; )
രഞ്ജി ട്രോഫിയില്‍ വീണ്ടും അമ്പരപ്പിച്ച് ഹനുമ വിഹാരി. രണ്ടാം ഇന്നിംഗ്‌സില്‍ തകര്‍ന്ന കൈ കൊണ്ട് ബാറ്റ് ചെയ്താണ് വിഹാരി വീണ്ടും ഞെട്ടിച്ചത്. മധ്യപ്രദേശിനെതിരെ ആന്ധ്രയുടെ രണ്ടാം ഇന്നിംഗ്‌സില്‍ ഇടംകൈയനായി ബാറ്റ് ചെയ്ത വിഹാരി ഒറ്റകൈയില്‍ ബാറ്റ് പിടിച്ച് റിവേഴ്‌സ് സ്വീപ്പ് ഫോര്‍ നേടി ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിക്കുകയും ചെയ്തു.
മധ്യപ്രദേശിനെതിരായ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തിന്റെ ആദ്യ ദിനത്തിലാണ് പേസര്‍ ആവേശ് ഖാന്റെ ബൗണ്‍സര്‍ കൊണ്ട് ആന്ധ്രപ്രദേശ് ക്യാപ്റ്റന്‍ കൂടിയായ ഹനുമാന്‍ വിഹാരിയുടെ ഇടത് കൈത്തണ്ടയ്ക്ക് പൊട്ടലേറ്റത്. വേദനകൊണ്ട് പുളഞ്ഞ താരം ബാറ്റിംഗ് പൂര്‍ത്തിയാക്കാതെ മടങ്ങി.
@Hanumavihari 🧎💥🔥#HanumaVihari #RanjiTrophy2023 pic.twitter.com/O1reQglKMM
— Teja Tanush (@Tejatanush1) February 2, 2023
സ്‌കാനിംഗില്‍ വിഹാരിയുടെ പരിക്ക് ഗുരുതമാണെന്ന് കണ്ടെത്തിയ ഡോക്ടര്‍ ആറ് ആഴ്ചത്തെ വിശ്രമം നിര്‍ദ്ദേശിക്കുകയും ചെയ്തു. എന്നാല്‍ രണ്ടാം ദിനം ആന്ധ്ര ടീമിന്റെ ഒമ്പതാം വിക്കറ്റ് നഷ്ടമായതോടെ വിഹാരി വീണ്ടും ക്രീസിലെത്തി. വലംകൈയനായ വിഹാരി കയ്യില്‍ ബാന്‍ഡേജുമായി ഇടംകൈയനായാണ് രണ്ടാംവരവില്‍ ബാറ്റ് ചെയ്തത്. ഐതിഹാസിക പോരാട്ടവീര്യം കാഴ്ചവെച്ച് അവസാന വിക്കറ്റില്‍ 26 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്താണ് താരം മടങ്ങിയത്.
രണ്ടാം ഇന്നിംഗ്‌സിലും ഹനുമാ വിഹാരിക്ക് ബാറ്റിംഗിന് ഇറങ്ങേണ്ടിവന്നു. ടീം 76 റണ്‍സിന് 9 വിക്കറ്റ് നഷ്ടമായി നില്‍ക്കേയാണ് വിഹാരി ക്രീസിലെത്തിയത്. രണ്ടാം ഇന്നിംഗ്‌സില്‍ പതിനൊന്നാമനായി ക്രീസിലെത്തിയ താരം 16 പന്തില്‍ മൂന്ന് ബൗണ്ടറികളോടെ 15 റണ്‍സ് നേടി പോരാട്ടം കാഴ്ചവെച്ചു.
ഇതിലൊരു ഷോട്ടാണ് ഉറുമി ഉപയോഗിച്ച് വീശുന്ന തരത്തില്‍ ഒറ്റകൈ കൊണ്ട് റിവേഴ്‌സ് സ്വീപ്പ് കളിച്ച് വിഹാരി ഫോര്‍ നേടിയത്. രണ്ടാം ഇന്നിംഗ്‌സില്‍ ആന്ധ്രാ താരങ്ങളിലെ മൂന്നാമത്തെ ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ കൂടിയാണ് വിഹാരിയുടെ 15 റണ്‍സ്.