നിന്റെ കൈ തകര്‍ത്തത് ഓര്‍മ്മയില്ലേ,സ്ലെഡ്ജിംഗിന്റെ ഭീകരമ മുഖവുമായി ലങ്ക-വിന്‍ഡീസ് ടെസ്റ്റ് മത്സരം

Image 3
CricketCricket News

ശ്രീലങ്ക വെസ്റ്റിന്‍ഡീസ് രണ്ടാം ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക് നീങ്ങുകയാണ്. രണ്ടാം ടെസ്റ്റിന്റെ അഞ്ചാം ദിനം വിജയത്തിനായി ശ്രീലങ്ക നേടേണ്ടത് 348 റണ്‍സ്. വിക്കറ്റ് നഷ്ടമില്ലാതെ രണ്ടാം ഇന്നിംഗ്‌സില്‍ ശ്രീലങ്ക 29 റണ്‍സാണ് നാലാം ദിവസം അവസാനിക്കുമ്പോള്‍ നേടിയിട്ടുള്ളത്. ഇതോടെ ജയം ആര്‍ക്കൊപ്പമെന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് ലോകം.

17 റണ്‍സുമായി ലഹിരു തിരിമന്നേയും 11 റണ്‍സ് നേടി ദിമുത് കരുണാരത്‌നേയുമാണ് ശ്രീലങ്കയ്ക്കായി ക്രീസിലുള്ളത്. ശ്രീലങ്കയുടെ പ്രതിരോധ എത്രത്തോളം ഉണ്ടാകും എന്നതിനനുസരിച്ചായിരിക്കും ജയപരാജയങ്ങള്‍.

നേരത്തെ 368 റണ്‍സ് ലീഡുമായി വെസ്റ്റ് ഇന്‍ഡീസ് തങ്ങളുടെ രണ്ടാം ഇന്നിംഗ്‌സ് 280/4 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ക്രെയിഗ് ബ്രാത്‌വൈറ്റ്(85), കൈല്‍ മയേഴ്‌സ്(55), ജേസണ്‍ ഹോള്‍ഡര്‍(71*) എന്നിവരുടെ ബാറ്റിംഗ് പ്രകടനം ആണ് ആതിഥേയര്‍ക്ക് മികച്ച സ്‌കോര്‍ നേടിക്കൊടുത്തത്.

വെസ്റ്റ് ഇന്‍ഡീസിന്റെ ആദ്യ ഇന്നിംഗ്‌സ് സ്‌കോറായ 354 പിന്തുടര്‍ന്ന് ഇറങ്ങിയ ശ്രീലങ്കയ്ക്ക് 258 റണ്‍സ് മാത്രമാണ് നേടാനായത്. ലഭിച്ച മികച്ച തുടക്കം വലിയ സ്‌കോറായി മാറ്റാനാവാത്തതാണ് ശ്രീലങ്കയ്ക്ക് തിരിച്ചടിയായത്. തിരിമന്നെയും (55) നിസങ്കയും (51) മാത്രമാണ് അര്‍ദ്ധ സെഞ്ചുറി നേടിയത്. ധനഞ്ജയ 39 റണ്‍സും, ചാണ്ടിമാല്‍ 44 റണ്‍സുമായാണ് പുറത്തായത്.

നാലാം വിക്കറ്റ് കൂട്ടുകെട്ടില്‍ ചാണ്ടിമാലും ധനഞ്ജയയും ചേര്‍ന്ന് 75 റണ്‍സാണ് ചേര്‍ത്തത്. ഇരുവരുടെയും പാര്‍ട്ണര്‍ഷിപ്പ് ഒരു ഘട്ടത്തില്‍ വെസ്റ്റിന്‍ഡീസിനെ ക്ഷമ നഷ്ട്ടപ്പെടുത്തിയിരുന്നു. ഇതോടെ സ്ലെജിംഗ് എന്ന ആയുധമാണ് വിന്‍ഡീസ് ബൗളര്‍മാര്‍ പുറത്തെടുത്തത്.

ഒരു വശത്ത് നിലയുറപ്പിച്ചിരുന്ന ധനഞ്ജയയെ കഴിഞ്ഞ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ കൈ ഒടിഞ്ഞത് ഓര്‍മ്മിപ്പിച്ച് പ്രകോപിപ്പിക്കുകയായിരുന്നു. അവസാനമായി ഇവിടെ വന്നപ്പോള്‍ നിന്റെ കൈ ഒടിഞ്ഞിരുന്നു, എന്ന് പറഞ്ഞ് കൊണ്ടായിരുന്നു ഹോള്‍ഡറിന്റെ സ്ലെഡ്ജിങ്. എന്നാല്‍ ഹോള്‍ഡറിന്റെ പ്രകോപന വാക്കുകളില്‍ വീഴാതെ ചെറുചിരിയോടെയാണ് ധനഞ്ജയ മറുപടി നല്‍കിയത്.