ഇന്ത്യന്‍ താരത്തെ ബ്ലോക്ക് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി ഇംഗ്ലീഷ് താരം, ചുട്ടമറുപടി, പരസ്യപ്പോര്

ഇന്ത്യന്‍ മുന്‍ ഓപ്പണര്‍ വസീം ജാഫറും ഇംഗ്ലണ്ട് മുന്‍ നായകന്‍ മൈക്കല്‍ വോനും ട്വിറ്ററില്‍ നേര്‍ക്ക് നേര്‍ ഏറ്റുമുട്ടുകയാണ്. ട്വിറ്ററില്‍ ഒരാളെ ബ്ലോക്ക് ചെയ്യേണ്ടിവന്നാല്‍ അത് വസീം ജാഫറായിരിക്കുമെന്ന് വോന്‍ പറഞ്ഞതാണ് വിവാദത്തിന് തുടക്കമിട്ടത്. അതിന് ചുട്ട മറുപടി വസീം ജാഫര്‍ നല്‍കുകയും ചെയ്തു.
Me and my friends after knowing @MichaelVaughan wants to block me😁 https://t.co/eDKct3Uc8a pic.twitter.com/Dtk5XOXt64
— Wasim Jaffer (@WasimJaffer14) May 27, 2021
കുറേ നാളുകളായി ട്വിറ്ററിലൂടെ യുദ്ധത്തിലാണ് മൈക്കല്‍ വോനും വസീം ജാഫറും. ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനത്തിലായിരുന്നു തുടക്കം. ടെസ്റ്റ് പരമ്പര 4-0ന് ഓസീസ് തൂത്തുവാരുമെന്ന് മൈക്കല്‍ വോന്‍ പ്രവചിച്ചു. സംഭവിച്ചതാകട്ടെ 2- 1ന് പരമ്പര ഇന്ത്യ നേടി. ഇന്ത്യയുടെ ഐതിഹാസിക ജയത്തിന് പിന്നാലെ മൈക്കല്‍ വോനെ ഏറ്റവുമധികം വിമര്‍ശിച്ചവരിലൊരാള്‍ വസീം ജാഫറായിരുന്നു.
വിരാട് കോലിയേക്കാള്‍ മികച്ച താരം ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണാണെന്ന് വോന്‍ പറഞ്ഞതാണ് രണ്ടാമത്തെ സംഭവം. കോലിക്കാണ് മാധ്യമങ്ങളുടെ വാഴ്ത്തുപാട്ടുകള്‍ കൂടുതല്‍ കിട്ടുന്നതെന്നും വോന്‍ പറഞ്ഞിരുന്നു. ഇത് കേട്ട് രോഷം പൂണ്ട വസീം ജാഫര്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ വോനെ കടന്നാക്രമിച്ചു. ആവശ്യമില്ലാത്തിടത്തും തലയിടുന്ന പ്രകൃതമാണ് വോന്റെത് എന്നായിരുന്നു വിമര്‍ശനം.
ഇതുപോലെ വിവിധ സംഭവങ്ങള്‍. അങ്ങനെയിരിക്കെയാണ് ഒരു അഭിമുഖത്തില്‍ മൈക്കല്‍ വോന് മുന്നില്‍ ഒരു ചോദ്യം എത്തുന്നത്. സാമൂഹ്യമാധ്യമങ്ങളില്‍ ഒരാളെ ബ്ലോക്ക് ചെയ്യേണ്ടിവന്നാല്‍ അത് ആരെ ആയിരിക്കുമെന്നായിരുന്നു ചോദ്യം. വസീം ജാഫര്‍ എന്നായിരുന്നു ഇംഗ്ലീഷ് മുന്‍ നായകന്റെ മറുപടി.
ഇത് കേട്ടപാട്ടെ വസീം ജാഫര്‍ 14 വര്‍ഷം മുമ്പത്തെ ഒരു ഫോട്ടോ തപ്പിയെടുത്തു. 2007ല്‍ വസീം ജാഫര്‍ ഉള്‍പ്പെട്ട ഇന്ത്യന്‍ ടീം ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് ടെസ്റ്റ് പരമ്പര നേടിയ ഫോട്ടോ. ബ്ലോക്ക് ചെയ്യുമെന്നത് കേട്ട് സന്തോഷിക്കുന്ന താനും സുഹൃത്തുക്കളും എന്ന ക്യാപ്ഷനും നല്‍കി. അന്ന് ഇംഗ്ലണ്ടിനെ നയിച്ചത് മൈക്കല്‍ വോനായിരുന്നു എന്നത് മറ്റൊരു കൗതുകം.
തൊട്ടുപിന്നാലെ മൈക്കല്‍ വോന്റെ മറുപടി ട്വീറ്റെത്തി. നിങ്ങളെ ബ്ലോക്ക് ചെയ്യില്ല വസീം ജാഫര്‍. എന്റെ ഓഫ് സ്പിന്നില്‍ പുറത്തായ ആരെയും ബ്ലോക്ക് ചെയ്യില്ലെന്നായിരുന്നു ട്വീറ്റ്. ടെസ്റ്റില്‍ മൈക്കല്‍ വോന്‍ നേടിയ ആറ് വിക്കറ്റുകളില്‍ ആദ്യത്തേത് വസീം ജാഫറിന്റേതായിരുന്നു. ഇത് ഓര്‍മ്മിപ്പിച്ചാണ് വോന്‍ ഈ ട്വീറ്റ് ചെയ്തത്. വസീം ജാഫറിന്റെ അടുത്ത മറുപടിക്കായി കാത്തിരിക്കുകയാണ് ആരാധകര്‍.