ഇന്ത്യന്‍ ബാറ്റിംഗ് നിര പൊളിച്ചെഴുതണം, ഒടുവില്‍ പൊട്ടിത്തെറിച്ച് സഹീര്‍ ഖാനും

ഓസ്‌ട്രേലിയക്കെതിരെ വിശാഖപട്ടണത്ത് നടന്ന രണ്ടാം ഏകദിനത്തില്‍ കനത്ത തോല്‍വി ഏറ്റവുവാങ്ങിയ ഇന്ത്യന്‍ ടീം നാനാഭാഗത്ത് നിന്നും കനത്ത വിമര്‍ശനശരങ്ങളാണല്ലോ ഏറ്റുവാങ്ങുന്നത്. ഏറ്റവും ഒടുവില്‍ മുന്‍ ഇന്ത്യന്‍ താരം സഹീര്‍ ഖാനും ടീം ഇന്ത്യയ്‌ക്കെതിരെ രംഗത്തെത്തി.

ബാറ്റര്‍മാരുടെ പിടിപ്പുകേടാണ് ഇന്ത്യയെ കനത്ത തോല്‍വിയിലേക്ക് തള്ളിവിട്ടതെന്നാണ് സഹീര്‍ ആരോപിക്കുന്നത്. ബാറ്റിങ് നിര മികവോടെ നിന്നാല്‍ ബൗളിങ് നിരയ്ക്ക് ആത്മവിശ്വാസമുണ്ടാകും. അങ്ങനെ സംഭവിച്ചാല്‍ ബൗളിങ് നിരയ്ക്കും മുന്നേറ്റം സൃഷ്ടിക്കാന്‍ സാധിക്കുമെന്ന് സഹീര്‍ തുറന്നടിച്ചു. ഇന്ത്യയുടെ ബാറ്റിംഗ് നിര പുനസംഘടിപ്പിക്കണമെന്നും സഹീര്‍ ആവശ്യപ്പെടുന്നു.

‘ആദ്യ മത്സരം നോക്കു. ഓസ്‌ട്രേലിയയെ 188 റണ്‍സിന് ഓള്‍ഔട്ടാക്കാന്‍ നമുക്ക് സാധിച്ചു. എന്നാല്‍ രണ്ടാം മത്സരത്തില്‍ ടീമിന് ഒരു സ്വാധീനവുമുണ്ടായിരുന്നില്ല. ഒന്നാം ഏകദിനത്തില്‍ ഓസീസ് ബാറ്റര്‍മാര്‍ എങ്ങനെയാണോ കളിച്ചത് അതിനേക്കാള്‍ മോശമായ അവസ്ഥയിലേക്ക് നമ്മുടെ ബാറ്റിങ് നിര രണ്ടാം പോരില്‍ ടീമിനെ എത്തിച്ചു.’

‘രണ്ടാം മത്സരത്തില്‍ ബൗളര്‍മാര്‍ക്ക് ഒന്നും ചെയ്യാന്‍ ഉണ്ടായിരുന്നില്ല. ആദ്യ മത്സരത്തില്‍ ഓസീസ് ബാറ്റിങിനെ നിയന്ത്രിക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് സാധിച്ചു. കഴിഞ്ഞ രണ്ട് മത്സരങ്ങളിലേയും പ്രശ്‌നങ്ങള്‍ എവിടെയാണെന്ന് മനസിലാക്കണം. ആദ്യത്തെ പത്ത് ഓവറുകളാണ് രണ്ട് പോരാട്ടത്തിലും പ്രശ്‌നമായി വന്നത്. കൈയില്‍ ബാറ്റും വച്ചിട്ട് നമ്മുടെ താരങ്ങള്‍ എന്താണ് ചയ്യുന്നത്. മധ്യനിര ഒട്ടും സജ്ജമല്ല.’ സഹീര്‍ ആഞ്ഞടിച്ചു.

‘പുതിയ പന്തില്‍ മിച്ചല്‍ സ്റ്റാര്‍ക്ക് തന്റെ റോള്‍ ഭംഗിയാക്കിയതോടെ പിന്നാലെ വന്ന ബൗളര്‍മാര്‍ക്ക് സമ്മര്‍ദ്ദമില്ലാതെ പന്തെറിയാന്‍ സാധിക്കുന്നു. നമ്മുടെ ബാറ്റിങ് നിര വിക്കറ്റ് നഷ്ടപ്പെടുത്തുമ്പോള്‍ സമാനമായി പിന്നാലെ വരുന്നവരില്‍ സമ്മര്‍ദ്ദമുണ്ടാകുന്നു. ഇത്തരം സമ്മര്‍ദ്ദ ഘട്ടങ്ങളെ നിരാകരിക്കാനാണ് ടീം ശ്രദ്ധിക്കേണ്ടത്. അതൊരു വെല്ലുവിളിയാണ്. ബാറ്റിങിലാണ് ടീമിന്റെ മുന്നേറ്റത്തിന്റെ ശക്തിയിരിക്കുന്നത്. അതിനാല്‍ ബാറ്റിങ് നിര പുനഃസംഘടിക്കണം. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മികച്ച ആസൂത്രണം ആവശ്യമുണ്ട്. ബാറ്റര്‍മാര്‍ മികവ് പുലര്‍ത്തിയാല്‍ ബൗളിങ് നിരയും ആ മികവിലേക്ക് അനായാസം ഉയരും’ സഹീര്‍ തുറന്നടിച്ചു

 

You Might Also Like