കൊടുങ്കാറ്റായി പൊള്ളാര്‍ഡ്, ദക്ഷിണാഫ്രിക്ക കോട്ട തകര്‍ത്ത് വിന്‍ഡീസ്, പരമ്പര ആവേശകരമായ അന്ത്യത്തിലേക്ക്

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നാലാം ടി20യില്‍ വെസ്റ്റിന്‍ഡീസിന് 21 റണ്‍സിന്റെ തകര്‍പ്പന്‍ ജയം. ആദ്യ ബാറ്റ് ചെയ്ത വെസ്റ്റിന്‍ഡീസ് ആറ് വിക്കറ്റിന് 167 റണ്‍സാണ് സ്വന്തമാക്കിയത്. മറുപടി ബാറ്റിംഗില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ഒന്‍പത് വിക്കറ്റിന് 146 റണ്‍സെടുക്കാനെ ആയുളളു. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയില്‍ ഇരുടീമുകളും 2-2ന് ഒപ്പത്തിനൊപ്പമെത്തി.
ടോസ് നഷ്ടമായി ആദ്യം ബാറ്റിംഗിനിറങ്ങിയ വെസ്റ്റിന്‍ഡീസിനായി ഓപ്പണര്‍ ലെന്‍ഡി സിമ്മന്‍സും നായകന്‍ കീറോണ്‍ പൊള്ളാര്‍ഡുമാണ് മികച്ച പ്രകടനം കാഴ്ച്ചവെച്ചത്. സിമ്മന്‍സ് 34 പന്തില്‍ നാല് ഫോറും നാല് സിക്‌സും സഹിതം 47 റണ്‍സെടുത്തു. പൊള്ളാര്‍ഡ് ആകട്ടെ വെറും 25 പന്തില്‍ രണ്ട് ഫോറും അഞ്ച് സിക്‌സും സഹിതം 50 റണ്‍സും സ്വന്തമാക്കി.
മറ്റാര്‍ക്കും ബാറ്റിംഗില്‍ കാര്യമായി തിളങ്ങാനായില്ല. 16 റണ്‍സെടുത്ത നിക്കോളാ പൂരാനും 19 റണ്‍സുമായി പുറത്താകാതെ നിന്ന ഫാബിന്‍ അലനുമാണ് രണ്ടക്കം നടന്ന മറ്റ് ബാറ്റ്‌സ്മാന്‍മാര്‍. ലെവിസ് (7), ക്രിസ് ഗെയില്‍ (5), ഹെറ്റ്‌മേയര്‍ (7), ആന്‍േ്രദ റസ്സല്‍ (9) എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ സംഭാവന. ദക്ഷിണാഫ്രിക്കയ്ക്കായി ജോര്‍ജ് ലിന്‍ഡേയും തബ്രിസ് ഷംസിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്കായി അര്‍ധ സെഞ്ച്വറി നേടിയ ഓപ്പണര്‍ ക്വിന്റന്‍ ഡികോക്ക് മാത്രമാണ് തിളങ്ങിയത്. ഡികോക്ക് 43 പന്തില്‍ ആറ് ഫോറും രണ്ട് സിക്‌സും സഹിതം 60 റണ്‍സ് സ്വന്തമാക്കി. മാര്‍ക്കരം (20), ഡേവിഡ് മില്ലര്‍ (12), കഗിസോ റബാഡ (16*) എന്നിവരാണ് രണ്ടക്കം കടന്ന മറ്റ് ബാറ്റ്‌സ്മാന്‍മാര്‍.
നാല് ഓവറില്‍ 19 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ ഡ്വയ്ല്‍ ബ്രാവോയാണ് ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗ് നിരയുടെ നടുവൊടിച്ചത്. ആേ്രന്ദ റസ്സല്‍ രണ്ട് വിക്കറ്റും നേടി. വെടിക്കെട്ട് അര്‍ധ സെഞ്ച്വറിയും ഒരു വിക്കറ്റുമായി വിന്‍ഡീസ് വിജയത്തിന് ചു്ക്കാന്‍ പിടിച്ച നായകന്‍ പൊള്ളാര്‍ഡ് ആണ് കളിയിലെ താരം.