; )
ഐഎസ്എല്‍ കിരീട വിജയത്തിന് ശേഷം നാടകീയ പ്രഖ്യാപനവുമായി എടികെ മോഹന്‍ ബഗാന്‍ ഉടമ സഞ്ജീവ് ഗോയങ്ക. അടുത്ത സീസണ്‍ മുതല്‍ ടീമിന്റെ പേരില്‍ നിന്ന് എടികെ ഉപേക്ഷിക്കുകയാണെന്നും പകരം മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയ്ന്റ് എന്നായിരിക്കുമെന്നും ഉടമ പ്രഖ്യാപിച്ചു.
2020 സീസണിലാണ് മോഹന്‍ ബഗാന്‍ ക്ലബ് എടികെയുമായി ചേര്‍ന്ന് ഒരൊറ്റ ക്ലബായി ഐഎസ്എല്ലില്‍ ഇറങ്ങിയത്. ഗോയങ്കയുടെ ആര്‍പിഎസ്ജി ഗ്രൂപ്പ് ആയിരുന്നു പുതിയ ക്ലബിന്റെ ഷെയറുകള്‍ ഭൂരിഭാഗം കൈകലാക്കിയത്. എന്നാല്‍ ഇരുക്ലബുകളുടേയും ആരാധകര്‍ തമ്മില്‍ യോജിപ്പിലെത്താതത് ചില പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഈ പ്രശ്‌നം പരിഹരിക്കുന്നതിന്റെ ഭാഗം കൂടിയാണ് പേരു മാറ്റം.
അതെസമയം ഐഎസ്എല്ലില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ബംഗളൂരു എഫ്സിയെ വീഴ്ത്തിയാണ് എടികെ കിരീടം സ്വന്തമാക്കിയത്. എക്സ്ട്രാടൈമിലും ഇരു ടീമുകളും 2-2ന് സമനില പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ഷൂട്ടൗട്ടില്‍ 4-3നാണ് ബംഗളൂരുവിനെ എടികെ തകര്‍ത്തത്.
എടികെയ്ക്കായി ദിമിത്രി പെട്രറ്റോസും ലിസ്റ്റണ്‍ കൊളാസോയും കിയാന്‍ നസീരിയും മന്‍വീര്‍ സിംഗും ലക്ഷ്യം കണ്ടപ്പോള്‍ ബെംഗളൂരു എഫ്സിയുടെ ബ്രൂണോ റമീറസ്, പാബ്ലോ പെരെസ് എന്നിവരുടെ കിക്കുകള്‍ പാഴായി. അലന്‍ കോസ്റ്റയും റോയ് കൃഷ്ണയും സുനില്‍ ഛേത്രിയും വലകുലുക്കി.
പൂര്‍ണസമയത്ത് ഇരു ടീമുകളും രണ്ട് ഗോള്‍ വീതം നേടി തുല്യത പാലിച്ചതോടെയാണ് മത്സരം അധികസമയത്തേക്ക് നീണ്ടത്. ഫൈനലില്‍ പിറന്ന നാലില്‍ മൂന്ന് ഗോളുകളും പെനാല്‍റ്റിയില്‍ നിന്നായിരുന്നു. എടികെയ്ക്കായി ദിമിത്രി പെട്രറ്റോസ് ഇരട്ട ഗോള്‍ നേടിയപ്പോള്‍ സുനില്‍ ഛേത്രിയും റോയ് കൃഷ്ണയുമാണ് ബിഎഫ്സിയുടെ സ്‌കോറര്‍മാര്‍.