ഐഎസ്എല്ലിനെ ത്രസിപ്പിച്ച സ്വര്‍ണ്ണകണ്ണുള്ള രാജകുമാരന്‍ ഇപ്പോള്‍ എവിടെയാണ്?

Image 3
Uncategorized

ഐഎസ്എല്ലിന്റെ മൂന്നാം സീസണില്‍ ഉറുഗ്വേ ഇതിഹാസം ഡീഗോ ഫോര്‍ലാന്‍ ഐഎസ്എല്‍ കളിക്കാന്‍ ഇന്ത്യിയിലെത്തിയതായിരുന്നു ഏറ്റവും വലിയ വിശേഷം. മുംബൈ സിറ്റിയാണ് ഫോര്‍ലാനെ ഇന്ത്യയിലേക്ക് റാഞ്ചിയത്. കരിയറിന്റെ അവസാന ഘട്ടത്തിലായിരുന്നു ഫോര്‍ലാന്‍ ഇന്ത്യയിലെത്തിയത്.

ഉറുഗ്വേയ്ക്കായി ലോകകപ്പിനടക്കം ഐതിഹാസിക പ്രകടനം കാഴ്ച്ചവെച്ച എക്കാലത്തേയും മികച്ച കളിക്കാരില്‍ ഒരാളായ ഫോര്‍ലാന്റെ വരവ് ഐഎസ്എല്ലില്‍ ചലനങ്ങള്‍ സൃഷ്ടിച്ചു. മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, വില്ലാരിയല്‍, അത്‌ലെറ്റിക്കോ മാഡ്രിഡ്, ഇന്റര്‍ മിലാന്‍ തുടങ്ങിയ ക്ലബുകളില്‍ പന്തുതട്ടിയ ശേഷമാണ് ഫോര്‍ലാന്‍ ഇന്ത്യയിലേക്ക് വിമാനം കയറിയത്.

11 മത്സരങ്ങളാണ് മുംബൈയ്ക്കായി ഫോര്‍ലാന്‍ കളിച്ചത്. അഞ്ച് ഗോളും മൂന്ന് അസിറ്റും നേടി ഫോര്‍ലാന്‍ പ്രതിഭയുടെ മിന്നലാട്ടം ഇന്ത്യയിലും പ്രദര്‍ശിപ്പിച്ചു. ഐഎസ്എല്‍ അവസാനിച്ച ശേഷം ഹോങ്കോങ്ങിലെ കിച്ചെ യുണൈറ്റഡില്‍ ചേര്‍ന്നു. അതായിരുന്നു ഫോര്‍ലാന്റെ ഫുട്‌ബോള്‍ താരമെന്ന നിലയിലെ അവസാന പ്രെഫഷണല്‍ ക്ലബ്. എട്ട് മത്സരങ്ങള്‍ ഹോങ്കോഗില്‍ പന്ത് തട്ടിയ ഫോര്‍ലാന്‍ അഞ്ച് ഗോളും നേടിയിരുന്നു. ഇതോടെ പ്രെഫഷണല്‍ ഫുട്‌ബോളില്‍ 522 മത്സരവും 222 ഗോളും താരം സ്വന്തം പേരിലാക്കി.

പിന്നീട് പ്രെഫഷണല്‍ ഫുട്‌ബോളില്‍ നിന്ന് വിരമിച്ച താരം ഉറുഗ്വേ പ്രൈമറ ഡിവിഷനില്‍ കളിക്കുന്ന തന്റെ മുന്‍ ക്ലബ്ബുകളിലൊന്നായ പെനറോളിന്റെ മാനേജരാണ്. കഴിഞ്ഞ വര്‍ഷം അവസാനമാണ് ഫോര്‍ലാന്‍ പരിശീലകനെ റോള്‍ സ്വീകരിച്ച് പുതിയ വേശത്തിലെത്തിയത്.