പാകിസ്ഥാനെതിരെ പൂജ്യത്തില്‍ നിന്ന് തുടങ്ങാനാണ് ആഗ്രഹിക്കുന്നത്, തുറന്നടിച്ച് രാഹുല്‍

കഴിഞ്ഞ ടി20 ലോകകപ്പില്‍ പാക്കിസ്ഥാനുമായുള്ള തോല്‍വിയുണ്ടാക്കിയ വേദനയെക്കുറിച്ച് മനസ് തുറന്ന് ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍. വിജയിക്കാന്‍ ഏറെ കൊതിച്ച മത്സരമായിരുന്നു അതെന്നും എന്നാല്‍ വന്‍ പരാജയം ഏറ്റുവാങ്ങാനായിരുന്നു തങ്ങളുടെ വിധിയെന്നും രാഹുല്‍ പറഞ്ഞു.

ഏഷ്യ കപ്പിലെ ആദ്യ മത്സരത്തില്‍ പാകിസ്ഥാനെ നേരിടുന്നതിന് മുന്നോടിയായി നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് രാഹുല്‍ ഇക്കാര്യം പറഞ്ഞു. പൂജ്യത്തില്‍ നിന്ന് തുടങ്ങാനാണ് തങ്ങള്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നതെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

‘ഞങ്ങള്‍ ആ കളി ജയിക്കാന്‍ ആഗ്രഹിച്ചു, പക്ഷേ പാകിസ്ഥാന്‍ ഞങ്ങളെ അനായാസം മറികടന്നതിനാല്‍ പരാജയപ്പെട്ടു. ഒരിക്കല്‍ കൂടി അവര്‍ക്കെതിരെ കളിക്കാനുള്ള അവസരം കൈവന്നിരിക്കുന്നു. ഞങ്ങള്‍ പൂജ്യത്തില്‍ നിന്നാണ് കളി ആരംഭിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ തോല്‍വി ഇനി കണക്കാക്കില്ല’ രാഹുല്‍ പറഞ്ഞു.

കളിക്കളത്തിന് പുറത്ത് കളിക്കാര്‍ തമ്മില്‍ ഏറ്റവും സൗഹൃദത്തോടെയാണ് പെരുമാറുന്നതെന്നും എന്നാല്‍ മത്സരങ്ങളില്‍ ടീമിന് വേണ്ടി തങ്ങളുടെ ഏറ്റവും മികച്ചത് നല്‍കാന്‍ എല്ലാവരും ആഗ്രഹിക്കുന്നുവെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

‘നമ്മള്‍ അവരെ എതിരാളികളായി കാണുന്നു. പാക്കിസ്ഥാനും ഇതേ കാഴ്ചപ്പാട് ഉണ്ടെന്ന് എനിക്ക് ഉറപ്പുണ്ട്. അണ്ടര്‍ 19 ലോകകപ്പില്‍ ഞാന്‍ അവരില്‍ ചിലര്‍ക്കെതിരെ കളിക്കുകയും അവരോട് സൗഹൃദം കാത്തുസൂക്ഷിക്കുകയും ചെയ്തിട്ടുണ്ട്. ഞങ്ങള്‍ പരസ്പരം എല്ലാം പഠിക്കുന്നു’ രാഹുല്‍ പറഞ്ഞ് നിര്‍ത്തി.

You Might Also Like