അഫ്ഗാൻ നിശബ്ദമായി അവസാനിപ്പിച്ചത് ആ കരിയർ കൂടി; നല്ലൊരു വിടവാങ്ങൽ മത്സരമെങ്കിലും അയാൾ അർഹിച്ചിരുന്നു

Image 3
CricketWorldcup

ഡേവിഡ് വാർണറുടെ അന്താരാഷ്ട്ര കരിയർ ഒരു ഗംഭീര വിടവാങ്ങൽ മത്സരം അർഹിച്ചിരുന്നുവെന്ന് നിസംശയം പറയാം. ദൗർഭാഗ്യകരമെന്ന് പറയെട്ടെ, ഗംഭീരമായ ആ കരിയർ നിശബ്ദമായി അവസാനിച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ ക്രിക്കറ്റ് നേട്ടങ്ങൾ വരും വർഷങ്ങളിൽ ആഘോഷിക്കപ്പെടും എന്നതിൽ സംശയമില്ല.

അഫ്ഗാനിസ്ഥാൻ ബംഗ്ലാദേശിനെതിരെ നേടിയ വിജയത്തോടെ ഓസ്‌ട്രേലിയ ടി20 ലോകകപ്പിൽ നിന്ന് പുറത്തായി. ഇതാണ് 15 വർഷത്തെ ഡേവിഡ് വാർണറുടെ അന്താരാഷ്ട്ര കരിയറിന് തിരശീല വീഴ്ത്തിയത്. ഈ ലോകകപ്പോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കുമെന്ന് വാർണർ നേരത്തെ വ്യക്തമാക്കിയിരുന്നു..

പടിപടിയായി വിടവാങ്ങൽ

വാർണറുടെ വിരമിക്കൽ ക്രമേണയായിരുന്നു. കഴിഞ്ഞ നവംബറിൽ ഇന്ത്യയ്‌ക്കെതിരായ ലോകകപ്പ് വിജയത്തോടെ അദ്ദേഹം ഏകദിനത്തിൽ നിന്ന് വിരമിച്ചു. തുടർന്ന് ജനുവരിയിൽ പാകിസ്താനെതിരെ നടന്ന മത്സരത്തോടെ ടെസ്റ്റ് കരിയറിനും വിട നൽകി. ടി20 ലോകകപ്പ് തന്നെയായിരിക്കും അദ്ദേഹത്തിന്റെ അവസാന ടൂർണമെന്റ് എന്ന് നേരത്തെ വാർണർ സൂചിപ്പിച്ചിരുന്നു. അടുത്ത വർഷത്തെ ചാമ്പ്യൻസ് ട്രോഫിയിലേക് ടീമിന്റെ വാതിൽ അദ്ദേഹത്തിനായി തുറന്നിട്ടിരുന്നുവെങ്കിലും, തിരിച്ചുവരവിനുള്ള സാധ്യത വിരളമാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

അപ്രതീക്ഷിതമായ അവസാന മത്സരം

ഇന്ത്യക്കെതിരായ അദ്ദേഹത്തിന്റെ അവസാന അന്താരാഷ്ട്ര മത്സരം ഒരു വിടവാങ്ങലിന്റെ ഗാംഭീര്യം ഇല്ലാതെയാണ് അവസാനിച്ചത്. വാർണർ ആറ് റൺസ് മാത്രം നേടി പുറത്തായി. അത് ഓസ്‌ട്രേലിയൻ ജേഴ്‌സിയിലെ താരത്തിന്റെ അവസാന പ്രകടനമാകുമെന്ന് ആരും ഓർത്തില്ല.

ടീം അംഗങ്ങൾ സ്ഥിതീകരിക്കുന്നു

മത്സരശേഷം സംസാരിച്ച ജോഷ് ഹേസൽവുഡ്, വാർണർക്ക് വേണ്ടിയുള്ള ആദരവ് ബംഗ്ലാദേശ് മത്സരത്തിന്റെ ഫലത്തെ ആശ്രയിച്ചിരിക്കുമെന്ന് പറഞ്ഞിരുന്നു. എല്ലാ ഫോർമാറ്റുകളിലുമുള്ള വാർണറുടെ അവിശ്വസനീയമായ കരിയറിനെ അദ്ദേഹം പുകഴ്ത്തുകയും ചെയ്തു.

ഗംഭീരമായ അന്താരാഷ്ട്ര കരിയറിൽ വാർണർ, ഏകദിന ലോകകപ്പിന് പുറമെ, 2021-ൽ ടി20 ലോകകപ്പും കഴിഞ്ഞ വർഷം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പും നേടിയിട്ടുണ്ട്. 37 കാരനായ വാർണർ അന്താരാഷ്ട്ര ക്രിക്കറ്റിൽ 19000 റൺസോളം നേടിയിട്ടുണ്ട്, അതിൽ 49 സെഞ്ച്വറികളും ഉൾപ്പെടുന്നു.