താരങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് വുകമനോവിച്ച്, അവരുടെ മോശം തീരുമാനങ്ങള്‍ ചതിച്ചു

ഐഎസ്എല്ലില്‍ ജംഷെഡ്പൂര്‍ എഫ്‌സിയോട് ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്ക് തോല്‍വി വഴങ്ങിയതിന്റെ ഞെട്ടലിലാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് ക്യാമ്പ്. ഇതോടെ പോയന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തേയ്ക്ക് ബ്ലാസ്റ്റേഴ്‌സ് വീഴുകയും ചെയ്തു.
ബ്ലാസ്‌റ്റേഴ്‌സിന്റെ തോല്‍വിയില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് പരിശീകന്‍ ഇവാന്‍ വുകമാനോവിക്. ഈ തോല്‍വി താരങ്ങളുടെ മോശം തീരുമാനങ്ങള്‍കൊണ്ട് സംഭവിച്ചതാണെന്നും എന്നിരുന്നാലും അവസാന മത്സരത്തിലെ അവസാന നിമിഷം വരെയും തങ്ങള്‍ വിജയത്തിനായി പോരാടുമെന്നും ഇവാന്‍ വുകമാനോവിക് പറഞ്ഞു.
‘പെനാലിറ്റിയിലൂടെ ഗോളുകള്‍ വഴങ്ങേണ്ടിവന്നത് താരങ്ങളുടെ മോശം തീരുമാനങ്ങള്‍കൊണ്ട് സംഭവിച്ചതാണ്. ആദ്യ പകുതിയുടെ അവസാന നിമിഷങ്ങള്‍, രണ്ടാം പകുതിയുടെ ആദ്യ നിമിഷങ്ങള്‍, ഇവയെല്ലാം അശ്രദ്ധ മൂലമാണെന്ന് പറയാം. ഇവയെല്ലാം കളിക്കാര്‍ തീരുമാനമെടുക്കേണ്ട നിമിഷങ്ങളാണ്. ഇത്തരത്തിലുള്ള പിഴവുകള്‍ സംഭവിക്കാതിരിക്കാന്‍ ശ്രദ്ധയോടെ ഏകാഗ്രമായി മുന്നോട്ടു പോകേണ്ടത് ആവശ്യമാണ്.’ വുകമനോവിച്ച് പറഞ്ഞു.
‘ഈ മൂന്നു പോയിന്റുകള്‍ നേടാനാകാത്തത് വലിയൊരു നഷ്ടമായി കരുതുന്നില്ല. ഇനിയും എല്ലാ ടീമുകള്‍ക്കും ധാരാളം മത്സരങ്ങള്‍ ബാക്കിയുണ്ട്. അവസാന മത്സരത്തിലെ അവസാന നിമിഷം വരെയും ഞങ്ങള്‍ വിജയത്തിനായി പോരാടും’ ഇവാന്‍ വുകമാനോവിക് പറഞ്ഞു.
ഇന്നലെ നടന്ന മത്സരത്തില്‍ ഗ്രെഗ് സ്റ്റുവാര്‍ട്ടിന്റെ രണ്ട് പെനാല്‍റ്റി ഗോളുകളും ഡാനിയല്‍ ചിമയുടെ ഗോളുമാണ് ജംഷദ്പൂരിനെ വിജയത്തിലേക്ക് നയിച്ചത്. മൂന്നു പോയിന്റുകള്‍ നേടി ജംഷെഡ്പൂര്‍ രണ്ടാം സ്ഥാനത്തേക്കുയര്‍ന്നപ്പോള്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് അഞ്ചാം സ്ഥാനത്തേക്ക് കൂപ്പുകുത്തി. ഈ മാസം പതിനാലിന് ഈസ്റ്റ് ബെംഗാളിനെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.