ഇന്ത്യയെ മുച്ചൂടും തകര്‍ത്ത് മക്കോയ്, പരമ്പരയില്‍ ഒപ്പമെത്തി വിന്‍ഡീസ്

Image 3
CricketTeam India

ഇന്ത്യയ്‌ക്കെതിരെ രണ്ടാം ടി20യില്‍ ആവേശ ജയം സ്വന്തമാക്കി വെസ്റ്റിന്‍ഡീസ് പരമ്പരയില്‍ ഒപ്പണത്തിനൊപ്പം പിടിച്ചു. ജയപരാജയങ്ങള്‍ അവസാന ഓവര്‍ വരെ നീണ്ട മത്സരത്തില്‍ നാല് പന്ത് ബാക്കി നില്‍ക്കെയാണ് മത്സരം വിന്‍ഡീസ് വരുതിയിലാക്കിയത്. അഞ്ച് വിക്കറ്റിനാണ് വിന്‍ഡീസിന്റെ ജയം. ആറ് വിക്കറ്റ് വീഴ്ത്തിയ മക്കോയ് ആണ് കളിയിലെ താരം.

ആവേശ് ഖാന്‍ എറിഞ്ഞ അവസാന ഓവറില്‍ 10 റണ്‍സായിരുന്നു വിന്‍ഡീസിന് വിജയിക്കാനാവശ്യം. ഒഡിയന്‍ സ്മിത്തായിരുന്നു ക്രീസില്‍യ എന്നാല്‍, ആദ്യ പന്തില്‍ നോബോള്‍ എറിഞ്ഞ ആവേഷ്, ഒരു സിംഗിളും വഴങ്ങി. ഫ്രീഹിറ്റായി എറിഞ്ഞ രണ്ടാം പന്തില്‍ (19.1 ഓവര്‍) ദേവോണ്‍ തോമസ് സിക്‌സും തൊട്ടടുത്ത പന്തില്‍ ഫോറും നേടി വിന്‍ഡീസിനെ അനായാസം വിജയത്തിലെത്തിക്കുകയായിരുന്നു.

സ്‌കോര്‍ ഇന്ത്യ 19.4 ഓവറില്‍ 138. വിന്‍ഡീസ് 19.2 ഓവറില്‍ 141/5.

52 പന്തില്‍ 68 റണ്‍സെടുത്ത ഓപ്പണര്‍ ബ്രെന്‍ഡന്‍ കിങ്ങും 19 പന്തില്‍ 31 റണ്‍സെടുത്ത ഡോവോന്‍ തോമസുമാണ് വിന്‍ഡീസിനെ ജയിപ്പിച്ചത്. അവസാന ഓവറില്‍ തകര്‍ത്തടിച്ച തോമസിന്റെ ഇന്നിങ്‌സ് നിര്‍ണായകമായി. വിന്‍ഡീസ് അനായാസമായി ജയിക്കുമെന്ന കരുതിയ മത്സരത്തില്‍ അച്ചടക്കത്തോടെ പന്തെറിഞ്ഞ ബൗളര്‍മാരാണ് മത്സരം അവസാന ഓവര്‍ വരെ നീട്ടിയത്. അര്‍ഷ്ദീപ്, രവീന്ദ്ര ജഡേജ, അശ്വിന്‍, ഹാര്‍ദിക് പാണ്ഡ്യ, ആവേഷ് ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 19.4 ഓവറില്‍ 138 റണ്‍സിന് എല്ലാവരും പുറത്താകുകയായിരുന്നു. നാലോവറില്‍ വെറും 17 റണ്‍സ് വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയ ഒബേദ് മക്കോയിയാണ് ഇന്ത്യയെ തകര്‍ത്തത്. 31 പന്തില്‍ 31 റണ്‍സെടുത്ത ഹര്‍ദിക് പാണ്ഡ്യയും 30 പന്തില്‍ 27 റണ്‍സെടുത്ത രവീന്ദ്ര ജഡേജയും 12 പന്തില്‍ 24 റണ്‍സെടുത്ത റിഷഭ് പന്തുമാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്.

ക്യാപ്റ്റന്‍ രോഹിത് ശര്‍മ മത്സരത്തിന്റെ ആദ്യ പന്തില്‍ തന്നെ പൂജ്യനായി പുറത്തായി. സൂര്യകുമാര്‍ യാദവ് (11), ശ്രേയസ് അയ്യര്‍ (10), ദിനേഷ് കാര്‍ത്തിക് (7) എന്നിവര്‍ നിരാശപ്പെടുത്തി. രവിചന്ദ്ര അശ്വിന്‍ 10 റണ്‍സെടുത്തു. വിന്‍ഡീസിന് വേണ്ടി മക്കോയിയെ കൂടാതെ ജേസന്‍ ഹോള്‍ഡര്‍ രണ്ടും അല്‍സാരി ജോസഫി, അക്കീല്‍ ഹൊസെയ്ന്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.