ഇന്ത്യയുടെ കൂറ്റന്‍ ജയം, മാന്‍ മാഫ് ദ മാച്ച് വന്‍ സര്‍പ്രൈസ്!!
വെസ്റ്റിന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ സ്വന്തമാക്കിയത് ആധികാരിക ജയം. 68 റണ്‍സിനാണ് വെസ്റ്റിന്റീസിനെ ഇന്ത്യ തകര്‍ത്തത്. ഇന്ത്യ ഉയര്‍ത്തിയ 191 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന വിന്‍ഡീസ് 122 റണ്‍സില്‍ കളി അവസാനിപ്പിക്കുകയായിരുന്നു. സ്‌കോര്‍- ഇന്ത്യ 20 ഓവറില്‍ 190/6, വിന്‍ഡീസ് 20 ഓവറില്‍ 122/8.
ഇന്ത്യന്‍ ഇന്നിംഗ്‌സില്‍ അവസാന ഓവറുകളില്‍ കത്തിയകയറി ദിനേശ് കാര്‍ത്തിക് ആണ് മാന്‍ ഓഫ് ദ മാച്ച്. ഇന്ത്യയ്ക്കായി ക്യാപ്റ്റന്‍ രോഹിത്ത് ശര്‍മ്മ അര്‍ധ സെഞ്ച്വറിയും നേടിയിരുന്നു.
മികച്ച രീതിയില്‍ പന്തെറിഞ്ഞ് ഇന്ത്യന്‍ ബൗളര്‍മാര്‍ക്കു മുന്‍പില്‍ വിന്‍ഡീസ് ബാറ്റ്‌സ്മാന്‍മാര്‍ പിടിച്ചു നില്‍ക്കാന്‍ കഷ്ടപ്പെടുകയായിരുന്നു. 20 റണ്‍സ് നേടിയ ഓപ്പണര്‍ ഷമാറ ബ്രൂക്സ് ആയിരുന്നു വിന്‍ഡീസ് നിരയിലെ ടോപ് സ്‌കോറര്‍. കൈല്‍ മേയേഴ്സ് 15(6) നിക്കോളാസ് പൂരാന്‍ 18(15) റോവ്മാന്‍ പവല്‍ 14(17), ഷിംറോണ്‍ ഹെറ്മയര്‍ 14(15) എന്നിങ്ങനെയാണ് വിന്‍ഡീസിന്റെ പ്രധാന ബാറ്റര്‍മാരുടെ സ്‌കോര്‍. ഇന്ത്യക്ക് വേണ്ടി അര്‍ഷ്ദീപ് സിങ്, രവിചന്ദ്രന്‍ അശ്വിന്‍, രവി ബിഷ്ണോയ് എന്നിവര്‍ രണ്ട് വിക്കറ്റും ഭുവനേശ്വര്‍ കുമാര്‍, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് എത്തിച്ചത് ക്യാപ്റ്റന്‍ രോഹിത് ശര്‍മ 64(44), ദിനേശ് കാര്‍ത്തിക് 41*(19)എന്നിവര്‍ ചേര്‍ന്നാണ്. ഓപ്പണറായി ഇറങ്ങി സൂര്യകുമാര്‍ യാദവും തിളങ്ങി. രോഹിത് 44 പന്തില്‍ ഏഴ് ഫോറും രണ്ട് സിക്സും സഹിതം 64 റണ്‍സെടുത്തു. കാര്‍ത്തിക് 19 പന്തില്‍ നാല് ഫോറും രണ്ട് സിക്സും സഹിതം 41 റണ്‍സുമായി പുറത്താകാതെ നിന്നു. സൂര്യകുമാര്‍ യാദവ് 16 പന്തില്‍ മൂന്ന് ഫോറും ഒരു സിക്സും സഹിതം 24 റണ്‍സുമായി മടങ്ങി.
രോഹിതും സൂര്യകുമാര്‍ യാദവും ചേര്‍ന്നാണ് ഇന്നിങ്സ് തുടങ്ങിയത്. മികച്ച തുടക്കമാണ് ഇരുവരും ചേര്‍ന്ന് ടീമിന് നല്‍കിയത്. സ്‌കോര്‍ 44ല്‍ നില്‍ക്കെ സൂര്യകുമാര്‍ പുറത്തായി. എന്നാല്‍ പിന്നാലെ എത്തിയ ശ്രേയസ് അയ്യര്‍ സംപൂജ്യനായി മടങ്ങി. ഋഷഭ് പന്ത്, ഹര്‍ദ്ദിക് പാണ്ഡ്യ എന്നിവരും വന്നത് പോലെ മടങ്ങി. പന്ത് 14 റണ്‍സും ഹര്‍ദ്ദിക് ഒരു റണ്ണുമാണ് കണ്ടെത്തിയത്. പിന്നീടെത്തിയ രവീന്ദ്ര ജഡേജ 13 പന്തില്‍ 16 റണ്‍സ് കണ്ടെത്തി. ഒരു ഭാഗത്ത് വിക്കറ്റ് വീഴുമ്പോഴും രോഹിത് പിടിച്ചു നിന്നു. ഒടുവില്‍ അഞ്ചാം വിക്കറ്റായാണ് നായകന്‍ മടങ്ങിയത്. പിന്നാലെ ജഡേജയും കൂടാരം കയറി.
ആറ് വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സെന്ന നിലയില്‍ നില്‍ക്കെയാണ് കാര്‍ത്തിക്- അശ്വിന്‍ സഖ്യം ക്രീസില്‍ ഒന്നിച്ചത്. ഇരുവരും കൂടുതല്‍ നഷ്ടങ്ങളില്ലാതെ ടീമിനെ മികച്ച സ്‌കോറിലേക്ക് നയിച്ചു. അശ്വിന്‍ പത്ത് പന്തില്‍ ഒരു സിക്സടക്കം 13 റണ്‍സുമായി പുറത്താകാതെ നിന്നു.
വിന്‍ഡീസിനായി അല്‍സാരി ജോസഫ് രണ്ട് വിക്കറ്റുകള്‍ നേടി. ഒബെദ് മക്കോയ്, ജാസന്‍ ഹോള്‍ഡര്‍, അകീല്‍ ഹുസൈന്‍, കീമോ പോള്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.