ആ ഇന്ത്യന്‍ താരം തനിയ്ക്ക് ഉറക്കമില്ലാത്ത രാവുകളാണ് സമ്മാനിച്ചത്, തുറന്ന് പറഞ്ഞ് സംഗക്കാര

Image 3
CricketTeam India

ഇന്ത്യന്‍ ഇതിഹാസ സ്പിന്നറും മുന്‍ നായകനുമായ അനില്‍ കുംബ്ലെയ പ്രശംസകൊണ്ട് മൂടി മുന്‍ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ കുമാര്‍ സംഗക്കാര. അനില്‍ കുംബ്ലെ നേരിടാന്‍ വളരെ ബുദ്ധിമുട്ടുണ്ടായിരുന്ന ബൗളറായിരുന്നു എന്നാണ് സംഗക്കാര തുറന്ന് പറയുന്നത്.

ഹാള്‍ ഓഫ് ഫെയിമില്‍ ഉള്‍പ്പെട്ട കുംബ്ലെയ്ക്കായി ഐസിസി ഒരു ട്രിബ്യൂട്ട് വിഡിയോ പുറത്തിറക്കിയിരുന്നു. ഈ വിഡിയോയിലാണ് സംഗക്കാര കുംബ്ലെയെ പ്രകീര്‍ത്തിച്ച് രംഗത്തെത്തിയത്.

”ഒരു ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ എനിക്ക് കുംബ്ലെ ഉറക്കമില്ലാത്ത രാത്രികള്‍ സമ്മാനിച്ചിട്ടുണ്ട്. പരമ്പരാഗത ലെഗ് സ്പിന്നറായിരുന്നില്ല അദ്ദേഹം. വളരെ പൊക്കമുള്ള ഹൈ ആം ആക്ഷനുള്ള ഒരു ബൗളറായിരുന്നു. വേഗതയിലും സ്‌ട്രൈറ്റ് ലൈനിലും കൃത്യതയോടെയും അദ്ദേഹം പന്തെറിഞ്ഞിരുന്നു. അദ്ദേഹത്തിനെതിരെ കൂറ്റന്‍ ഷോട്ടുകള്‍ കളിക്കുക ബുദ്ധിമുട്ടായിരുന്നു. കുംബ്ലെയ്ക്ക് നല്ല ബൗണ്‍സ് കിട്ടുമായിരുന്നു. പിച്ചില്‍ നിന്ന് പിന്തുണ കൂടി കിട്ടിയാല്‍ അദ്ദേഹത്തെ നേരിടുക വളരെ ബുദ്ധിമുട്ടേറിയതാവും.”- സംഗക്കാര വിഡിയോയില്‍ പറഞ്ഞു.

ശ്രീലങ്കന്‍ മുന്‍ ക്യാപ്റ്റന്‍ മഹേല ജയവര്‍ധനെ, ന്യൂസീലന്‍ഡ് നായകന്‍ സ്റ്റീഫന്‍ ഫ്‌ലെമിങ്, മുന്‍ പാക് ക്യാപ്റ്റന്‍ വസീം അക്രം തുടങ്ങിയവരൊക്കെ ഐസിസി പങ്കുവച്ച വിഡിയോയില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ആയിരത്തിലധികം വിക്കറ്റ് വീഴ്ത്തിയിട്ടുളള ബൗളറാണ് അനില്‍ കുംബ്ലെ. 18 വര്‍ഷത്തോളമാണ് കുംബ്ലെ ഇന്ത്യയ്ക്കായി പന്തെറിഞ്ഞത്.