സിംബാബ്‌വെ ഹോട്ടലില്‍ കുളിക്കുമ്പോള്‍ അക്കാര്യം ശ്രദ്ധിക്കണം, ഇന്ത്യന്‍ ടീമിനോട് ബിസിസിഐ

ഏകദിന പരമ്പരക്കായി സിംബാബ്വെയിലെത്തിയ ഇന്ത്യന്‍ ടീമിന് വളരെ പ്രാധാന്യമുളള ഒരു നിര്‍ദേശം നല്‍കിയിരിക്കുകയാണ് ബിസിസിഐ. ഇന്ത്യന്‍ ടീം അംഗങ്ങള്‍ വെള്ളം പാഴാക്കരുതെന്നും ആവശ്യത്തിനുളളത് മാത്രം ഉപയോഗിക്കാന്‍ ശ്രദ്ധിക്കണമെന്നുമാണ് ബിസിസിഐ നിര്‍ദേശിച്ചിരിക്കുന്നത്.

ഹരാരെയിലെ കടുത്ത ശുദ്ധജലക്ഷാമം നിലനില്‍ക്കുന്നതായാണ് റിപ്പോര്‍ട്ട്. ഹരാരെയിലെ പല പ്രദേശങ്ങളിലും പ്രത്യേകിച്ച് പടിഞ്ഞാറന്‍ പ്രദേശങ്ങള്‍ കടുത്ത ശുദ്ധജലക്ഷാമത്തെ നേരിടുകയാണത്രെ. കഴിഞ്ഞ മൂന്ന് ദിവസമായി ഈ പ്രദേശങ്ങളില്‍ വെള്ളം എത്തിയിട്ടില്ല. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ ടീം അംഗങ്ങള്‍ക്ക് വെള്ളം പാഴാക്കരുതെന്ന നിര്‍ദേശം ബിസിസിഐ പുറപ്പെടുവിച്ചത്.

വരള്‍ച്ചമൂലമല്ല ഹരാരെ കടുത്ത ശുദ്ധജലക്ഷാമം നേരിടുന്നത് എന്നതാണ് പ്രത്യേകത. ഹരാരെ നഗരത്തിലെ ഏറ്റവും വലിയ കുടിവെള്ള ട്രീറ്റ്‌മെന്റ് പ്ലാന്റായ മോര്‍ട്ടണ്‍ ജാഫ്രി പ്ലാന്റില്‍ ജലം ശുദ്ധീകരിക്കുന്നതിനുള്ള കെമിക്കല്‍ തീര്‍ന്നതിനാലാണ് കഴിഞ്ഞ മൂന്നാഴ്ചയായി ഹരാരെ നഗരം കടുത്ത ശുദ്ധജലക്ഷാമത്തെ അഭിമുഖീകരിക്കുന്നത്. നഗരത്തിലെ ഇരുപത് ലക്ഷത്തോളം ജനങ്ങള്‍ക്ക് കുടിവെള്ളം എത്തിക്കുന്നത് ഈ പ്ലാന്റില്‍ നിന്നാണ്.

കഴിഞ്ഞമാസം തുടങ്ങിയ ക്ഷാമം ഈ മാസമായപ്പോഴേക്കും അതിരൂക്ഷമാവുകയായിരുന്നു. എന്നാല്‍ ഇന്ത്യന്‍ ടീം താമസിക്കുന്ന ഹോട്ടലില്‍ നിലവില്‍ ഇത്തരം പ്രശ്‌നങ്ങളൊന്നുമില്ലെങ്കിലും പൊതുജനങ്ങളുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് വെള്ളം കരുതലോടെ ഉപയോഗിക്കണമെന്നും കുളി അടക്കമുള്ള കാര്യങ്ങള്‍ക്ക് പരമാവധി കുറച്ച് വെള്ളം മാത്രം ഉപയോഗിക്കണമെന്നും ബിസിസിഐ ടീം അംഗങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ബിസിസിഐ ഉദ്യോഗസ്ഥന്‍ ഇന്‍സൈഡ് സ്‌പോര്‍ട്‌സിനോട് പറഞ്ഞു.

2016ല്‍ പര്യടനത്തിനെത്തിയപ്പോള്‍ ഇന്ത്യന്‍ ടീം താമസിച്ച മെക്കല്‍സ് ഹോട്ടല്‍ അടക്കം ശുദ്ധജലക്ഷാമം മൂലം അതിഥികളെ പ്രവേശിപ്പിക്കുന്നത് നിര്‍ത്തിവെച്ചിട്ടുണ്ട്. 2018ല്‍ ദക്ഷിണാഫ്രിക്കയില്‍ പര്യടനം നടത്തിയപ്പോഴും ഇന്ത്യന്‍ ടീം സമാനമായ സാഹചര്യങ്ങളിലൂടെ കടന്നുപോയിരുന്നു. അന്ന് കേപ്ടൗണിലെ പല പ്രദേശങ്ങളും കടുത്ത ശുദ്ധജല ക്ഷാമത്തിലായിരുന്നു.

You Might Also Like