സഞ്ജു വീണ്ടും ഇറങ്ങുന്നു, ചിലത് തെളിയ്ക്കാന്‍ രണ്ടും കല്‍പിച്ച്

ഇംഗ്ലണ്ടുമായുള്ള ടി20 പരമ്പരയ്ക്ക് മുന്നോടിയായിട്ടുളള രണ്ടാം സന്നാഹ മത്സരത്തില്‍ ടീം ഇന്ത്യ ഇന്നിറങ്ങുന്നു. നോര്‍ത്താംപ്റ്റണ്‍ഷെയറാണ് ഇന്ത്യന്‍ ടീമിന്റെ എതിരാളി. ഇന്ത്യന്‍ സമയം രാത്രി ഏഴു മണിക്കാണ് കളി തുടങ്ങുന്നത്. ടോസ് വൈകീട്ട് 6.30നും നടക്കും.

മലയാളി താരം സഞ്ജു സാംസണിന് ഏറെ നിര്‍ണ്ണായകമാണ് ഈ മത്സരം. ഈ മത്സരത്തില്‍ തിളങ്ങാനായാല്‍ ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20യ്ക്കുളള പ്ലെയിംഗ് ഇലവനില്‍ സഞ്ജുവിന് ഇടം പിടിയ്ക്കാം.

വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തികാണ് മല്‍സരത്തില്‍ ഇന്ത്യയെ നയിക്കുന്നത്. വെള്ളിയാഴ്ച രാത്രി ഡെര്‍ബിഷെയറുമയുള്ള കളിയിലും ഡിക്കെയ്ക്കു കീഴിലാണ് ഇന്ത്യ ഇറങ്ങിയത്. ഈ മല്‍സരത്തില്‍ ഇന്ത്യ ഏഴു വിക്കറ്റിനു ജയിക്കുകയും ചെയ്തു.

ഡെര്‍ബിഷെയറുമായുള്ള കഴിഞ്ഞ മല്‍സരത്തില്‍ ഓപ്പണറായി ഇറങ്ങിയ സഞ്ജു സാംസണ്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയികുന്നു. ഇന്ത്യ 151 റണ്‍സ് ചേസ് ചെയ്തു ജയിച്ച കളിയില്‍ ടീമിനായി കൂടുതല്‍ റണ്‍സെടുത്ത രണ്ടാമത്തൈ താരം അദ്ദേഹമായിരുന്നു. 30 ബോളില്‍ നാലു ബൗണ്ടറികളും ഒരു സിക്സറുമടക്കം 38 റണ്‍സ് സഞ്ജു അടിച്ചെടുത്തിരുന്നു.

അതിനു മുമ്പ് അയര്‍ലാന്‍ഡിനെതിരായ രണ്ടാം ടി20യില്‍ അദ്ദേഹം പ്ലെയിങ് ഇലവനിലുണ്ടായിരുന്നു. ഇഷാന്‍ കിഷനോടൊപ്പം ഓപ്പണണറായി ഇറങ്ങിയ സഞ്ജു 77 റണ്‍സോടെ കസറുകയും ചെയ്തു. താരത്തിന്റെ കന്നി അന്താരാഷ്ട്ര ഫിഫ്റ്റി കൂടിയായിരുന്നു ഈ മല്‍സരത്തിലേത്.

ഇംഗ്ലണ്ടിനെതിരായ ടി20, ഏകദിന പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ വ്യാഴാഴ്ച പ്രഖ്യാപിച്ചിരുന്നു. ഈ മാസം ഏഴിനു നടക്കുന്ന ആദ്യ ടി20ക്കും ശേഷിച്ച രണ്ടു ടി20കള്‍ക്കും വ്യത്യസ്ത ടീമുകളെയായിരുന്നു ബിസിസിഐ പ്രഖ്യാപിച്ചത്. ആദ്യത്തെ മല്‍സരത്തില്‍ മാത്രമേ സഞ്ജുവിനു ടീമിലിടം ലഭിച്ചുള്ളൂ. അടുത്ത രണ്ടു മല്‍സരങ്ങളില്‍ അദ്ദേഹം തഴയപ്പെടുകയും ചെയ്തു. ഇതിനെതിരേ വലിയ വിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയകളില്‍ ഉയര്‍ന്നത്.

You Might Also Like