നാണംകെട്ട റെക്കോര്‍ഡുമായി വിന്‍ഡീസ്, അവിശ്വസനീയ നേട്ടം സ്വന്തമാക്കി ടീം ഇന്ത്യ

Image 3
CricketTeam India

ഇന്ത്യയ്‌ക്കെതിരെ ടി20 പരമ്പയില്‍ വൈറ്റ് വാഷ് ചെയ്യപ്പെട്ടതോടെ കുട്ടിക്രിക്കറ്റിലെ രാജാക്കന്മാരായ വെസ്റ്റിന്‍ഡീസിനെ തേടി നാണക്കേടിന്റെ റെക്കോര്‍ഡ്. ടി20യില്‍ ഏറ്റവും അധികം തോല്‍വികളെന്ന മോശം റെക്കോര്‍ഡാണ് വിന്‍ഡീസിന്റെ പേരിലായി.

83 മത്സരങ്ങളില്‍ ആണ് ഇതുവരെ വിന്‍ഡീസ് തോല്‍വി അറിഞ്ഞത്. ഇക്കാര്യത്തില്‍ ശ്രീലങ്കയെയാണ് വിന്‍ഡീസ് പിന്തള്ളിയത്. അവര്‍ 82 മത്സരങ്ങള്‍ തോറ്റു. ബംഗ്ലാദേശ് (78), ന്യൂസിലന്‍ഡ് (76) എന്നിവര്‍ തൊട്ടുപിറകിലുണ്ട്.

അതെസമയം വിന്‍ഡീസിനെതിരായ പരമ്പര തൂത്തുവാരിയതോടെ ടി20യിലെ തുടര്‍ ജയങ്ങളില്‍ ഇന്ത്യ റെക്കോര്‍ഡിനൊപ്പമെത്തി. വിന്‍ഡീസിനെതിരായ മൂന്നാം മത്സരത്തിലും ജയിച്ചതോടെ ഇന്ത്യ തുടര്‍ച്ചയായ ഒമ്പതാം ടി20 മത്സരത്തിലാണ് ജയം നേടിയത്.

ടി20 ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങളിലെ തോല്‍വിക്കുശേഷം അഫ്ഗാനിസ്ഥാന്‍, നമീബിയ, സ്‌കോട്‌ലന്‍ഡ് ടീമുകളെ തോല്‍പ്പിച്ച ഇന്ത്യ ന്യൂസിലന്‍ഡിനെതിരായ ടി20 പപരമ്പരയിലുിം സമ്പൂര്‍ണ ജയം നേടിയിരുന്നു.

2020ല്‍ തുടര്‍ച്ചയായി ഒമ്പത് ടി20 മത്സരങ്ങള്‍ ജയിച്ചതാണ് ഇതിന് മുമ്പുള്ള ഇന്ത്യന്‍ റെക്കോര്‍ഡ്. 2020 ജനുവരി മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവിലായിരുന്നു ഇത്. ക്യാപ്റ്റനെന്ന നിലയില്‍ തുടര്‍ച്ചയായ ഒമ്പതാം ജയം സ്വന്തമാക്കിയ രോഹിത് ശര്‍മ ഏറ്റവും കൂടുതല്‍ ടി20 മത്സരങ്ങള്‍ തുടര്‍ച്ചയായി ജയിച്ച നായകന്‍മാരില്‍ രണ്ടാം സ്ഥാനത്തെത്തി. 2019-2022 കാലയളവിലാണ് രോഹിത് തുടര്‍ച്ചയായി ഒമ്പത് ജയങ്ങള്‍ ക്യാപ്റ്റനെന്ന നിലയില്‍ സ്വന്തമാക്കിയത്.

2018ല്‍ തുടര്‍ച്ചയായി ഒമ്പത് ജയം സ്വന്തമാക്കിയ മുന്‍ പാക്കിസ്ഥാന്‍ നായകന്‍ സര്‍ഫറാസ് അഹമ്മദാണ് രോഹിത്തിനൊപ്പമുള്ളത്. തുടര്‍ച്ചയായി 12 മത്സരങ്ങള്‍ ജയിച്ച അഫ്ഗാനിസ്ഥാന്‍ നായകന്‍ അസ്ഗര്‍ അഫ്ഗാനാണ് ഏറ്റവും കൂടുതല്‍ തുടര്‍ ജയങ്ങള്‍ സ്വന്തമാക്കിയ നായകന്‍. എന്നാല്‍ അന്ന് അഫ്ഗാന് ഐസിസിയുടെ മുഴുവന്‍ സമയ അംഗത്വം ഉണ്ടായിരുന്നില്ല.