രോഹിത്തിനെ ക്യാപ്റ്റനാക്കേണ്ട, കോഹ്ലി തന്നെ മൂന്ന് ഫോര്‍മാറ്റിലും നയിക്കട്ടെ, ഇന്ത്യന്‍ താരം പറയുന്നു

Image 3
CricketTeam India

സ്പ്ലിറ്റ് ക്യാപ്റ്റന്‍സി സംവിധാനം ഇന്ത്യക്ക് യോജിക്കില്ലെന്ന് അഭിപ്രായപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം വിവിഎസ് ലക്ഷ്മണ്‍. മൂന്ന് ഫോര്‍മാറ്റിലും വിരാട് കോഹ്ലി തന്നെ നായകനായി തുടരുന്നതാണ് നല്ലതെന്നും ലക്ഷ്മണ്‍ തുറന്ന് പറയുന്നു.

‘ക്യാപ്റ്റന്‍സി ഒരു ഭാരമായി തോന്നാത്തിടത്തോളം അത് അവന്റെ ബാറ്റിങ്ങിനെ ബാധിക്കാതെ ആസ്വദിക്കാന്‍ കഴിയുന്നിടത്തോളം മുന്നോട്ട് പോകണമെന്നാണ് എനിക്ക് തോന്നുന്നത്. വിരാട് അങ്ങനെയാണ്. മൂന്ന് ഫോര്‍മാറ്റിലും ഏറ്റവും സജീവമായ താരമായതിനാലാണ് മൂന്ന് ഫോര്‍മാറ്റിലും അവന്‍ തന്നെ ക്യാപ്റ്റനായിരിക്കുന്നത്. ഇംഗ്ലണ്ടില്‍ സ്പ്ലിറ്റ് ക്യാപ്റ്റന്‍സി സാധ്യമാണ്. കാരണം ജോ റൂട്ട് പരിമിത ഓവറിലെ സ്ഥിര സാന്നിധ്യമല്ല,ഓയിന്‍ മോര്‍ഗന്‍ ടെസ്റ്റിലും കളിക്കുന്നില്ല. മൂന്ന് ഫോര്‍മാറ്റിലും കളിക്കുന്ന ഏറ്റവും മികച്ച താരമാണ് ക്യാപ്റ്റനെങ്കില്‍ അവന്‍ തന്നെ മൂന്ന് ഫോര്‍മാറ്റിലും ക്യാപ്റ്റനാവണം’-ലക്ഷ്മണ്‍ പറഞ്ഞു.

നേരത്തെ രോഹിത്ത് ശര്‍മ്മയെ ഇന്ത്യയുടെ ടി20 നായകനാക്കണമെന്ന് നിരവധി പേര്‍ ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിലെ അഞ്ച് തവണ ചാമ്പ്യന്മാരാക്കാന്‍ രോഹിതിന് സാധിച്ചപ്പോള്‍ ആര്‍സിബിക്ക് ഒരു കിരീടം പോലും നേടിക്കൊടുക്കാന്‍ കോഹ്ലിയ്ക്ക് കഴിയാത്തത് ചൂണ്ടിക്കാട്ടിയാണ് സ്പ്ലിറ്റ് ക്യാപ്റ്റന്‍സിയ്ക്കായി മുറവിളി ഉയര്‍ന്നത്.

അവസാനം കളിച്ച 10 ടി20കളില്‍ 8 മത്സരത്തിലും ഇന്ത്യയെ വിജയിപ്പിക്കാന്‍ കോഹ്ലിക്ക് സാധിച്ചിട്ടുണ്ട്. എന്നാല്‍ ഐപിഎല്ലില്‍ കിരീടമില്ലാത്തതിന്റെ പേരിലാണ് കൂടുതല്‍ വിമര്‍ശനം കോഹ്ലിക്കെതിരേ ഉയരുന്നത്.

മോശം ഫോമിലായിരുന്ന കോലി ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20യിലൂടെ ഫോമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. പുറത്താവാതെ 73 റണ്‍സുമായി ടീമിനെ വിജയത്തിലേക്ക് എത്തിച്ചത് കോഹ്ലിയായിരുന്നു. അന്താരാഷ്ട്ര ടി20യില്‍ 3000 റണ്‍സും കോലി പൂര്‍ത്തിയാക്കി.