ചങ്കിടിച്ച് നിസഹായരായി ഇന്ത്യ, ഓപ്പണറായി അവന്‍ ഇറങ്ങട്ടേയെന്ന് ലക്ഷ്മണ്‍, ചര്‍ച്ചകള്‍ക്ക് ചൂടുപിടിയ്ക്കുന്നു

ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് പരമ്പര ആരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ ഇന്ത്യന്‍ ക്യാമ്പിനെ മൊത്തം പിടിച്ചുകുലുക്കിയിരിക്കുകയാണ് ഓപ്പണര്‍ മായങ്ക് അഗര്‍വാളിന്റെ പരിക്ക്. പരിശീലനത്തിനിടെ ഇന്ത്യയുടെ പേസര്‍ മുഹമ്മദ് സിറാജിന്റെ ബൗണ്‍സര്‍ തലയില്‍ കൊണ്ടാണ് മായങ്ക് അഗര്‍വാളിന് പരിക്കേറ്റത്.

ഇതോടെ ഓപ്പണിംഗ് സ്ഥാനത്തേയ്ക്ക് പകരക്കാരനാരെന്ന ചൂടന്‍ ചര്‍ച്ചയാണ് നടക്കുന്നത്. മായങ്കിന് പരിക്കേറ്റ സാഹചര്യത്തില്‍ ഇന്ത്യന്‍ ടീമില്‍ ഓപ്പണറായി താന്‍ മനസില്‍ കാണുന്ന താരത്തെ വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം വിവിഎസ് ലക്ഷ്മണ്‍. ഇന്ത്യയ്ക്കായി ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യേണ്ട താരം കെഎല്‍ രാഹുലാണെന്നാണ് ലക്ഷ്മണ്‍ അഭിപ്രായപ്പെടുന്നത്.

നിലവില്‍ ഇന്ത്യ രാഹുലിനെ പരിഗണിക്കുന്നത് മധ്യനിര ബാറ്റ്സ്മാനായാണ്. എന്നാല്‍ ഓപ്പണിംഗില്‍ രാഹുലിനേക്കാള്‍ മികച്ചൊരു ഓപ്ഷന്‍ ഇന്ത്യയ്ക്കില്ലെന്നാണ് ലക്ഷ്മണ്‍ പറയുന്നത്.

”കെഎല്‍ രാഹുല്‍ ഓപ്പണ്‍ ചെയ്യണം. കാരണം അയാളൊരു ക്ലാസ് ബാറ്റ്സ്മാനാണ്. ഓവര്‍സീസ് പരമ്പരയില്‍ സെഞ്ചുറി നേടി അയാളത് തെളിയിച്ചതാണ്. ഇന്ത്യന്‍ ടീമില്‍ അയാളേക്കാള്‍ മികച്ചൊരു ഓപ്ഷനില്ല. രോഹിത് ശര്‍മ്മയ്ക്കൊപ്പം രാഹുലിനെ ഓപ്പണ്‍ ചെയ്യാന്‍ വിടണമെന്നാണ് എന്റെ അഭിപ്രായം” എന്നാണ് ലക്ഷ്മണ്‍ പറയുന്നത്.

പരിശീലന മത്സരത്തില്‍ രണ്ട് ഇന്നിംഗ്സിലും അവന്‍ മധ്യനിരയില്‍ കളിച്ചത് എനിക്ക് അല്‍പ്പം ഞെട്ടലുണ്ടാക്കുന്നതായിരുന്നു. അതിനര്‍ത്ഥം ടീം മാനേജുമെന്റിനും സെലക്ടര്‍മാര്‍ക്കും അവന്‍ മധ്യനിരയില്‍ കളിക്കണമെന്നാണോ ആഗ്രഹം? അതെനിക്കറിയില്ലെന്നും ലക്ഷ്മണ്‍ പറഞ്ഞു. ലങ്കന്‍ പര്യടനത്തിന് പിന്നാലെ പൃഥ്വി ഷായേയും സൂര്യകുമാര്‍ യാദവിനേയും ഇംഗ്ലണ്ടിലേക്ക് വിളിക്കാനുള്ള തീരുമാനത്തെ ലക്ഷ്മണ്‍ പിന്തുണയ്ക്കുകയും ചെയ്തു.

You Might Also Like