ആദ്യം എറിഞ്ഞിട്ടു, പിന്നാലെ ക്ലാസിക്ക് ഫിനിഷിംഗ്, കിവീസിനെ തകര്‍ത്ത് വിന്‍ഡീസ്

ന്യൂസിലന്‍ഡിനെതിരെ ഒന്നാം ഏകദിന മത്സരത്തില്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കി വെസ്റ്റിന്‍ഡീസ്. അഞ്ച് വിക്കറ്റിനാണ് ന്യൂസിന്‍ഡിനെ വെസ്റ്റിന്‍ഡീസ് തകര്‍ത്തത്. ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 191 റണ്‍സ് വിജയലക്ഷ്യം വെസ്റ്റിന്‍ഡീസ് 66 പന്ത് ബാക്കി നില്‍ക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ മറികടക്കുകയായിരുന്നു.

മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ അഖില്‍ ഹുസൈനും അല്‍സാരി ജോസഫുമാണ് ന്യൂസിലന്‍ഡ് ബാറ്റിംഗ് നിരയുടെ നട്ടെല്ലൊടിച്ചത്. അഖില്‍ ഹുസൈന്‍ 10 ഓവറില്‍ 28 റണ്‍സ് മാത്രം വഴങ്ങിയും അല്‍സാരി ജോസഫാകട്ടെ 8.2 ഓവറില്‍ 36 റണ്‍സ് വഴങ്ങിയുമാണ് മൂന്ന് വിക്കറ്റ് വീതം സ്വന്തമാക്കിയത്. ജാസണ്‍ ഹോള്‍ഡര്‍ രണ്ടും കെവിലന്‍ സിന്‍ക്ലയറും യാനിക്ക് കാരിഹയും ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.

ന്യൂസിലന്‍ഡിനായി 34 റണ്‍സെടുത്ത നായകന്‍ കെയ്ന്‍ വില്യംസനാണ് ടോപ് സ്‌കോറര്‍. മിച്ചല്‍ ബ്രെസ് വെല്‍ 31ഉം മിച്ച സാത്‌നറും ഫിന്‍ അലനും 25 റണ്‍സ് വീതവും എടുത്തു. ഗുപ്റ്റല്‍ (24), കോണ്‍വെ (4), ടോം ലാഥം (12), മിച്ചല്‍ (20), ടിം സൗത്തി (12), ട്രെന്‍ഡ് ബോള്‍ട്ട് (1) എന്നിങ്ങനെയാണ് മറ്റ് ബാറ്റ്‌സ്മാന്‍മാരുടെ സംഭാവന.

വിന്‍ഡീസിനായി 91 പന്തില്‍ ഒന്‍പത് ഫോറും ഒരു സിക്‌സും സഹിതം 79 റണ്‍സെടുത്ത ഷെമ്ര ബ്രൂക്‌സ് ആണ് നിര്‍ണ്ണായക പ്രകടനം കാഴ്ച്ചവെച്ചത്. ക്യാപ്റ്റന്‍ നിക്കോളാസ് പൂരാന്‍ 28ഉം ഷായ് ഹോപ്പ് 26ഉം റണ്‍സെടുത്തു.

ന്യൂസിലന്‍ഡിനായി ബോള്‍ട്ടും ടിം സൗത്തിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മിച്ചല്‍ സാത്‌നര്‍ ഒരു വിക്കറ്റും എടുത്തു. മൂന്ന് മത്സരങ്ങളാണ് ഏകദിന പരമ്പരയ്ക്കുളളത്. ജയത്തോടെ വിന്‍ഡീസ് 1-0ത്തിന് പരമ്പരയില്‍ മുന്നിലെത്തി.

You Might Also Like