മുന്നില്‍ ആറ് ദിവസമുണ്ട്, തിരിച്ചടിച്ചിരിക്കും, തുറന്ന് പറഞ്ഞ് കോഹ്ലി

ടി20 ലോകകപ്പില്‍ പാകിസ്ഥാനോടേറ്റ ഞെട്ടിക്കുന്ന തോല്‍വിക്ക് പിന്നാലെ തിരിച്ചുവരുമെന്ന് ഉറപ്പ് നല്‍കി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി. രണ്ടാം പോരാട്ടത്തില്‍ കരുത്തരായ ന്യൂസിലന്‍ഡാണ് ഇന്ത്യയുടെ എതിരാളികള്‍. ഞായറാഴ്ചയാണ് ഇന്ത്യ- ന്യൂസിലന്‍ഡ് പോരാട്ടം.

ന്യൂസിലന്‍ഡിനെതിരായ പോരാട്ടത്തിന് തയ്യാറെടുക്കാന്‍ ഇന്ത്യന്‍ ടീമിന് മതിയായ സമയം കിട്ടുമെന്നും അത് ഗുണം ചെയ്യുമെന്നും കോഹ്ലി പറയുന്നു. ആറ് ദിവസങ്ങള്‍ കിട്ടുന്നത് ടീമിന് ഒരുങ്ങാനുള്ള അവസരമാണ്.

‘ആറ് ദിവസത്തെ ഇടവേള ടീമിന്റെ എല്ലാ വശത്തേയും പോരായ്മകള്‍ പരിഹരിക്കാനുള്ള സമയമാണ്. ഐപിഎല്‍ അടക്കം വലിയൊരു സീസണ്‍ കളിച്ചാണ് ലോകകപ്പിന് ഇറങ്ങിയത്. ആദ്യ മത്സരം ശേഷം മതിയായ സമയം കിട്ടുന്നത് ആരോഗ്യകരമായും നല്ലതാണ്. ഇത്രയും വലിയൊരു ടൂര്‍ണമെന്റ് കളിക്കുമ്പോള്‍ ശാരീരികമായി കരുത്തായിരിക്കാന്‍ ഈ ഇടവേള സഹായിക്കും.’

‘ടി20 ലോകകപ്പ് ഉയര്‍ന്ന നിലവാരത്തില്‍ കളിക്കേണ്ട ടൂര്‍ണമെന്റാണ്. ഒരു ടീമെന്ന നിലയില്‍ പുനഃസംഘടിക്കാന്‍ ഇടവേള സഹായിക്കും. അടുത്ത മത്സരത്തില്‍ വളരെ ആത്മവിശ്വാസത്തോടെ തയ്യാറെടുത്ത് ടീമിന്റെ പദ്ധതികള്‍ നടപ്പിലാക്കും. പുതിയ തന്ത്രങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാനുള്ള സമയം കൂടിയാണിത്’- കോഹ്ലി പറയുന്നു.

‘ലോകകപ്പ് പൊലെ നിര്‍ണായക പ്രാധാന്യമുള്ള ടൂര്‍ണമെന്റില്‍ ടോസിന് വലിയ റോളുണ്ട്. പാകിസ്ഥാന്‍ ടോസ് നേടി ബൗള്‍ ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍ തന്നെ അത് വ്യക്തമായി. ആദ്യം ബാറ്റ് ചെയ്യുമ്പോള്‍ അധിക റണ്‍സ് കണ്ടത്തേണ്ടതുണ്ട്. പിച്ചിലെ ഈര്‍പ്പമടക്കമുള്ളവ കളിയില്‍ നിര്‍ണായകമാണ്’- കോഹ്ലി കൂട്ടിച്ചേര്‍ത്തു.

പാകിസ്ഥാനെതിരായ മത്സരത്തില്‍ 10 വിക്കറ്റിനായിരുന്നു ഇന്ത്യയുടെ തോല്‍വി. ഇന്ത്യ ഉയര്‍ത്തിയ 152 റണ്‍സ് വിജയലക്ഷ്യം പാകിസ്ഥാന്‍ വിക്കറ്റൊന്നും നഷ്ടപ്പെടുത്താതെ മറികടക്കുകയായിരുന്നു.

You Might Also Like