പിച്ചിലേക്ക് ഹെല്‍മെറ്റ് ഊരിയെറിഞ്ഞ് കോഹ്ലി, ചീത്ത ഗില്ലിന്

ഇംഗ്ലണ്ടിനെതിരെ രണ്ടാം ടെസ്റ്റില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി ഹെല്‍മെറ്റ് പിച്ചിലേക്ക് ഊരിയെറിയുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഇംഗ്ലണ്ടിനായി ജാക്ക് ലീച്ച് ബാറ്റ് ചെയ്യുന്നതിനിടെയാണ് അബദ്ധത്തില്‍ ഈ സംഭവം നടന്നത്.

ഷോര്‍ട്ട് ഫൈന്‍ ലെഗ്ഗില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന കോഹ്ലി അശ്വിന്റെ ഓവര്‍ പൂര്‍ത്തിയായതിന് പിന്നാലെ ഹെല്‍മെറ്റ് ഊരി വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനെ ലക്ഷ്യമാക്കി എറിഞ്ഞു കൊടുത്തു. എന്നാല്‍ ഇതിനിടെ കോഹ്ലിയുടെ തൊട്ടടുത്ത് ഷോര്‍ട്ട് ലെഗ്ഗില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന ശുഭ്മാന്‍ ഗില്‍ കോഹ്ലി ഹെല്‍മെറ്റ് എറിഞ്ഞത് ശ്രദ്ധിക്കാതെ പിച്ച് മുറിച്ച് മറുവശത്തേക്ക് കടന്നു.

ഇതോടെ കോഹ്ലിയെറിഞ്ഞ ഹെല്‍മെറ്റ് പിടിക്കാന്‍ റിഷഭ് പന്തിനായില്ല. ഹെല്‍മെറ്റ് ചെന്നുവീണതാകട്ടെ പിച്ചിന്റെ നടുവിലും. ഗില്‍ ഇടയ്ക്കു കയറിയതാണ് പന്തിന് ഹെല്‍മെറ്റ് പിടിക്കാന്‍ കഴിയാത്തതിന് കാരണമെന്ന് മനസിലായ കോഹ്ലി യുവതാരത്തോട് ദേഷ്യത്തോടെ ആംഗ്യം കാണിക്കുന്നതും വീഡിയോയിലുണ്ട്.

എന്നാല്‍ കോഹ്ലിയ്ക്ക് പകരം സ്മിത്തായിരുന്നു ഇത് ചെയ്തിരുന്നെങ്കില്‍ എന്തെല്ലാം വിവാദമാകുക ഉണ്ടാകുക എന്ന ചോദ്യം ഉയര്‍ത്തി ഒരുവിഭാഗം ആരാധകര്‍ രംഗത്തെത്തി. സ്മിത്തായിരുന്നു ഇത് ചെയ്തിരുന്നെങ്കില്‍ അദ്ദേഹത്തെ വിലക്കണമെന്ന് ആവശ്യപ്പെട്ട് ആരാധകര്‍ രംഗത്തെത്തുമായിരുന്നെന്നാണ് ഇവര്‍ ആരോപിക്കുന്നത്.

നേരത്തെ മൂന്നാം ദിനം ബാറ്റിംഗിനിടെ പിച്ചിലെ ഡെയ്ഞ്ചര്‍ ഏരിയയിലൂടെ ഓടിയതിന് അമ്പയര്‍ കോഹ്ലിയെ താക്കീത് നല്‍കിയിരുന്നു.

You Might Also Like