വീണ്ടും ഞെട്ടിക്കുന്ന അട്ടിമറി, ലങ്കയെ തോല്‍പിച്ച് നെതര്‍ലന്‍ഡ്

Image 3
CricketCricket NewsFeatured

ടി20 ലോകകപ്പിന് തൊട്ടുമുമ്പ് സന്നാഹ മത്സരത്തില്‍ ശ്രീലങ്കക്ക് നാണംകെട്ട തോല്‍വി. ക്രിക്കറ്റിലെ കുഞ്ഞന്മാരായ നെതര്‍ലന്‍ഡ്‌സാണ് ശ്രീലങ്കയെ അട്ടിമറിച്ചത്. 20 റണ്‍സിന്റെ തകര്‍പ്പന്‍ ജയമാണ് നെതര്‍ലന്‍ഡ് സ്വന്തമാക്കിയത്. ഫ്‌ലോറിയഡിലെ ലൗഡര്‍ഹില്‍സില്‍ നടന്ന പോരാട്ടത്തില്‍ ആദ്യം ബാറ്റ് ചെയ്ത നെതര്‍ലന്‍ഡ്‌സ് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സെടുത്തപ്പോള്‍ മറുപടി ബാറ്റിംഗില്‍ ശ്രീലങ്ക 18.5 ഓവറില്‍ 161 റണ്‍സിന് പുറത്തായി.

നെതര്‍ലന്‍ഡ്‌സിനായി ലെവിറ്റും മാക്‌സ് ഒഡോഡും ചേര്‍ന്ന് തകര്‍പ്പന്‍ തുടക്കം നല്‍കി. 17 റണ്‍സെടുത്ത ഒഡോഡ് മടങ്ങിയെങ്കിലും 28 പന്തില്‍ 55 റണ്‍സെടുത്ത് റിട്ടയേര്‍ഡ് ഹര്‍ട്ടായ ലെവിറ്റ് 12 പന്തില്‍ 27 റണ്‍സെടുത്ത സ്‌കോട് എഡ്വേര്‍ഡ്‌സും 27 റണ്‍സടിച്ച തേജാ നിദാമനുരുവും ചേര്‍ന്ന് നെതര്‍ലന്‍ഡ്‌സിനെ 181 റണ്‍സിലെത്തിച്ചു. ശ്രീലങ്കക്കായി ദില്‍ഷന്‍ മധുശങ്ക 39 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു.

മറുപടി ബാറ്റിംഗില്‍ തുടക്കത്തിലെ വിക്കറ്റുകള്‍ വീണത് ശ്രീലങ്കയ്ക്ക് തിരിച്ചടിയായി. ഒരു ഘട്ടത്തില്‍ നാലിന് 30 എന്ന നിലയിലേക്ക് അവര്‍ വീണു. പിന്നീട് ലങ്കക്കായി ധനഞ്ജയ ഡിസില്‍വയും(31), ദാസുന്‍ ഷനകയും(35) അവസാന ഓവറുകള്‍ ക്യാപ്റ്റന്‍ വാനിന്ദു ഹസരങ്കയും(15 പന്തില്‍ 43) പൊരുതിയെങ്കിലും ജയം എത്തിപ്പിടിക്കാനായില്ല. തുടര്‍ച്ചയായി അഞ്ച് സിക്‌സുകള്‍ പറത്തിയാണ് ഹസരങ്ക 15 പന്തില്‍ 43 റണ്‍സെടുത്തത്.

20 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്ത ഓഫ് സ്പിന്നര്‍ ആര്യന്‍ ദത്തും 13 റണ്‍സിന് രണ്ട് വിക്കറ്റെടുത്ത കെയ്ല്‍ ക്ലൈനും ചേര്‍ന്നാണ് ലങ്കയെ എറിഞ്ഞിട്ടത്.

ലോകകപ്പില്‍ ജൂണ്‍ നാലിന് നേപ്പാളുമായാണ് നെതര്‍ലന്‍ഡ്‌സിന്റെ ആദ്യ മത്സരം. വ്യാഴാഴ്ച കാനഡയുമായി നെതര്‍ലന്‍ഡ്‌സിന് ഒരു സന്നാഹ മത്സരം കൂടിയുണ്ട്.