ഇങ്ങനെയും കളി തോറ്റവരുണ്ട്, 95 ശതമാനം ജയിച്ചിട്ട് അവര്‍ അവിശ്വസനീയമായി തോറ്റു

കെ നന്ദകുമാര്‍ പിള്ള

‘West Indies Pulled Off An Extraordinary Defeat’

ഒരു മത്സരത്തിന്റെ ആദ്യ 95 ശതമാനവും ഒരു ടീം ജയിക്കുക. അവസാനത്തെ 5 ശതമാനം മാത്രം ജയിച്ച് എതിര്‍ ടീം മത്സരം കൊണ്ട് പോകുക. 1996 ലോകകപ്പില്‍ മൊഹാലിയില്‍ നടന്ന വെസ്റ്റ് ഇന്‍ഡീസ് – ഓസ്ട്രേലിയ മത്സരത്തെ നമുക്ക് അങ്ങനെ വിശേഷിപ്പിക്കാം. ആ ലോകകപ്പിലെ ഒന്നാം സെമി ഇന്ത്യയിലെ ക്രിക്കറ്റ് ആരാധകരെ സംബന്ധിച്ചിടത്തോളം ഒരു കണ്ണീരോര്‍മയാണ്. അതുകൊണ്ടു തന്നെ കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്നതും ആ മത്സരമാണ്.

1994 – 96 കാലത്ത് ഇന്ത്യയിലെ ഗ്രൗണ്ടുകളില്‍ ഏറ്റവും വേഗമുള്ള, ഫാസ്റ്റ് ബൗളേഴ്സിന് അനുകൂലമായ പിച്ചായിരുന്നു മൊഹാലിയിലേത്( പിന്നീട് എന്തുകൊണ്ടോ പിച്ചിന്റെ സ്വഭാവം മാറി). 1994 ലെ ടെസ്റ്റ് സീരീസില്‍ അവിടെ നടന്ന അവസാന ടെസ്റ്റില്‍, ഫാസ്റ്റ് ബൗളേഴ്സിന്റെ സഹായത്തോടെ ഇന്ത്യയെ തകര്‍ത്തുവിട്ട ഓര്മകളുമായിട്ടാണ് വെസ്റ്റ് ഇന്‍ഡീസ് അവിടെ ഈ സെമി ഫൈനല്‍ മത്സരം കളിക്കാനെത്തിയത്. കൂടാതെ ലീഗില്‍ നടന്ന മത്സരത്തില്‍ ജയ്പൂരില്‍ വെസ്റ്റ് ഇന്‍ഡീസ് 4 വിക്കറ്റിന് ഓസ്ട്രേലിയയെ തകര്‍ത്തിരുന്നു.

ചെയ്സിങ് ബുദ്ധിമുട്ടായിരിക്കും എന്ന തോന്നലില്‍ ആകാം, ടോസ് ജയിച്ച ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ മാര്‍ക്ക് ടെയ്ലര്‍ ബാറ്റിംഗ് തിരഞ്ഞെടുത്തു. പക്ഷെ, ആദ്യ ഓവറിലെ രണ്ടാം പന്തില്‍ മാര്‍ക്ക് വോയെ വിക്കറ്റിന് മുന്‍പില്‍ കുരുക്കി ആംബ്രോസ് ആദ്യ വെടി പൊട്ടിച്ചു. 0 / 1. ടൂര്‍ണമെന്റില്‍ അതുവരെ ഓസ്ട്രേലിയയുടെ വിജയങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച വോ പൂജ്യനായി പുറത്ത്. വരാനിരിക്കുന്ന കൊടുങ്കാറ്റിന്റെ തുടക്കമായിരുന്നു അത്. ബിഷപ്പ് എറിഞ്ഞ അടുത്ത ഓവറില്‍ ടെയ്‌ലര്‍ നല്‍കിയ സിംപിള്‍ ക്യാച്ച് സ്ലിപ്പില്‍ ലാറ വിട്ടുകളഞ്ഞെങ്കിലും, നാലാം ഓവറില്‍ ടീം സ്‌കോര്‍ 7 ല്‍ നില്‍ക്കേ ബിഷപ്പിന്റെ തന്നെ പന്ത് വിക്കറ്റിലേക്ക് വലിച്ചിട്ട് ടെയ്ലറും മടങ്ങി. 7 / 2. തൊട്ടടുത്ത ഓവറില്‍ റിക്കി പോണ്ടിങ്ങിനെ എല്‍ ബി ഡബ്‌ള്യൂ യില്‍ കുരുക്കി ആംബ്രോസ് ആഞ്ഞടിച്ചു. 8 / 3. ഒരുപക്ഷെ മാര്‍ക്ക് വോയും റിക്കി പോണ്ടിങ്ങും സംപൂജ്യരായി പുറത്തായ ഏക മത്സരവും ഇതായിരിക്കാം (ഉറപ്പില്ല). പത്താം ഓവറില്‍ ബിഷപ്പ് സ്റ്റീവ് വോയുടെ കുറ്റിയും തെറിപ്പിക്കുമ്പോള്‍ സ്‌കോര്‍ വെറും 14. 14 / 4. വെസ്റ്റ് ഇന്ത്യന്‍ ബൗളേഴ്സ് അക്ഷരാര്‍ത്ഥത്തില്‍ തീ തുപ്പുകയായിരുന്നു അന്നവിടെ. 94 ലെ മത്സരം കണ്ടവര്‍ക്ക് ആ ഓര്‍മ്മകള്‍ മനസിലൂടെ കടന്നു പോയിട്ടുണ്ടാകാം.

അവിടെ നിന്ന് സ്റ്റുവര്‍ട്ട് ലോയുടെയും രക്ഷകന്‍ മൈക്കിള്‍ ബെവന്റെയും വക രക്ഷാപ്രവര്‍ത്തനം. സിംഗിളുകളിലൂടെയും ഡബിളുകളിലൂടെയും ഇടക്ക് ബൗണ്ടറികളിലൂടെയും അവര്‍ സ്‌കോര്‍ബോര്‍ഡ് ചലിപ്പിച്ചു. പക്ഷെ റണ്‍റേറ്റ് വളരെ കുറവായിരുന്നു. അടുത്ത വിക്കറ്റ് വീണത് 42 ആം ഓവറില്‍ ആയിരുന്നെങ്കിലും സ്‌കോര്‍ വെറും 153 മാത്രമായിരുന്നു. വാലറ്റത്ത് ഇയാന്‍ ഹീലിയുടെ വക ചെറിയൊരു ഒരു കത്തിക്കല്‍. 28 പന്തില്‍ 31 റണ്‍സ്. അവസാനം ഇന്നിംഗ്‌സ് അവസാനിക്കുമ്പോള്‍ ഓസ്‌ട്രേലിയ നേടിയത് 207 / 8. സ്റ്റുവര്‍ട്ട് ലോ 72 ഉം ബെവന്‍ 69 ഉം റണ്‍സടിച്ചു. പക്ഷെ ഇന്നിങ്‌സിന്റെ ഒരു ഘട്ടത്തില്‍ പോലും വെസ്റ്റ് ഇന്ത്യന്‍ ബൗളേഴ്സിന് മേല്‍ ആധിപത്യം സ്ഥാപിക്കാന്‍ ഓസ്ട്രേലിയന്‍ ബാറ്‌സ്മാന്മാര്‍ക്ക് കഴിഞ്ഞില്ല.

അമിതാത്മവിശ്വാസത്തോടെ ക്വാര്‍ട്ടര്‍ ഫൈനല്‍ കളിക്കാനെത്തിയ സൗത്ത് ആഫ്രിക്കയെ തകര്‍ത്തു വിട്ടതിന്റെ ആത്മവിശ്വാസം വെസ്റ്റ് ഇന്‍ഡീസുകാര്‍ക്കുണ്ടായിരുന്നു. സ്‌കോര്‍ 25 ല്‍ നില്‍ക്കേ ഓപ്പണര്‍ കോര്ട്ണി ബ്രൗണിനെ നഷ്ടപ്പെട്ടെങ്കിലും ചന്ദര്‍പോള്‍ – ലാറ കൂട്ടുകെട്ട് അവരെ മുന്നോട്ട് നയിച്ചു. സൗത്ത് ആഫ്രിക്കക്കെതിരെ നേടിയ സെഞ്ചുറിയുടെ തുടര്‍ച്ചയായിരുന്നു ലാറയുടെ ബാറ്റിംഗ്. അനായാസ സ്‌ട്രോക്കുകളിലൂടെ ലാറ സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചുകൊണ്ടേയിരുന്നു. മറു വശത്ത് പാറ പോലെ ഉറച്ച് ചന്ദര്‍പോളും. വീണ്ടുമൊരു സെഞ്ച്വറി ഉറപ്പിച്ച് ലാറ കുതിക്കവേ കളിയുടെ ഫ്‌ലോ ക്ക് വിപരീതമായി അത് സംഭവിച്ചു. സ്റ്റീവ് വോയുടെ ഒരു ഇന്‍ കട്ടറില്‍ ബാറ്റ് വെച്ച ലാറക്ക് പിഴച്ചു. പന്ത് ഓഫ് സ്റ്റമ്പ് തെറിപ്പിക്കുമ്പോള്‍ ലാറ 45 പന്തില്‍ 45 റണ്‍സ് എടുത്തിരുന്നു. സ്‌കോര്‍ 93 / 2.

ലാറക്ക് ശേഷം ക്രീസിലെത്തിയത് ക്യാപ്റ്റന്‍ റിച്ചി റിച്ചാര്‍ഡ്‌സണ്‍. ജയ്പൂരില്‍ 93 റണ്‍സുമായി ടീമിനെ വിജയിപ്പിച്ചത് റിച്ചാര്‍ഡ്‌സണ്‍ ആയിരുന്നു. അദ്ദേഹവും നല്ല ഫോമിലായിരുന്നു. ചന്ദര്‍പോള്‍ – റിച്ചാര്‍ഡ്‌സണ്‍ കൂട്ടുകെട്ട് നല്ല രീതിയില്‍ കളി കൊണ്ടുപോയി. അതിനിടയില്‍ റിച്ചാര്‍ഡ്‌സന്റെ ബൗണ്ടറി എന്നുറപ്പിച്ച ഷോട്ട് സ്‌ക്വയര്‍ ലെഗ് അമ്പയര്‍ കൂറേയുടെ തലയില്‍ തട്ടി. ഭാഗ്യം അദ്ദേഹത്തിന് വലിയ പരിക്ക് ഒന്നും ഉണ്ടായില്ല. എങ്കിലും വെസ്റ്റ് ഇന്‍ഡീസിന് അര്‍ഹതപ്പെട്ട ബൗണ്ടറി നഷ്ടപ്പെട്ടു. രണ്ടു റണ്‍സെ അവര്‍ക്ക് എടുക്കാന്‍ സാധിച്ചുള്ളൂ, നഷ്ടപ്പെട്ട ആ രണ്ടു റണ്‍സ് മത്സരഫലത്തില്‍ നിര്‍ണായകമായി എന്ന് പറഞ്ഞാല്‍ തെറ്റില്ല.

കളിയുടെ 42 ആം ഓവര്‍. ഇനി വേണ്ടത് 54 പന്തില്‍ 43 റണ്‍സ്. കയ്യിലുള്ളത് 8 വിക്കറ്റുകള്‍. ചന്ദര്‍പോളും റിച്ചാര്‍ഡ്‌സണും ക്രീസില്‍. മക്ഗ്രാത് എറിഞ്ഞ ആ ഓവറില്‍ 80 റണ്‍സ് എടുത്ത ചന്ദര്‍പോള്‍ പുറത്തായതാണ് കളിയുടെ വഴിത്തിരിവ്. സ്‌കോര്‍ 165 / 3. അപ്പോഴും കളി വിന്‍ഡീസിന്റെ കയ്യില്‍ തന്നെ ആയിരുന്നു. സ്‌കോര്‍ 174 ല്‍ മക്ഗ്രാത് വീണ്ടും. 2 റണ്‍സ് എടുത്ത റോജര്‍ ഹാര്‍പര്‍ പുറത്ത്. സ്‌കോര്‍ 173 / 4. അടുത്തത് ഷെയിന്‍ വോണിന്റെ ഊഴമായിരുന്നു. ഒരു റണ്ണെടുത്ത ഓട്ടിസ് ഗിബ്സനെ വിക്കറ്റ് കീപ്പര്‍ ഹീലിയുടെ കൈകളില്‍ എത്തിച്ചു. സ്‌കോര്‍ 178 / 5.

വെസ്റ്റ് ഇന്ഡീസിറ്റിനെ കയ്യില്‍ നിന്നും കളി മെല്ലെ മെല്ലെ വഴുതി തുടങ്ങി. അതിനനുസരിച്ച് ആത്മവിശ്വാസം വീണ്ടെടുത്ത് ഓസീസും. ഒന്ന് ആഞ്ഞു ശ്രമിച്ചാല്‍ കളി ജയിക്കാം എന്ന തോന്നലില്‍ ഫീല്‍ഡിലും ചലനങ്ങളിലും എല്ലാം ഒരു മാറ്റം കണ്ടു തുടങ്ങി. വോണിന്റെ വക അടുത്ത പ്രഹരം. 1 റണ്ണെടുത്ത ജിമ്മി ആഡംസ് വിക്കറ്റിന് മുന്നില്‍ കുരുങ്ങി. സ്‌കോര്‍ 183 / 6. ഫ്‌ലെമിങ്ങിന്റെ പന്തില്‍ ആഞ്ഞടിക്കാന്‍ ശ്രമിച്ച കീത് ആര്‍തര്‍ട്ടന്‍ ഹീലിക്ക് ക്യാച്ച് നല്‍കി പൂജ്യനായി പുറത്ത് സ്‌കോര്‍ 187 / 7. അപ്പോഴും നായകന്‍ റിച്ചാര്‍ഡ്‌സണ്‍ ഒരു വശത്തുണ്ട് എന്നതായിരുന്നു വെസ്റ്റ് ഇന്‍ഡീസിന്റെ പ്രതീക്ഷ.

എട്ടാമനായി ബിഷപ്പ് പുറത്താകുമ്പോള്‍ സ്‌കോര്‍

194 / 8. ഒരുപക്ഷെ ഡിആര്‍എസ് ഉണ്ടായിരുന്നെങ്കില്‍ ബിഷപ് രക്ഷപെട്ടേനെ. ആംബ്രോസ് – റിച്ചാര്‍ഡ്‌സണ്‍ കൂട്ടുകെട്ട് സ്‌കോര്‍ 198 വരെ എത്തിച്ചു.

അവസാന ഓവര്‍. വെസ്റ്റ് ഇന്‍ഡീസിന് വേണ്ടത് 10 റണ്‍സ്. കൈവശമുള്ളത് 2 വിക്കറ്റ്. ആ ഓവര്‍ എറിയാന്‍ ഓസ്ട്രേലിയ ക്യാപ്റ്റന്‍ നിയോഗിച്ചത് ഡാമിയന്‍ ഫ്‌ലെമിങ്ങിനെ. ആദ്യ പന്തില്‍ റിച്ചാര്‍ഡ്‌സന്റെ വക ബൗണ്ടറി. സ്‌കോര്‍ 202. ഇനി വേണ്ടത് 5 പന്തില്‍ 6 റണ്‍സ്. അടുത്ത പന്തില്‍ അനാവശ്യ റണ്ണിന് ശ്രമിച്ചത് റിച്ചാര്‍ഡ്‌സന്റെ പിഴവായി തന്നെ കാണേണ്ടി വരും. ഹീലിയുടെ ത്രോ സ്റ്റമ്പ് തെറിപ്പിക്കുമ്പോള്‍ അംബ്രോസിന്റെ ബാറ്റ് ക്രീസില്‍ നിന്നും മില്ലിമീറ്റര്‍ മാത്രം പുറത്തായിരുന്നു. സ്‌കോര്‍ 202 / 9. ഫ്‌ലെമിങ്ങിന്റെ അടുത്ത പന്ത് വാല്‍ഷിന്റെ ഓഫ് സ്റ്റമ്പിനെ തഴുകുമ്പോള്‍ തോല്‍വിയില്‍ നിന്ന് വിജയം പിടിച്ചെടുത്ത ആവേശത്തില്‍ മതിമറന്ന് ആഘോഷിക്കുകയായിരുന്നു ഓസ്ട്രലിയക്കാര്‍. 202 / 10. വിജയത്തിന്റെ പടിവാതിലില്‍ നിന്ന് തോല്‍വിയുടെ കയത്തിലേക്ക് ആണ്ടു പോയത് മൂക സാക്ഷിയായി നോക്കി നില്‍ക്കേണ്ടി വന്നു 49 റണ്‍സുമായി പുറത്താകാതെ 49 റണ്‍സുമായി വെസ്റ്റ് ഇന്ത്യന്‍ നായകന്‍ റിച്ചി റിച്ചാര്‍ഡ്‌സണ്.. ഓസ്ട്രേലിയയ്ക്ക് 5 റണ്‍സിന്റെ അദ്ഭുത വിജയം.

പിറ്റേ ദിവസത്തെ ഒരു ഇംഗ്ലീഷ് പത്രത്തിന്റെ ഹെഡിങ് ഇപ്രകാരമായിരുന്നു

‘West Indies Pulled Off An Extraordinary Defeat’

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

You Might Also Like