സഞ്ജു ടീമിലെത്തി പക്ഷെ, ഇന്ത്യ-വിന്‍ഡീസ് ആദ്യ ടി20 മുടങ്ങാന്‍ സാധ്യത
ക്രിക്കറ്റ് ലോകത്തിന്റെ കണ്ണുകളെല്ലാം ഇപ്പോള്‍ ട്രിനിഡാഡിലെ ബ്രായാന്‍ ലാറി സ്‌റ്റേഡിയത്തിന് മുകളിലാണ്. ഏകദിന പരമ്പര ജൂനിയര്‍ താരങ്ങളെ വെച്ച് 3-0ത്തിന് സ്വന്തമാക്കിയ ആവേശത്തില്‍ ടി20 പരമ്പര കളിക്കാനിറങ്ങുന്ന ടീം ഇന്ത്യയെ വിന്‍ഡീസ് എങ്ങനെ മെരുക്കുമെന്നാണ് ക്രിക്ഖറ്റ് ലോകം ഉറ്റുനോക്കുന്നത്. കൂടാതെ മലയാളി ക്രിക്കറ്റ് പ്രേമികള്‍ക്ക് ഇരട്ടി മധുരമായി സഞ്ജു സാംസണെ ടീം ഇന്ത്യയിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
എന്നാല്‍ മത്സരം തടസ്സപ്പെടാനുളള സാധ്യതയും ഇപ്പോള്‍ തള്ളാനാകില്ലെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ട്. കാലാവസ്ഥയാണ് മത്സരം മുടങ്ങിപ്പോകുകയാണെങ്കില്‍ ചതിയ്ക്കുക.
വെതര്‍ ഡോട് കോമിന്റെ റിപ്പോര്‍ട്ട് പ്രകാരം ഇന്ന് 32 ഡിഗ്രി സെല്‍ഷ്യസായിരിക്കും പകല്‍സമയം ട്രിനിഡാഡിലെ താപനില. രാത്രി 24 ഡിഗ്രി സെല്‍ഷ്യസും. എന്നാല്‍ പകലും രാത്രിയും ഇടിമിന്നല്‍ സാധ്യത പ്രവചിച്ചിട്ടുണ്ട്. പകല്‍ 36 ശതമാനവും രാത്രി 61 ശതമാനവും മഴയ്ക്ക് സാധ്യതയും കല്‍പിക്കുന്നു.
അതിനാല്‍ തന്നെ വിന്‍ഡീസ്-ഇന്ത്യ ആദ്യ ടി20യില്‍ മഴ കളിക്കാനുള്ള സാധ്യത ഏറെയാണ്. ഇതിന് മുമ്പ് കരീബിയന്‍ പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ മാത്രം നടന്നിട്ടുള്ള ബ്രയാന്‍ ലാറ സ്റ്റേഡിയത്തിലെ ആദ്യ രാജ്യാന്തര മത്സരം കാണാന്‍ കാത്തിരിക്കുന്ന ആരാധകര്‍ക്ക് ഏറെ ആശങ്ക നല്‍കുന്ന കാലാവസ്ഥാ റിപ്പോര്‍ട്ടാണിത്.