ക്ലാസ്, നോട്ടൗട്ടായി സഞ്ജു, ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍

Image 3
CricketTeam India

ഇന്ത്യയ്‌ക്കെതിരെ നാലാം ടി20യില്‍ വെസ്റ്റിന്‍ഡീസിന് 192 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 191 റണ്‍സ് എടുത്തത്. മലയാളി താരം സഞ്ജു സാംസണ്‍ പുറത്താകാതെ 30 റണ്‍സെടുത്തു.

മത്സരത്തില്‍ ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. പവര്‍പ്ലേയില്‍ രോഹിത്തും സൂര്യയും ആഞ്ഞടിച്ചതോടെ ആദ്യ നാലോറില്‍ തന്നെ ഇന്ത്യന്‍ സ്‌കോര്‍ 50 കടന്നു. പിന്നാലെ രോഹിത്ത് പുറത്തായി. 16 പന്തില്‍ രണ്ട് ഫോറും മൂന്ന് സിക്‌സും സഹിതം 33 റണ്‍സെടുത്ത രോഹിത്ത് അഖില്‍ ഹുസൈന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡാകുകയായിരുന്നു.

പിന്നീട് 14 പന്തില്‍ ഒരു ഫോറും രണ്ട് സിക്‌സും അടക്കം 24 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവ് അല്‍സാരി ജോസഫിന്റെ പന്തില്‍ എല്‍ബിയില്‍ കുരുങ്ങി. മൂന്നാം വികറ്റില്‍ ഒത്തുചേര്‍ന്ന ദീപക് ഹൂഡയും റിഷഭ് പന്തും ഇന്ത്യന്‍ സ്‌കോര്‍ 100 കടത്തി. 19 പന്തില്‍ രണ്ട് ഫോറടക്കം 21 റണ്‍സെടുത്ത ഹൂഡ പുറത്തായതോടെയാണ് മലയാളി താരം സഞ്ജു സാംസണ്‍ ക്രീസിലെത്തിയത്.

സഞ്ജുവും പന്തും ചേര്‍ന്ന് 38 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 31 പന്തില്‍ ആറ് ഫോറടക്കം 44 റണ്‍സെടുത്താണ് പന്ത് പുറത്തായതിന്. പിന്നാലെ ആറ് റണ്‍സെടുത്ത കാര്‍ത്തിക് വന്നപോലെ മടങ്ങി. ഇതോടെ അകസറിനൊപ്പം സഞ്ജു ഇന്നിംഗ്‌സ് അവസാനിപ്പിക്കുകയായിരുന്നു. അക്‌സര്‍ വെറും എട്ട് പന്തില്‍ ഒരു ഫോറും രണ്ട് സിക്‌സും സഹിതം 20 റണ്‍സുമായി പുറത്താകാതെ നിന്നു.

സഞ്ജുവാകട്ടെ 23 പന്തില്‍ രണ്ട് ഫോറും ഒരു സിക്‌സും സഹിതം 30 റണ്‍സുമായി അക്‌സറിന് കൂട്ടായി ക്രീസിലുണ്ടായിരുന്നു.

വിന്‍ഡീസിനായി അല്‍സാരി ജോസഫും ഒബെദ് മക്കോയും രണ്ട് വിക്കറ്റ് വീഴ്ത്തി. അഖില്‍ ഹുസൈന്‍ ഒരു വിക്കറ്റും നേടി. മക്കോയ് നാല് ഓവറില്‍ 66 റണ്‍സാണ് വഴങ്ങിയത്. ഒരു വിന്‍ഡീസ് താരം ടി20യില്‍ വഴങ്ങുന്ന ഏറ്റവും കൂടുതല്‍ റണ്‍സാണ് ഇത്.