അവന്‍ ഇന്ത്യയ്ക്കായി ഒരു ബാറ്റ്‌സ്മാനായി മാത്രം കളിച്ച് ഞെട്ടിക്കും, ആ ബൗളറെ കുറിച്ച് ലക്ഷ്മണിന്റെ പ്രവചനം

ഷെമീന്‍ അബ്ദുല്‍ മജീദ്
ഈ കൊറോണ കാലം ഇന്ത്യന്‍ ക്രിക്കറ്റിനെ സംബന്ധിച്ച് പ്രതീക്ഷിക്കാത്ത ഒരു പറ്റം പുതിയ ടാലന്റുകളെ കണ്ടെത്തിയ കാലം കൂടിയായിരുന്നു. ഫ്രീക്ക് ഇന്‍ജുറികള്‍ മൂലം ആരും ഒരിക്കലും പ്രതീക്ഷിക്കാത്ത യുവ താരങ്ങള്‍ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ അരങ്ങേറിയപ്പോള്‍ പിറന്നത് പുതിയ ചരിത്രം .
ഈ കൊറോണ കാലത്ത് ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റിന് കിട്ടിയ ഏറ്റവും വലിയ ടാലന്റ് ആണ് സിറാജിനോടൊപ്പം വാഷിങ്ടണ്‍ സുന്ദര്‍. കൊറോണക്ക് മുന്‍പ് ഒരു ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകന്റെ ഭ്രാന്തമായ സ്വപ്നങ്ങളില്‍ പോലും ടെസ്റ്റ് ടീമില്‍ കളിക്കുന്ന സുന്ദര്‍ ഉണ്ടായിരുന്നില്ല. ഇന്ത്യന്‍ ടീം ക്യാപ്റ്റന്റെ ക്വാട്ട സെലക്ഷന്‍ എന്ന് വരെ സുന്ദറിന്റെ ഓസ്‌ട്രേലിയന്‍ പര്യടനത്തിന് വേണ്ടിയുള്ള ടീമിലെ സെലക്ഷനെ പലരും ദുര്‍വ്യാഖ്യാനിച്ചു.
സുന്ദറിന്റെ മറുപടി അതിമനോഹരമായിരുന്നു. പേസും ബൗണ്‍സും നിറഞ്ഞ ഗാബ്ബയിലും ആദ്യ ദിനം മുതല്‍ ടേണ്‍ ചെയ്ത ചെന്നെയിലും അഹമ്മദാബാദിലും ഒരു മുന്‍നിര ബാറ്റ്‌സ്മാന്റെ മികച്ച ടെക്‌നിക്കോടെ സുന്ദര്‍ കളിച്ച ഇന്നിങ്‌സുകള്‍ ഇന്ത്യക്ക് നിര്‍ണ്ണായകമായ മുന്‍തൂക്കമാണ് നേടിക്കൊടുത്തത്.
പലരും ഒരു ബൗളര്‍ അല്ലെങ്കില്‍ ഓള്‍ റൗണ്ടര്‍ എന്ന് വിശേഷിപ്പിക്കുന്ന സുന്ദര്‍ ഒരു പ്രോപ്പര്‍ മുന്‍നിര ബാറ്റ്‌സ്മാന്‍ തന്നെയാണ്. തമിഴ് നാടിന് വേണ്ടി ഫസ്റ്റ് ക്ലാസില്‍ ഓപ്പണിങ് ഇറങ്ങി സെഞ്ച്വറി നേടിയ സുന്ദറിന് പിന്നീടങ്ങോട്ട് കാര്യമായ അവസരങ്ങള്‍ ലഭിച്ചില്ല. ഗാബ്ബയിലെ അരങ്ങേറ്റത്തിന് മുന്‍പ് അവസാനമായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിച്ചത് 2017 ല്‍ ! സുന്ദറിനെ സ്ഥിരമായി തമിഴ് നാട് ടീമിന്റെ ടോപ് ഓഡറില്‍ കളിപ്പിക്കണമെന്ന് രവി ശാസ്ത്രി ആവശ്യപ്പെട്ടത് അവന്റെ ബാറ്റിങ് ടാലന്റിനെ ഇന്ത്യന്‍ ടീം വളരെ സീരിയസ്സായി എടുത്തിരിക്കുന്നു എന്നതിനുദാഹരണമാണ്.
ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ ഇനിയങ്ങോട്ട് എവിടെയായിരിക്കും സുന്ദറിന്റെ സ്ഥാനം? പരിക്ക് മാറി തിരിച്ചെത്തുന്ന രവീന്ദ്ര ജഡേജയുമായും ഹനുമ വിഹാരിയുമായിട്ടാണ് സുന്ദറിന്റെ മല്‍സരം. ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച ഓള്‍ റൗണ്ടര്‍ ആയ ജഡേജയുമായി താരതമ്യപ്പെടുത്താന്‍ കഴിയില്ലെങ്കിലും കുറച്ച് ബൗള്‍ ചെയ്യാവുന്ന ബാറ്റ്‌സ്മാന്‍ എന്ന വിഹാരിയുടെ പൊസിഷനിലേക്കാണ് ഏറ്റവും അനുയോജ്യം. ആദ്യ ഇലവനില്‍ ഇടം നേടാന്‍ ചാന്‍സില്ലെങ്കിലും WTC ഫൈനലും ഇംഗ്ലണ്ടുമായുള്ള സീരിസ് അടക്കം 6 ടെസ്റ്റ് മല്‍സരങ്ങള്‍ക്കായി യാത്ര തിരിക്കുന്ന ഇന്ത്യന്‍ ടീമില്‍ സുന്ദര്‍ തീര്‍ച്ചയായും ഉണ്ടാകും. 21 വയസ്സ് മാത്രമുള്ള സുന്ദര്‍ ഭാവി ഇന്ത്യന്‍ മിഡില്‍ ഓഡറിന് പ്രതീക്ഷിക്കാതെ കിട്ടിയ ഒരു വാഗ്ദാനമാണ്.
യുവതാരങ്ങളെ കണ്ടെത്തുന്നതില്‍ അഗ്രഗണ്യനായ ദ്രാവിഡ് ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ലക്ഷ്മണിനോട് പറഞ്ഞ വാക്കുകള്‍ യാഥാര്‍ഥ്യത്തിലേക്ക് അടുത്ത് കൊണ്ടിരിക്കുകയാണ് . ‘ സുന്ദര്‍ ഒരു സ്പിന്നറെക്കാളുപരി ഏറെ കഴിവുകളുള്ള മികച്ച ഒരു ബാറ്റ്‌സ്മാനാണ്. അവന്‍ ഇന്ത്യക്ക് വേണ്ടി അധികം താമസിയാതെ ഒരു ബാറ്റ്‌സ്മാനായി മാത്രം കളിക്കുന്നത് കണ്ടാലും അത്ഭുദപ്പെടാനില്ല.’
കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍