സെമി സാധ്യതകൾ സജീവമാക്കി വിൻഡീസ്; എല്ലാ കണ്ണുകളും ഗ്രൂപ്പ് രണ്ടിലേക്ക്

Image 3
CricketWorldcup

2024 ടി20 ലോകകപ്പിലെ സൂപ്പർ 8 മത്സരത്തിൽ വെസ്റ്റ് ഇൻഡീസ് യുണൈറ്റഡ് സ്റ്റേറ്റ്സിനെ 9 വിക്കറ്റിന് തോൽപ്പിച്ച് സെമി ഫൈനൽ സാധ്യത സജീവമാക്കി. ഈ വിജയത്തോടെ, റോവ്‌മൻ പവലും കൂട്ടരും അവരുടെ നെറ്റ് റൺ റേറ്റ് -1.343 ൽ നിന്ന് +1.814 ആക്കി ഉയർത്തിയതാണ് സെമി സാധ്യതകൾ സജീവമാകുന്ന ഘടകം. ഇതോടെ വെസ്റ്റിൻഡീസ്, സൗത്ത് ആഫ്രിക്ക മത്സരം നോക്ക് ഔട്ട് മാച്ച് ആയി മാറി. അടുത്ത റൗണ്ടിലേക്ക് കടക്കാനുള്ള അവസരത്തിനായി കരീബിയൻ ടീമിന് ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ചേ മതിയാവൂ. എന്നാൽ ഇംഗ്ലണ്ട് യുഎസ്എയെ വലിയ മാർജിനിൽ തോൽപ്പിച്ചാൽ വെസ്റ്റ് ഇൻഡീസ് മത്സരത്തിൽ നിന്ന് പുറത്താവുകയും ചെയ്യും.

ആദ്യം ബാറ്റ് ചെയ്ത യുഎസ്എയ്ക്ക് ബാറ്റിംഗ് എളുപ്പമായിരുന്നില്ല, 19.5 ഓവറിൽ 128 റൺസിന് യുഎസ്എ പുറത്തായി. രണ്ടാം വിക്കറ്റിന് നിതീഷ് കുമാറും ആൻഡ്രിസ് ഗൗസും ചേർന്ന് 48 റൺസ് നേടിയെങ്കിലും മറ്റു ബാറ്റർമാർക്കു പിടിച്ചുനിൽക്കാനായില്ല. ടൂർണമെന്റിലെ യുഎസ്എയുടെ ടോപ് ബാറ്ററായ ഗൗസ് 16 പന്തിൽ 29 റൺസ് നേടിയ ശേഷം അൽസാരി ജോസഫിന് വിക്കറ്റ് നൽകി മടങ്ങി.
റോസ്റ്റൺ ചേസ് ആയിരുന്നു വെസ്റ്റ് ഇൻഡീസിന്റെ മികച്ച ബൗളർ, ആരോൺ ജോൺസ്, കോറി ആൻഡേഴ്‌സൺ, ഹർമീത് സിംഗ് എന്നിവരുടെ വിക്കറ്റ് നേടിയ അദ്ദേഹം 4-0-19-3 എന്ന നിലയിൽ ഫിനിഷ് ചെയ്തു. ആന്ദ്രെ റസ്സലും 3 നിർണായക വിക്കറ്റുകൾ നേടി. റൊമാരിയോ ഷെപ്പേർഡിന് പകരക്കാരനായി വന്ന ഒബെദ് മക്കോയ് രണ്ട് ഓവറിൽ 20 റൺസ് വഴങ്ങി.

മറുപടി ബാറ്റിങ്ങിൽ വെസ്റ്റ് ഇൻഡീസ് ആദ്യ രണ്ട് ഓവറുകളിൽ അൽപ്പം ജാഗ്രത പുലർത്തിയിരുന്നു, എന്നാൽ വിൻഡീസ് താളം കണ്ടെത്തിയതോടെ, നിസഹായരായ യുഎസ് ബൗളർമാരെ നിർദാക്ഷിണ്യം പ്രഹരിച്ചു 10.5 ഓവറിൽ ലക്ഷ്യം മറികടന്നു. പരിക്കേറ്റ ബ്രാൻഡൻ കിങ്ങിന് പകരം വന്ന ഷായി ഹോപ്പ് 26 പന്തിൽ അർദ്ധ സെഞ്ചുറി നേടി. ഓപ്പണർ തുടക്കം മുതൽ തന്നെ മികച്ച ഷോട്ടുകൾ കളിക്കുകയും 4 ഫോറുകളുടെയും 8 സിക്സറുകളുടെയും സഹായത്തോടെ 39 പന്തിൽ 82 റൺസെടുത്ത് പുറത്താകാതെ നിൽക്കുകയും ചെയ്തു.

ഹർമീത് സിംഗ് പുറത്താക്കുന്നതിന് മുമ്പ് ജോൺസൺ ചാൾസ് 15 റൺസ് നേടി. നിക്കോളാസ് പൂരൻ 12 പന്തിൽ ഒരു ഫോറും 3 സിക്സും ഉൾപ്പെടെ 27 റൺസ് നേടി പുറത്താകാതെ നിന്നു. ഹോപ്പും പൂരനും ചേർന്ന് 23 പന്തിൽ 66 റൺസ് കൂട്ടിച്ചേർത്തു വിൻഡീസ് വിജയം ആധികാരികമാക്കി.

യുഎസ്എയെ സംബന്ധിച്ചിടത്തോളം, സെമിയിലേക്ക് മുന്നേറാനുള്ള ഒരു പ്രതീക്ഷ അവർക്ക് ഇപ്പോഴുമുണ്ട്, എന്നാൽ ടോപ് ടുവിൽ ഫിനിഷ് ചെയ്യാൻ അവർ ഇംഗ്ലണ്ടിനെ വലിയ മാർജിനിൽ തോൽപ്പിക്കേണ്ടതുണ്ട്.