളും യോഗ്യത നേടിയിട്ടുണ്ട്. അഫ്ഗാനിസ്ഥാന്‍, ഓസ്‌ട്രേലിയ, ബംഗ്ലാദേശ്, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക, വെസ്റ്റിന്‍ഡീസ്, യുഎസ്എ തുടങ്ങിയ ടീമുകള്‍ 2024 ലെ സൂപ്പര്‍ എട്ട് ഘട്ടത്തിലെ പ്രകടനം അടിസ്ഥാനമാക്കി ലോകകപ്പിലേക്ക് യോഗ്യത നേടി.

2024ലെ ലോകകപ്പില്‍ സൂപ്പര്‍ എട്ട് യോഗ്യത നേടാനായില്ലെങ്കിലും പാകിസ്ഥാന്‍, ന്യൂസിലാന്‍ഡ്, അയര്‍ലന്‍ഡ് എന്നീ ടീമുകള്‍ റാങ്കിംഗ് മാനദണ്ഡം അനുസരിച്ചും 2026 ലോകകപ്പിലേക്ക് യോഗ്യത നേടിയിട്ടുണ്ട്.

2026 ലോകകപ്പിലേക്കുള്ള അവസാന എട്ട് ടീമുകളെ പ്രാദേശിക യോഗ്യതാ മത്സരങ്ങള്‍ അനുസരിച്ചാകും നിര്‍ണയിക്കുക. 2024 ലെ യോഗ്യതാ മത്സരങ്ങളുടെ രീതിയില്‍ തന്നെയായിരിക്കും ഈ മത്സരങ്ങളും നടക്കുക. ആഫ്രിക്ക, ഏഷ്യ, യൂറോപ്പ് എന്നീ ഭൂഖണ്ഡങ്ങളില്‍ നിന്ന് ഓരോ ടീമുകള്‍ വീതവും, അമേരിക്ക, കിഴക്കന്‍ ഏഷ്യ-പസഫിക് മേഖലകളില്‍ നിന്ന് ഓരോ ടീം വീതവും ലോകകപ്പിലേക്ക് എത്തും.

ലോകകപ്പ് യോഗ്യതയ്ക്കായുളള ഇനിയുളള പോരാട്ടങ്ങള്‍

ആഫ്രിക്ക: യുഗാണ്ട, നമീബിയ, സിംബാബ്വേ എന്നീ ടീമുകള്‍ രണ്ട് സ്ഥാനങ്ങള്‍ക്കായി കടുത്ത മത്സരം നടത്തുമെന്ന് പ്രതീക്ഷിക്കാം.

അമേരിക്ക: യുഎസ്എ ഇതിനകം യോഗ്യത നേടിക്കഴിഞ്ഞു. കാനഡ ഇത്തവണത്തേത് പോലെ വീണ്ടും ഒരേയൊരു സ്ഥാനം സ്വന്തമാക്കാനുള്ള സാധ്യത കൂടുതലാണ്.

ഏഷ്യ: നേപ്പാള്‍, ഒമാന്‍ക്ക് യോഗ്യതയ്ക്കായി കടുത്ത മത്സരങ്ങള്‍ നേരിടേണ്ടി വരും. യുഎഇ ഒമാന് വെല്ലുവിളിയാണ്.

കിഴക്കന്‍ ഏഷ്യ-പസഫിക്: പാപ്പുവ ന്യൂ ഗിനിയയ്ക്ക് സാധ്യത കൂടുതലെങ്കിലും ജപ്പാനും പരമാവധി പൊരുതും. വാനു, ഫിജി എന്നി രാജ്യങ്ങളും യോഗ്യത നേടാന്‍ പൊരുതും.

യൂറോപ്പ്: സ്‌കോട്ട്‌ലന്‍ഡും നെതര്‍ലാന്‍ഡ്‌സും മുന്നിലെത്താനാണ് സാധ്യത. എന്നാല്‍ അടുത്ത തവണ ഇറ്റലിയും വെല്ലുവിളി ഉയര്‍ത്തും