പാക് താരം അബ്ദുറസാഖിനെ തമന്ന വിവാഹം കഴിക്കുന്നോ?
പ്രശസ്ത ബോളിവുഡ് താരം തമന്ന ഭാട്യയുടെ വിവാഹം സംബന്ധിച്ച് ഊഹാപോഹങ്ങള്‍ നിറയുകയാണ് സോഷ്യല്‍ മീഡിയയില്‍. തമന്നയും പാക്കിസ്ഥാന്റെ മുന്‍ ഓള്‍റൗണ്ടര്‍ അബ്ദുല്‍ റസാഖും വിവാഹിതരാകുന്നു എന്നാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഇരുവരുമൊത്ത് ഒരു സ്വര്‍ണക്കടയില്‍നിന്നുള്ള ചിത്രങ്ങളും പുറത്തുവന്നിരുന്നു.
എന്നാല്‍ ഈ പ്രചരണത്തിന് യാഥാര്‍ത്യവുമായി ഒരു ബന്ധവുമില്ലെന്നതാണ് യാഥാര്‍ത്യം. തമന്ന തന്നെയാണ് ഇക്കാര്യം വെട്ടിത്തുറന്ന് പറയുന്നത്.
‘ഒരു നടനുമായി ചേര്‍ത്താണ് ആദ്യം എന്റെ വിവാഹവാര്‍ത്ത കേട്ടത്. പിന്നീട് ഒരു ക്രിക്കറ്റ് താരമായി. ഇപ്പോഴിതാ ഒരു ഡോക്ടറും. ഈ അഭ്യൂഹങ്ങളെല്ലാം കണ്ടാല്‍ ഞാന്‍ ഭര്‍ത്താവിനെ കണ്ടെത്താനായി പരക്കം പായുകയാണെന്ന് തോന്നും. സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടാനും ഇഷ്ടമാണെങ്കിലും ഇത്തരം അടിസ്ഥാനരഹിതമായ വാര്‍ത്തകളെ പ്രോത്സാഹിപ്പിക്കാനാകില്ല.’ തമന്ന പറയുന്നു.
2013ലാണ് അബ്ദുല്‍ റസാഖും തമന്നയും വിവാഹിതരാകുന്നു എന്ന വാര്‍ത്ത ആദ്യമായി പ്രചരിക്കപ്പെടുന്നത്. ആയിടയ്ക്ക് ഒരു സ്വര്‍ണക്കടയുടെ ഉദ്ഘാടനത്തിന് ഇരുവരും ഒരുമിച്ചെത്തിയപ്പോഴെടുത്ത ചിത്രം സഹിതമായിരുന്നു ഇത്. പിന്നീട് 2017ലും ഇതേ വാര്‍ത്ത വ്യാപകമായി പ്രചരിച്ചു. വിവാഹത്തിനുവേണ്ടി ഇരുവരും സ്വര്‍ണമെടുക്കുന്നു എന്ന തരത്തിലാണ് അഭ്യൂഹങ്ങള്‍ പ്രചരിക്കപ്പെട്ടത്.