ഇന്ത്യന്‍ ക്രിക്കറ്റില്‍ പത്താന്‍ ബ്രദേഴ്‌സിന് പിന്‍ഗാമി, ഷമി ബ്രദേഴ്‌സ് ചരിത്രമെഴുതുമോ

ന്യൂഡല്‍ഹി: വിജയ് ഹസാരെ ട്രോഫിയില്‍ അരങ്ങേറ്റം കുറിച്ച് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയുടെ സഹോദരന്‍. ബംഗാളിന് വേണ്ടിയാണ് ഷമിയുടെ സഹോദരന്‍ മുഹമ്മദ് കൈഫ് അരങ്ങേറ്റം കുറിച്ചത്. ജമ്മു കശ്മീരിന് എതിരായിരുന്നു മുഹമ്മദ് കൈഫിന്റെ മത്സരം.

സഹോദരന് ആശംസയുമായി മുഹമ്മദ് ഷമി ട്വിറ്ററിലെത്തി. ഈ നിമിഷത്തിന് വേണ്ടിയാണ് ഞങ്ങളെല്ലാവരും കാത്തിരുന്നത് എന്നാണ് ഷമി പറയുന്നത്. നിന്റെ സ്വപ്നത്തോടെ ഒരു ചുവടുകൂടി അടുത്ത് കഴിഞ്ഞെന്നും ഷമി പറയുന്നു.

ബംഗാളിന്റെ ഓള്‍റൗണ്ടറാണ് മുഹമ്മദ് കൈഫ്. കശ്മീരിന് എതിരെ അരങ്ങേറ്റത്തില്‍ കൈഫിന് ബാറ്റിങ്ങിന് ഇറങ്ങേണ്ടി വന്നില്ല. 4 വിക്കറ്റ് നഷ്ടത്തില്‍ 368 റണ്‍സിലേക്കാണ് ബംഗാള്‍ എത്തിയത്. എന്നാല്‍ ബൗളിങ്ങില്‍ വേണ്ട മികവ് കാണിക്കാന്‍ അരങ്ങേറ്റ മത്സരത്തില്‍ ഷമിയുടെ അനിയന് കഴിഞ്ഞില്ല.

അതെസമയം ബാറ്റിങ്ങിലും മോശമല്ല. നിലവില്‍ ബംഗാളിലെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരിലൊരാളാണ് ഇരുപത്തിനാലുകാരനായ കൈഫ്. കഴിഞ്ഞ സീസണില്‍ ബംഗാള്‍ അണ്ടര്‍ 23 ടീമിനായി കളിച്ചിരുന്നു. ഉത്തര്‍പ്രദേശിലാണു ജനിച്ചതെങ്കിലും ഷമി ബംഗാളിനായാണു കളിച്ചിരുന്നത്. കൈഫും അതേ പാതയിലാണ്.

ഉത്തര്‍പ്രദേശ് ടീമിലേക്കുള്ള ട്രയല്‍സില്‍ തഴയപ്പെട്ടപ്പോഴാണു പരിശീലകന്റെ നിര്‍ദേശപ്രകാരം ഷമി ബംഗാളിലേക്കു മാറിയത്. പിന്നീടു കൊല്‍ക്കത്തയിലെ വിവിധ ക്ലബ്ബുകളിലൂടെ കളിച്ചാണ് ഇന്ത്യന്‍ ടീമിലേക്കുവരെ എത്തിയത്.

വിജയ് ഹസാരെ ട്രോഫിയില്‍ തമിഴ്നാട്, ജാര്‍ഖണ്ഡ്, ഒഡീഷ, അസം, ഹൈദരാബാദ് ടീമുകള്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പ് ബിയിലാണു ബംഗാള്‍.

You Might Also Like