ഹാട്രിക്കുമായി അമ്പരപ്പിച്ച് മഹാരാജ്, വിന്‍ഡീസിനെ തൂത്തൂവാരി ദക്ഷിണാഫ്രിക്ക

Image 3
CricketCricket News

വെസ്റ്റിന്‍ഡീസിനെതിരെ ടെസ്റ്റ് പരമ്പര തൂത്തുവാരി ദക്ഷിണാഫ്രിക്ക. രണ്ടാം ടെസ്റ്റില്‍ വെസ്റ്റിന്‍ഡീസിനെ 158 റണ്‍സിന് തകര്‍ത്തതോടെയാണ് ദക്ഷിണാഫ്രിക്ക ആധികാരികമായി തന്നെ പരമ്പര സ്വന്തമാക്കിയത്.

323 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റേന്തിയ വെസ്റ്റിന്‍ഡീസ് രണ്ടാം ഇന്നിംഗ്‌സില്‍ വെറും 165 റണ്‍സിന് പുറത്തായതോടെയാണ് ദക്ഷിണാഫ്രിക്ക അനായസാം പരമ്പര സ്വന്തമാക്കിയത്.

കേശവ് മഹാരാജ് ഹാട്രിക്ക് ഉള്‍പ്പെടെ അഞ്ച് വിക്കറ്റ് നേടിയപ്പോള്‍ കാഗിസോ റബാഡ മൂന്ന് വിക്കറ്റുമായി മികച്ച പിന്തുണ നല്‍കി. 17.3 ഓവറില്‍ 36 റണ്‍സ് വഴങ്ങിയാണ് മഹാരാജ് അഞ്ച് വിക്കറ്റ് വീഴ്ത്തിയത്. റബാഡയാകട്ടെ 16 ഓവറില്‍ 44 റണ്‍സ് വഴങ്ങിയാണ് മൂന്ന് വിക്കറ്റ് സ്വന്തമാക്കിയത്.

കീരന്‍ പവല്‍(51), കൈല്‍ മയേഴ്‌സ്(34), ജെര്‍മൈന്‍ ബ്ലാക്ക്വുഡ്(25), കെമര്‍ റോച്ച്(27) എന്നിവരാണ് ആതിഥേയര്‍ക്കായി റണ്‍സ് കണ്ടെത്തിയ താരങ്ങള്‍.

നേരത്തെ വിന്‍ഡീസിന്റെ ആദ്യ ഇന്നിംഗ്‌സ് 149 റണ്‍സില്‍ അവസാനിച്ചിരുന്നു. ദക്ഷിണാഫ്രിക്ക ആദ്യ ഇന്നിംഗ്‌സില്‍ 298 റണ്‍സും രണ്ടാം ഇന്നിംഗ്‌സില്‍ 175 റണ്‍സുമാണ് നേടിയത്.