പൊട്ടിത്തെറിച്ച് പൊള്ളാര്‍ഡ്, കുതിരകളെ നിര്‍ബന്ധിച്ച് വെള്ളം കുടിപ്പിക്കാനാകില്ലല്ലോ

Image 3
CricketWorldcup

ടി20 ലോകകപ്പില്‍ മോശം പ്രകടനത്തിന് പിന്നാലെ കടുത്ത നിരാശ പ്രകടിപ്പിച്ച് വെസ്റ്റിന്‍ഡീസ് നായകന്‍ കീറോണ്‍ പൊള്ളാര്‍ഡ്. സ്വന്തം കഴിവുകളോട് ഒരാളും നീതി പുലര്‍ത്തിയില്ലെന്നും കടുത്ത നിരാശയ്ക്ക് അടിമപ്പെടുന്നതായും പൊള്ളാര്‍ഡ് തുറന്ന് പറയുന്നു.

നദി വരെ നമുക്ക് കുതിരയെ എത്തിക്കാം. എന്നാല്‍ നിര്‍ബന്ധിപ്പിച്ച് വെള്ളം കുടിപ്പിക്കാന്‍ കഴിയില്ല എന്നാണ് വിന്‍ഡിസ് കളിക്കാര്‍ അവസരം മുതലാക്കാതിരുന്നതിനെ ചൂണ്ടി പൊള്ളാര്‍ഡ് പറഞ്ഞത്. രാജ്യന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കാന്‍ താന്‍ ഏതായാലും ഇപ്പോള്‍ ഒരുങ്ങുന്നില്ലെന്നും കുറച്ച് നാള്‍ കൂടി കളത്തിലുണ്ടാകുമെന്നും പൊള്ളാര്‍ഡ് കൂട്ടിചേര്‍ത്തു.

‘ഞങ്ങള്‍ നിരാശരാണ്. സ്വന്തം കഴിവിനോട് പലരും നീതി കാണിച്ചില്ല. വിന്‍ഡിസ് ടീമിനോട് ഞങ്ങള്‍ നീതി പുലര്‍ത്തിയില്ല. ഈ സമയം എന്തായാലും രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് പിന്മാറാന്‍ ഞാന്‍ ഉദ്ധേശിക്കുന്നില്ല. ഒരു മോശം ടൂര്‍ണമെന്റോ ഏതാനും മോശം മത്സരങ്ങളുടെ അല്ല വിധി നിര്‍ണയിക്കുക. ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ തീരുമാനം എടുക്കാന്‍ പലര്‍ക്കുമാവും. എന്നാല്‍ എനിക്ക് കഴിയില്ല. എനിക്ക് ഇപ്പോള്‍ ആ തീരുമാനം എടുക്കാനാവില്ല’ പൊള്ളാര്‍ഡ് പറഞ്ഞു.

ഇനിയും മുന്‍പോട്ട് പോകാനുള്ള മൈലേജ് എന്റെ കാലുകള്‍ക്ക് ഉണ്ട് എന്ന് പറഞ്ഞാണ് വിരമിക്കാന്‍ ഇപ്പോള്‍ ഉദ്ധേശമില്ലെന്ന് പൊള്ളാര്‍ഡ് വ്യക്തമാക്കിയത്.

പ്രായം നോക്കണം, മൊബിലിറ്റി നോക്കണം.നെഗറ്റീവായി അങ്ങനെ കുറേ കാര്യങ്ങള്‍ മുന്‍പിലെത്തും. നമുക്ക് വേണ്ടത്ര മികവ് കാണിക്കാനായില്ല എന്ന യാഥാര്‍ഥ്യം അംഗീകരിക്കുകയാണ് വേണ്ടത്. ഇവിടെ ഇരുന്ന് ഞാന്‍ അവരെ കുറ്റപ്പെടുത്താന്‍ പോവുകയല്ല. ഞങ്ങള്‍ ഒപ്പം ഇരുന്ന് എവിടെയാണ് പിഴച്ചത് എന്ന് പോസ്റ്റുമോര്‍ട്ടം നടത്തി കണ്ടെത്തും. ഈ കൂട്ടത്തിലെ പല താരങ്ങളും ലോകത്തിന്റെ പല ഭാഗങ്ങളിലും മികവ് കാണിച്ചവരാണ് എന്നും പൊള്ളാര്‍ഡ് പറഞ്ഞു.